Web Desk

കാസര്‍കോട്‌

June 08, 2021, 10:32 pm

പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി; കെ സുരേന്ദ്രനെതിരായ കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു

Janayugom Online

മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക്‌ പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രനെതിരായ കേസ്‌ കാസര്‍കോട്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു.

കേസ്‌ അന്വേഷിക്കുന്നത്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും. ബദിയടുക്ക പൊലീസ്‌ തിങ്കളാഴ്‌ചയാണ്‌ സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. സുരേന്ദ്രനെതിരെ കേസെടുക്കുന്നതിന് കാസര്‍കോട്‌ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ വി എ അരുണിമ അനുമതി നല്‍കിയതോടെയാണ്‌ ബദിയടുക്ക പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഇന്ത്യന്‍ ശിക്ഷാ നിയമം 171ബി (തെരഞ്ഞെടുപ്പ്‌ അവകാശം തടസപ്പെടുത്താന്‍ കൈക്കൂലി നല്‍കുക), 171 (ഇ) വകുപ്പുകള്‍ പ്രകാരമാണ്‌ തിങ്കളാഴ്‌ച‌ കേസെടുത്തത്‌.

കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേര്‍ക്കാനും കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്താനുമാണ്‌ പൊലീസ്‌ നീക്കം. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍, പട്ടികവിഭാഗ പീഡന വകുപ്പുകളും കേസില്‍ ചുമത്തിയേക്കും. കേസില്‍ സുനില്‍ നായിക്ക്‌ അടക്കമുള്ളവരെയും പ്രതിചേര്‍ത്തേക്കും. തെരഞ്ഞെടുപ്പ്‌ കൈക്കൂലി സംബന്ധിച്ച പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌. സംസ്ഥാന പൊലീസ്‌ മേധാവിയില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട്‌ തേടുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. തെരഞ്ഞെടുപ്പ്‌ കൈക്കൂലി തെളിഞ്ഞാല്‍ ആറുവര്‍ഷം വരെ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനുമാകും.

 

You may also like this video: