മുംബൈ
കഴിഞ്ഞ പത്ത് വർഷത്തിനിടെ അന്താരാഷ്ട്ര തലത്തിൽ സുപ്രീംകോടതിയുടെ വിശ്വാസ്യതയിൽ ക്രമാനുഗതമായ ഇടിവുണ്ടായതായി പഠന റിപ്പോർട്ട്. ഇന്ത്യൻ വിധിന്യായങ്ങൾ വിദേശ കോടതികൾ ഉദ്ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ പുതിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 43 രാജ്യങ്ങളിലെ വിധിന്യായങ്ങൾ സംബന്ധിച്ചും ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിന്യായങ്ങൾ മറ്റ് വിദേശ കോടതികൾ ഉദ്ധരിക്കുന്നത് സംബന്ധിച്ചും അഭിഭാഷകയും സ്വതന്ത്ര നിയമ ഗവേഷകയുമായ മിതാലി ഗുപ്തയാണ് പഠനം നടത്തിയത്.
2009–2014 വരെയുള്ള രണ്ടാം യുപിഎ സർക്കാരിന്റെ കാലഘട്ടം, 2014 മുതൽ ഇപ്പോൾ വരെയുള്ള എൻഡിഎ ഭരണകാലഘട്ടം എന്നിങ്ങനെ രണ്ടായി തിരിച്ചായിരുന്നു ഗവേഷണം. അതാത് കാലഘട്ടത്തിലെ സർക്കാരുകളുടെ താല്പര്യങ്ങൾ സുപ്രീംകോടതി വിധിന്യായങ്ങളെ സ്വാധീനിക്കുന്ന പ്രവണത ഉണ്ടെന്ന് മിതാലി ഗുപ്ത ചൂണ്ടിക്കാട്ടുന്നു. സാധാരണ ഗതിയിൽ നിയമ സംവിധാനങ്ങൾക്ക് ദേശീയതയുടെ അതിരുകൾക്കപ്പുറത്ത് പ്രസക്തിയുണ്ട്. നിയമവ്യവസ്ഥകളിലെ സമാനത കണക്കിലെടുക്കുമ്പോൾ, കൂടുതലും ദക്ഷിണേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളാണ് ഇന്ത്യൻ വിധിന്യായങ്ങളെ പരാമർശിക്കുന്നത്. കഴിഞ്ഞ ദശകത്തിൽ സുപ്രീം കോടതിയുടെ അന്താരാഷ്ട്ര നിലവാരത്തിനും വിശ്വാസ്യതയ്ക്കും വ്യതിയാനം വന്നിട്ടുണ്ടോയെന്ന് കണ്ടെത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് പഠനം നടത്തിയതെന്നും മിതാലി റിപ്പോർട്ടിൽ പറയുന്നു.
2009 മുതൽ വിവിധ രാജ്യങ്ങളിലെ കോടതികൾ ഇന്ത്യൻ സുപ്രീംകോടതി വിധിന്യായങ്ങൾ 510 തവണ ഉദ്ധരിച്ചു. ഇതിൽ ഭൂരിഭാഗവും 2009ന് മുൻപ് പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങളാണ്. 2009 നും 2020 സെപ്റ്റംബറിനുമിടയിൽ പുറപ്പെടുവിച്ച 128 ഇന്ത്യൻ വിധിന്യായങ്ങളും ഈ കാലയളവിൽ വിദേശ കോടതികൾ പരാമർശിക്കുകയുണ്ടായി. ഇതിൽ 100 വിധിന്യായങ്ങൾ 2009 നും 2014 നും ഇടയിൽ പുറപ്പെടുവിച്ചവയാണ്. 2014 ന് ശേഷം പുറപ്പെടുവിച്ചിട്ടുള്ള 28 വിധിന്യായങ്ങൾ മാത്രമാണ് ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലെ കോടതികൾ ഉദ്ധരിച്ചിട്ടുള്ളതെന്ന് ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പഠനം നടത്തിയ 43 രാജ്യങ്ങളിൽ ബംഗ്ലാദേശാണ് ഇന്ത്യൻ വിധിന്യായങ്ങളെ കൂടുതൽ പരാമർശിച്ചിട്ടുള്ളത്. ഇന്ത്യക്ക് സമാനമായ നിയമവ്യവസ്ഥയുള്ള ബംഗ്ലാദേശിലെ സുപ്രീംകോടതി 2009 മുതൽ 274 തവണ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിന്യായങ്ങൾ ഉദ്ധരിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 157 എണ്ണം ഇന്ത്യൻ കോടതി 2014 ന് മുമ്പ് പ്രസ്താവിച്ചവയും ശേഷിച്ചവ അതിന് ശേഷം പുറപ്പെടുവിച്ചവയുമാണ്. ഇതിൽതന്നെ 57 എണ്ണം 2009–2014 നും ഇടയിലെ യുപിഎ സർക്കാരിന്റെ കാലഘട്ടത്തില് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായങ്ങളും 16 എണ്ണം 2015 ന് ശേഷം പുറപ്പെടുവിച്ചവയുമാണ്. 2015 ന് ശേഷമുള്ള വിധിന്യായങ്ങൾ ഉദ്ധരിക്കുന്നതിൽ ഗണ്യമായ ഇടിവുണ്ടെന്ന് ഗവേഷണറിപ്പോർട്ട് നിരീക്ഷിക്കുന്നു.
പാകിസ്ഥാൻ, മലേഷ്യ, ശ്രീലങ്ക, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിലെ കോടതികളും ഇത്തരത്തിൽ ഇന്ത്യൻ വിധിന്യായങ്ങൾ കേസുകളുടെ വിധി പ്രസ്താവത്തിനിടെ ഉദ്ധരിക്കാറുണ്ടെന്ന് മിതാലി വ്യക്തമാക്കുന്നു. എന്നാൽ നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ സുപ്രീം കോടതിയിലെ വിധിന്യായങ്ങൾ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ അവർ ഇന്ത്യയുടെ വിധിന്യായങ്ങളെ പരാമർശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 43 രാജ്യങ്ങളിലും 2014 ന് ശേഷം ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായങ്ങൾ പ്രസ്താവിക്കുന്നതിൽ വ്യക്തമായ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
English summary: credibility of the Supreme Court is reported to be declining
You may also like this video: