Web Desk

കൊച്ചി

April 08, 2021, 8:16 am

ക്രൈംബ്രാഞ്ച് കേസ് ദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Janayugom Online

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്.

ഹര്‍ജിയിൽ വിശദീകരണം നൽകാനുണ്ടെന്നും വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റണമെന്നും സംസ്ഥാന സർക്കാർ കോടതിയോട് അഭ്യർത്ഥിച്ചു. തുടർന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇന്നു വരെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ ഇത് അംഗീകരിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കോടതി ഇത് രേഖപ്പെടുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ തുടർച്ചയായി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനും കേസ് അട്ടിമറിക്കുന്നതിനുമാണ് ഇത്തരത്തിൽ നീക്കം നടത്തുന്നതെന്നും കേസ് റദ്ദാക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ഇഡി ആവശ്യപ്പെട്ടു.

ഹര്‍ജിയിൽ ഇന്ന് വിശദമായ വാദം നടക്കും. ക്രൈംബ്രാഞ്ച് രണ്ട് കേസാണ് ഇഡിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിനെ നിർബന്ധിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനെതിരെ ഇഡി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ രണ്ടാമത്തെ കേസ് എടുത്തിരിക്കുന്നത്. സന്ദീപ് നായരെ ജയിലിൽ ചോദ്യം ചെയ്തതിന്റെ മൊഴി വിവരങ്ങൾ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: crime branch case against ED followup
You may also like this video: