കളി കാര്യമാക്കിയില്ല; ഇംഗ്ലണ്ടിന് അനായാസ ജയത്തിന് അവസരമൊരുക്കി വിന്‍ഡീസ്

Web Desk
Posted on June 14, 2019, 6:46 pm

സതാംപ്ടന്‍: ഇംഗ്ലീഷ് ബൗളറന്മാര്‍ കരുതലോടെ ബോളെറിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയില്‍ തന്നെയായിരുന്നു അവരുടെ തുടക്കം. സ്‌കോര്‍ നാലില്‍ നില്‍ക്കെതന്നെ ലെവിസിനെ വിന്‍ഡീസിന് നഷ്ടമായി. പിന്നെ സ്‌കോര്‍ ഒന്നു കരയറ്റാന്‍ പരിശ്രമിക്കുന്നതിനിടിയില്‍ ഗെയില്‍ പ്ലങ്കിറ്റ് കൂടാരം കയറ്റി. തൊട്ടു പിന്നാലെ ഷായി ഹോപിനെയും ഇംഗ്ലീഷ് ബൗളറന്മാര്‍ കൂടാരം കയറ്റിയപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ്.

എന്നാല്‍ പിന്നാലെയെത്തിയ ഹെറ്റ്‌മെയറും പൂരനും കരുതലോടെ ബാറ്റ് വീശി. സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറി ആ കൂട്ടുകെട്ട് കുതിക്കുമ്പോളായിരുന്നു വില്ലനായി ജോയി റൂട്ടെത്തിയത്. സ്‌കോര്‍ 144 ല്‍ നില്‍ക്കെപന്തെറിഞ്ഞ റൂട്ടിന് തന്നെ ക്യാച്ച് നല്‍കി ഹെട്‌മെയര്‍ മടങ്ങി. അവിടെ നിന്ന് ഒരു 12 റണ്‍ കൂടി ചേര്‍ത്തപ്പോള്‍ ജേസണ്‍ ഹോള്‍ഡറിനെയും റൂട്ട് പുറത്താക്കി. പിന്നെ വിന്‍ഡീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. എന്നാല്‍ ഒരു വശത്ത് പിടിച്ചു നിന്ന പൂരനാണ് സ്‌കോര്‍ ഈ നിലയിലെങ്കിലും എത്തിച്ചത്. 78 പന്തില്‍ 63 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. 202 നില്‍ക്കെ പൂരന്‍ പുറത്തായതോടെ വിന്‍ഡീസിന്റെ പോരാട്ടം കഴിഞ്ഞിരുന്നു. പിന്നീടുള്ള പത്ത് റണ്‍സ് നേടി വിന്‍ഡീസ് സ്‌കോര്‍ 212 എത്തിയതോടെ വിന്‍ഡീസ് ഇന്നിംഗ്‌സ് പൂര്‍ത്തിയായി.

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ്, ആര്‍ച്ചര്‍ എന്നിവര്‍ മൂന്നും ജോയ് റൂട്ട് രണ്ടും ക്രിസ് വോക്‌സ്, പ്ലങ്കെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.