Janayugom Online
cricket-play-in-the-teak-plantation-promoted-by-icc

തേക്ക് മരങ്ങള്‍ക്കിടയില്‍ മഴയത്ത് ഒരു ക്രിക്കറ്റ് മത്സരം, നിലമ്പൂരിലെ പയ്യന്മാരെ വൈറലാക്കി ഐസിസി

Malappuram Bureau

നിലമ്പൂര്‍

Posted on October 15, 2020, 3:30 pm

നിലമ്പൂരിലെ പയ്യന്‍സ് തേക്ക് മരങ്ങള്‍ക്കിടയിലെ മൈതാനാത്ത് മഴയില്‍ കളിച്ച ക്രിക്കറ്റ് മല്‍സരം വൈറലായി. ചിത്രം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ട്വീറ്ററിലും, ഔദ്യോഗിക ഫെയ്‌സ്ബുക്കിലും പങ്കുവച്ചതോടെ പതിനായിരങ്ങളാണ് ഇവ കണ്ടത്. മിനിറ്റുകള്‍ക്കകം ആയിരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കരുളായി ചെറുപുഴ വള്ളിക്കെട്ട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തെ ഗ്രൗണ്ടിലാണ്് മഴയെ വകവെക്കാതെ നനഞ്ഞൊട്ടി കരുളായിയിലെ പയ്യന്‍മാര്‍ ക്രിക്കറ്റ് കളിച്ചത്.  മഴയത്ത് വെള്ളം കെട്ടി നില്‍ക്കുന്ന മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്ന പയ്യന്മാരുടെ ഫോട്ടോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ട്വീറ്റ് ചെയ്തതോടെയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. നനഞ്ഞ പന്തില്‍ പരിശീലനം നടത്തുന്നത് നിങ്ങളെ മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു എന്നായിരുന്നു ഐ.സി.സിയുടെ ട്വീറ്റ്. കരുളായി സ്വദേശി ജസ്റ്റിന്‍ ലൂക്കോസ് ആണ് ക്രിക്കറ്റ് കളിക്കുന്നവരുടെ ചിത്രം പകര്‍ത്തിയത്.