ക്രിക്കറ്റ് കളിയുടെ വാശിയും ആവേശവും പഴയ കാലത്ത് കേരളത്തിൽ കാര്യമായി വളർന്നു വന്നിരുന്നില്ല. ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യയിൽ വന്ന് താമസമാക്കിയതിനുശേഷം സായ്പന്മാർ നേരം പോക്കാൻ കളിയെ ആശ്രയിക്കുക പതിവാണ്. തലശേരിയിൽ ക്യാമ്പുചെയ്യുന്ന വെള്ളക്കാർക്ക് ക്രിക്കറ്റ് കളി ഹരമായിരുന്നു. അങ്ങനെയാണ് തലശേരി ക്രിക്കറ്റ് കളി തുടങ്ങിവച്ചത്. പലപ്പോഴും കൂടെ കളിക്കാൻ ആളുകൾ ഇല്ലാതെ വിഷമിച്ചിരുന്ന സായ്പന്മാർ അവിടെയുള്ള കൂലിപ്പണിക്കാരെയാണ് സഹായത്തിന് വിളിക്കുന്നത്. അങ്ങനെയുള്ള ചിലർ ക്രിക്കറ്റ് കളി പഠിച്ചു. രാജ്യത്തെ ആദ്യത്തെ ക്രിക്കറ്റ് കളി നടന്ന സ്ഥലം കേരളത്തിൽ തലശരിയിൽ ആണ്. നൂറ്റാണ്ട് കാലം മുമ്പ് നടന്ന സംഭവങ്ങൾ പിന്നീട് ചരിത്രത്തിന്റെ ഭാഗമായി മാറി. ക്രിക്കറ്റ് ഇന്ത്യയിൽ പിറവികൊണ്ട ഭൂമി തലശേരിയാണ്.
എന്നാൽ കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ തലശേരിയുടെ നിറം മങ്ങിയതാണ്. പഴയചരിത്രം മനസിൽവച്ച് പുതിയകാലത്തെ പ്രത്യേകതകളുമായി ക്രിക്കറ്റ് കളി വളർത്തിയെടുക്കുന്നതിന് നിരന്തരമായ ശ്രമങ്ങൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നതാണ് സത്യം. എന്നാൽ രണ്ടായിരമാണ്ടിൽ തന്നെ ക്രിക്കറ്റ് രംഗത്ത് നമുക്കു ചില നേട്ടങ്ങൾ ഉണ്ടായെന്ന് സമാധാനിക്കാം. ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിന്റെ പ്രാതിനിധ്യമായി ശ്രീശാന്ത് കയറിവന്നു. ഇന്ത്യയുടെ ലോക വിജയത്തിന് കേരളം കൂടി പങ്കാളികളായത് അഭിമാനമായി. പിന്നീട് സഞ്ജു സാംസൺ നമ്മുടെ പ്രതീക്ഷയുടെ ചിറകായി മാറി. ഇത്രയും ചരിത്ര പശ്ചാത്തലമുള്ള കേരളത്തിൽ കളിക്കാരുടെ നിര കാര്യമായി വർധിക്കുന്നില്ല എന്നത് സത്യമാണ്. ഇപ്പോൾ ഇത്രയും സൂചിപ്പിച്ചത് പുതിയ ചില നേട്ടങ്ങൾ ചർച്ചചെയ്യുന്നതിന് വേണ്ടിയാണ്.
ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാനപ്പെട്ട ആഭ്യന്തര മത്സരമാണ് രഞ്ജിട്രോഫി. ഇതുവരെയായി നമുക്ക് ട്രോഫിയുടെ അടുത്തെത്താൻ കഴിഞ്ഞത് ഒരുതവണ മാത്രമാണ്. അന്നാണ് നമ്മുടെ സെമി പ്രവേശം നടന്നത് 2018, 19ലാണ്. അന്ന് കളിനടന്നത് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ്. ക്വാർട്ടറിൽ ഗുജറാത്തിനെ വീഴ്ത്തിയാണ് നമ്മൾ സെമിയിൽ എത്തിയത്. സെമിയിൽ വിദർഭയോട് തോറ്റത് ഇന്നിങ്സിനാണ്. സെമിയിൽ സഞ്ജു സാംസൺ പരിക്ക് കാരണം കളിച്ചില്ല. ഇത്തവണ ശക്തരായ ജമ്മു കശ്മീരിനെ ക്വാർട്ടറിൽ വീഴ്ത്തിയാണ് സെമിയിലെത്തിയത്. വാശിയേറിയ പോരാട്ടത്തിലാണ് അവരെ മറികടന്നത്. ഒരു റണ്ണിനാണ് അവരെ പിന്തള്ളിയത്. ആദ്യ ഇന്നിങ്സിൽ ഒരു റണ്ണിന്റെ ലീഡാണ് കേരളം നേടിയത്. തികച്ചും ആവേശകരമായ പോരാട്ടത്തിൽ രണ്ടാം ഇന്നിങ്സിലും ഒരു റണ്‍ വിജയം ആവർത്തിക്കുകയായിരുന്നു. പെട്ടെന്ന് വിക്കറ്റുകൾ വീണപ്പോഴും മനസ് പതറാതെ വിജയം കൊയ്തെടുത്ത കേരളം കളിക്കളത്തിൽ മായാജാലം തീർക്കുകയായിരുന്നു. സൽമാൻ, അസ്ഹർ കൂട്ടുകെട്ടാണ് സ്വപ്നസമാനമായ വിജയം കൊയ്തെടുത്തത്. എന്നാൽ നിധീഷും ഈ വിജയത്തിന്റെ ശില്പികളിൽ ഉൾപ്പെടുന്നു. സൽമാൻ ഈ മത്സരത്തിൽ അസാധാരണ ഫോമിലായിരുന്നു. ഒരു കണക്കിൽ കേരളത്തിന്റെ സെമി പ്രവേശനത്തിന്റെ ശില്പി സൽമാൻ തന്നെയാണ്.
