Web Desk

കൊച്ചി

April 08, 2021, 12:27 pm

സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ; ഇഡി വ്യാജ തെളിവുണ്ടാക്കി നിരപരാധികളെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍

Janayugom Online

ഇഡിക്കെതിരായ ക്രെെംബ്രാഞ്ച് കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ നല്‍കിയ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ ഉണ്ടെന്ന് ക്രെെംബ്രാഞ്ച് ഹെെക്കോടതിയില്‍. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കും. മൊഴിപ്പകർപ്പ് മുദ്രവച്ച കവറിൽ കോടതിക്ക് നൽകാമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. ഇഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ പേരില്‍ കേസുമായി നിരപരാധികള്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡിയ്ക്ക് അധികാരമില്ലെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. കള്ളപ്പണ ഇടപാട് അന്വേഷണവുമായി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ബന്ധമില്ല. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ചാണ് അന്വേഷണം. ഇഡിക്കെതിരെ ഉയർന്ന ആരോപണം സത്യമാണെങ്കിൽ അത് ഗുരുതരമാണ്. ഒരു അന്വേഷണ ഏജൻസിക്കും വ്യാജ തെളിവ് ഉണ്ടാക്കാൻ അധികാരം ഇല്ലെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്. ഹര്‍ജിയിൽ വിശദീകരണം നൽകാനുണ്ടെന്നും വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റണമെന്നും സംസ്ഥാന സർക്കാർ കോടതിയോട് അഭ്യർത്ഥിച്ചു. തുടർന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇന്നു വരെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിനെ നിർബന്ധിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനെതിരെ ഇഡി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ രണ്ടാമത്തെ കേസ് എടുത്തിരിക്കുന്നത്. സന്ദീപ് നായരെ ജയിലിൽ ചോദ്യം ചെയ്തതിന്റെ മൊഴി വിവരങ്ങൾ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്

Eng­lish sum­ma­ry: crime branch case against ED followup

You may also like this video: