ഹാളിൽ സിസിടിവി, മൊബൈൽ ജാമറുകൾ, പിഎസ്‌സി പരീക്ഷ തട്ടിപ്പ് തടയാന്‍ നിര്‍ദ്ദേശവുമായി ക്രെെംബ്രാഞ്ച്

Web Desk
Posted on November 10, 2019, 12:44 pm

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് തടയാന്‍ ക്രെെംബ്രാഞ്ച് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് ശുപാര്‍ശകള്‍ നല്‍കിയത്. മൊബൈല്‍ ജാമറുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമാക്കാനും ചോദ്യപേപ്പറിന്റെ ഗണം മനസിലാക്കാന്‍ കഴിയാത്തവിധം സീറ്റിംഗ് മാറ്റണമെന്നും ക്രെെംബ്രാഞ്ച് നിര്‍ദ്ദേശിക്കുന്നു. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് യോഗ്യത നിശ്ചയിക്കണം, വാച്ച്‌ ഉള്‍പ്പെടെ പാടില്ല തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പരീക്ഷാ ഹാളില്‍ കടത്താതിരിക്കാന്‍ ശാരീരിക പരിശോധന നടത്തണം.

പരീക്ഷാ ഹാളില്‍ വാച്ച്‌ നിരോധിക്കണം. സമയമറിയന്‍ പരീക്ഷാ ഹാളില്‍ ക്ലോക്കുകള്‍ സ്ഥാപിക്കണം. ആള്‍മാറാട്ടവും കോപ്പിയടിയും തടയാന്‍ സിസിടിവി സ്ഥാപിക്കണം. പരീക്ഷ പേപ്പറുകള്‍ മടക്കി കൊടുക്കുബോള്‍ ഉദ്യോഗസ്ഥര്‍ സിസിടിവി ഹാര്‍ഡ്‌ ഡിസ്ക്കും സീല്‍ ചെയ്ത് മടക്കി നല്‍കണം. പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ നടപടി വേണം. ഉയര്‍ന്ന തസ്തികളില്‍ എഴുത്ത് പരീക്ഷ കൂടി ആവശ്യമാണ്. ആള്‍മാറാട്ടം കയ്യക്ഷരത്തിലൂടെ കണ്ടെത്താന്‍ ഇത് സഹായകരമാകും.

ഓണ്‍ലൈന്‍ പരീക്ഷ നടത്തുമ്പോള്‍ പോര്‍ട്ടബില്‍ വൈ-ഫൈ ആവശ്യമാണ് തുടങ്ങിയവയാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശകള്‍. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മൂന്നുപേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരജ്ഞിത്തും നസീമും പ്രണവും അല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ട്. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.