2015മുതൽ കേരളത്തിനുവേണ്ടി കളിക്കുന്ന മധ്യനിര ബാറ്റര്‍മാര്‍ തലശേരിക്കാരുടെ പഴയ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നു. സെമിയിലേക്ക് വീണ്ടും പടനയിക്കുമ്പോൾ നിലവിലുള്ള ഫോം നിലനിർത്തിയാൽ നമുക്ക് പ്രതീക്ഷ വച്ചു പുലർത്താം. കാരണം, ഇതുവരെ നടന്ന കളികളിൽ നമ്മുടെ സൈന്യം നന്നായി പൊരുതി മുന്നേറി പരിചയസമ്പത്തും തനതുകളിയിലുള്ള സാന്ദർഭിക ഇടപെടലുകളും കളിക്കാർ സ്വയം ആർജിച്ചെടുക്കുന്നതാണ്. മുഹമ്മദ് അസറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, എം ഡി നിതീഷ് എന്നിവർ ടീമിന്റെ ഉൾകരുത്ത് തന്നെയാണ്. പരിചയസമ്പന്നനായ സച്ചിൻ ബേബിയും ക്യാപ്റ്റന്റെ റോൾ ഭംഗിയായി നിർവഹിക്കുന്നു. ഓരോ കളിയിലെയും പിഴവുകളും എതിരാളികളുടെ കളിശൈലിയും പരസ്പരം ചർച്ചചെയ്ത് അടവുകൾ തീർക്കുന്നു. പ്രധാനമായും വേണ്ടത് ആത്മവിശ്വാസമാണ്. ക്വാർട്ടറിൽ രണ്ടാം ഇന്നിങ്സിൽ വിജയിപ്പിച്ചത് ആത്മവിശ്വാസം തന്നെയാണ്. കേരള കോച്ച് ബാലചന്ദ്രൻ പറഞ്ഞത് കന്നിക്കിരീടം അകലെയല്ലെന്നാണ്. തികച്ചും ശരിയായ നിഗമനമാണിത്. കേരള ക്രിക്കറ്റ് വളർച്ചയുടെ വഴിയിലാണ്. അതിൽ കെസിഎ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. പതിവിൽ നിന്നും മാറി ചില പുത്തൻ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അസോസിയേഷൻ നടത്തിയ പരിശ്രമങ്ങളുടെ ഫലം കൂടിയാണിത്.
ആദ്യമായി നടത്തിയ കേരള പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ നിശ്ചലാവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സയായിരുന്നു. ആറുടീമുകൾ തമ്മിൽ നടത്തിയ കടുത്ത പോരാട്ടം ക്രിക്കറ്റ് മത്സരം കാണുവാൻ ജനങ്ങളെ മൈതാനത്തെത്തിച്ചു. ടിവിയിൽ മാത്രം കളികാണുന്ന പൊതു സ്ഥിതിയിൽ നിന്നും മാറി ജനങ്ങൾ ഗ്രൗണ്ടിൽ എത്തിച്ചേരുന്ന സ്ഥിതി തിരുവനന്തപുരത്ത് നേർസാക്ഷ്യമായിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ടീമുകളുടെ പ്രകടനം മികച്ച നിലവാരം പുലർത്തി. ബിസിനസുകാരും, സിനിമാക്കാരും ചേർന്ന ഫ്രാഞ്ചൈസികളാണ് ടീമിനെ സജ്ജമാക്കിയത്. കടുത്ത പോരാട്ടമായിരുന്നു നടന്നത്. മെഗാ ഫിലിം സ്റ്റാർ മോഹൻലാൽ ആയിരുന്നു ബ്രാൻഡ് അംബാസഡർ. തിരുവനന്തപുരം കൊല്ലം, കോഴിക്കോട് ടീമുകൾ മികച്ച നിലവാരം പുലർത്തി. അവിടെ വിവിധ ടീമുകൾക്ക് വേണ്ടി കളിച്ചുതെളിഞ്ഞ കളിക്കാരാണ് രഞ്ജിയിൽ കേരളത്തിന്റെ കരുത്തായത്. സച്ചിൻ ബേബി, ജലജ് സക്സേന, ബേസിൽ തമ്പി, സൽമാൻ നിസാർ, അക്ഷയ്‌ചന്ദ്രൻ,അസറുദ്ദീൻ,രോഹൻ കുന്നുമ്മൽ എന്നിവരെല്ലാം മികച്ച പ്രകടനം സ്വന്തം നാട്ടുകാരുടെ മുൻപിൽ കാഴ്ചവച്ചവരാണ്. അഭ്യന്തര ക്രിക്കറ്റായ കേരള പ്രീമിയർ ലീഗിൽ അസോസിയേഷനുകൾ തയ്യാറാക്കുന്ന നിരന്തര മത്സരങ്ങൾ കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനയായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.