Web Desk

തൊടുപുഴ

January 18, 2020, 7:04 pm

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം; കേസുകള്‍ വര്‍ധിച്ചതായി കണക്കുകള്‍

Janayugom Online

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചതായി കണക്കുകള്‍. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ 2019ല്‍ രജിസ്റ്റര്‍ ചെയ്യിട്ടുള്ള കേസുകളുടെ എണ്ണം 4560 ആണ്. മുന്‍ വര്‍ഷം ഇത് 4008 ആയിരുന്നു. 2019ല്‍ 20 കുട്ടികളാണ് ക്രൂരമായ അതിക്രമങ്ങള്‍ക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
ബലാത്സംഗ കേസുകളുടെ എണ്ണവും മുന്‍ വര്‍ഷങ്ങളേതിനേക്കാള്‍ കൂടുതലാണ്. 2017ല്‍ 1045 ഉം 2018ല്‍ 1204 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് കഴിഞ്ഞവര്‍ഷം 1313 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 267 തട്ടിക്കൊണ്ടുപോകല്‍ കേസുകളും ഇവയില്‍ ഉള്‍പ്പെടും.

ചൈല്‍ഡ് മാര്യേജ് ആക്ട് അനുസരിച്ച് കഴിഞ്ഞവര്‍ഷം ആറ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2017ലും 2018ലും ഇത്തരത്തില്‍ 15 കേസുകള്‍ വീതം ഉണ്ടായിരുന്നു. സംസ്ഥാന െൈക്ര റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച്, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ 2008ല്‍ ആകെ 549 കേസുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 11 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേസുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചതായിട്ടാണ് വ്യക്തമാക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് കാണിക്കുന്നത്. 2018ല്‍ 13736 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 14293 കേസുകളാണ്. മുന്‍വര്‍ഷത്തേതിനേക്കാള്‍ 500ല്‍പരം കേസുകള്‍ വര്‍ധിച്ചു. ബലാത്സംഗപീഡന കേസുകളും സംസ്ഥാനത്ത് വര്‍ധിച്ചു. ബലാത്സംഗ കേസുകളുടെ എണ്ണം മുന്‍വര്‍ഷം 2015 ആയിരുന്നത് 2019ല്‍ 2076 ആയി. സ്ത്രീകളെ ഉപദ്രവിക്കല്‍, ചാരിത്ര്യം ഹനിക്കല്‍, ശല്യപ്പെടുത്തല്‍ തുടങ്ങിയ പരാതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 4579 ആണ്. തട്ടിക്കൊണ്ടുപോകല്‍ കേസുകളുടെ എണ്ണം 2018ല്‍ 181 ആയിരുന്നത് 2019ല്‍ 224 ആയി.

പെണ്‍കുട്ടികളെ ശല്യം ചെയ്തതിന്റെ പേരില്‍ എടുത്തത് 431 കേസുകളാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകളും കുട്ടികളും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് മരണപ്പെട്ടത് ആറ് പേരാണ്. ഭര്‍തൃഗൃഹങ്ങളില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനമനുഭവിച്ച സ്ത്രീകളുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും വലിയ രീതിയില്‍ വര്‍ധിച്ചു. 2018ല്‍ 2048 കേസുകളായിരുന്നത് 2019ല്‍ 2991 ആയി ഉയര്‍ന്നു. 800ല്‍പരം കേസുകളാണ് ഇത്തരത്തില്‍ അധികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോട് റൂറല്‍, സിറ്റി പരിധിയില്‍ 460 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മലപ്പുറം ജില്ലയില്‍ 430 ഉം തൃശൂര്‍ സിറ്റി, റൂറല്‍ പരിധിയില്‍ 327 കേസുകളും കൊല്ലത്ത് (സിറ്റി, റൂറല്‍) 295, തിരുവനന്തപുരം (സിറ്റി, റൂറല്‍) 293 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍, എറണാകുളം ജില്ലകളിലും 200ലധികം കേസുകള്‍ എടുത്തിട്ടുണ്ട്.

YOU MAY ALSO LIKE