റെജി കുര്യന്‍

ന്യൂഡല്‍ഹി

October 10, 2020, 10:08 pm

വായ്പാ മൊറട്ടോറിയം: കേന്ദ്ര സർക്കാരും ആർബിഐയും; മലക്കം മറിഞ്ഞു

Janayugom Online

വായ്പാ മൊറട്ടോറിയത്തിൽ വാഗ്ദാനങ്ങൾ ലംഘിച്ച് കേന്ദ്ര സർക്കാരും ആർബിഐയും മലക്കം മറിഞ്ഞു. ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. രണ്ട് കോടിക്ക് മുകളിൽ വായ്പ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യം നൽകാൻ കഴിയില്ല. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സർക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. സാമ്പത്തിക നയരൂപീകരണത്തില്‍ കോടതി ഇടപെടരുതെന്ന ആവശ്യവും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ട്. രണ്ടു കോടി രൂപവരെയുള്ള വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സത്യവാങ്മൂലം അപൂര്‍ണ്ണമാണെന്നും വിവിധ മേഖലകള്‍ തിരിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

കോവിഡ് പാക്കേജിന്റെ ഭാഗമായി ഗരീബ് കല്യാൺ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ പ്രകാരം വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി വിവിധ മേഖലകള്‍ തിരിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ല. സര്‍ക്കാരിനു സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വിഷയം ആയതിനാല്‍ എക്‌സ്‌പെന്‍ഡീച്ചര്‍, ഫിനാന്‍സ് കമ്മിറ്റി ഇളവുകള്‍ ആദ്യം വിലയിരുത്തിയ ശേഷം മന്ത്രിസഭായോഗത്തിന്റെ അനുമതിയോടെയേ ഉത്തരവിറക്കാനാകൂ. ബജറ്റിന് പുറത്തുള്ള ചെലവ് ആയതിനാല്‍ പാര്‍ലമെന്റും ഇളവുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണെന്ന കോടതിയുടെ ചോദ്യത്തിനു വിശദീകരണമായാണ് ഇക്കാര്യം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മൊറട്ടോറിയം കാലയളവിലെ രണ്ടുകോടി രൂപ വരെയുള്ള എംഎസ്എംഇ, വ്യക്തിഗത വായ്പകളുടെ പിഴപ്പലിശ സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസുകള്‍ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. കോടതി കേസ് 13ന് വീണ്ടും പരിഗണിക്കും.