സംസ്ഥാനത്തെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായ പാതിവില തട്ടിപ്പിന്റെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിട്ടു. എറണാകുളം ക്രൈംബ്രാഞ്ച് എസ്‍പി എം ജെ സോജനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.
എറണാകുളം, ഇടുക്കി ‑11, ആലപ്പുഴ — എട്ട്, കോട്ടയം — മൂന്ന്, കണ്ണൂർ — ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസുകൾ. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രമേണ ക്രൈംബ്രാഞ്ചിന് കൈമാറും.
വിവിധ ജില്ലകളിലെ 81 ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 34 കേസുകളിലായി 37 കോടി രൂപ തട്ടിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്. സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാറും നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അനന്തുകൃഷ്ണനുമാണ് കേസിലെ മുഖ്യ പ്രതികള്‍. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ ചില കേസുകളില്‍ പ്രതിയാണ്.
അതേസമയം, അനന്തുകൃഷ്ണനെ പൊലീസ് കസ്റ്റഡി കാലാവധിക്ക് ശേഷം റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അനന്തുകൃഷ്ണനെ കൊച്ചിയിലും ഇടുക്കിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതിനിടെ കെ എൻ ആനന്ദകുമാർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.