അമിതവേഗതയും ആസൂത്രിതമായിരുന്നോ? അമിത വേഗതയും അര്‍ജ്ജുന്‍റെ നാടുവിടലും ദുരൂഹതയുണര്‍ത്തുന്നതായി ക്രൈംബ്രാഞ്ച്

Web Desk
Posted on June 07, 2019, 2:09 pm

തൃശ്ശൂര്‍: ബാലഭാസ്‌ക്കറിന്റേയും കുഞ്ഞിന്റേയും മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ വാഹനം അമിതവേഗത്തിലായിരുന്നെന്ന് റിപ്പോര്‍ട്ട്. അതിവേഗതയില്‍ സ‍ഞ്ചരിച്ച വാഹനം കേവലം മൂന്നു മണിക്കൂര്‍ കൊണ്ട് തൃശ്ശൂരില്‍ നിന്ന് പള്ളിപ്പുറത്തെത്തി.

ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 2.37 മണിക്കൂര്‍ മാത്രമാണെടുത്തത്. ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലാണ് വിവരങ്ങള്‍ ലഭിച്ചതായും  മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറയില്‍ നിന്നാണ് വാഹനത്തിന്റെ വേഗത കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

അര്‍ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും സൂചനയുണ്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നതോടെ വാഹനം ഓടിച്ചിരുന്ന അര്‍ജ്ജുനനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. അതേസമയം, അര്‍ജ്ജുന്‍ കേരളംവിട്ടു. അസമിലേയ്ക്കാണ് അര്‍ജ്ജുന്‍ പോയത്. അപകടത്തില്‍ കാലിന് പരുക്കേറ്റ് വിശ്രമത്തിലുള്ളയാള്‍ ദൂരയാത്രയ്ക്കു പോയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് അര്‍ജുന്റെ മൊഴിയെടുക്കാനായില്ല. അപകടവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് ഫലത്തിനുശേഷം അര്‍ജ്ജുനെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

സംഭവത്തില്‍ വിവാദത്തിലായ പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലെ ഡോക്ടര്‍ രവീന്ദ്രന്റെ മകന്‍ ജിഷ്ണുവും കേരളം വിട്ടതില്‍ സംശയമുണരുന്നുണ്ട്. ഇയാള്‍ ഹിമാലയം യാത്രയ്ക്ക് പോയെന്നാണ് കുടുബത്തിന്റെ മൊഴി.

സ്വര്‍ണ്ണക്കടത്തു കേസില്‍ ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പി പിടിയിലായതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം സംബന്ധിച്ച അന്വേഷണം വീണ്ടും സജീവമായത്. ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് അച്ഛന്‍ കെസി ഉണ്ണി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

you may like this video