സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി

Web Desk
Posted on February 01, 2018, 9:58 pm

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സ്വീകരിച്ച ശക്തവും നിഷ്പക്ഷവുമായ നടപടികള്‍ മൂലം എല്ലാത്തരം കുറ്റകൃത്യങ്ങളും ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ക്വട്ടേഷന്‍ സംഘങ്ങളും അക്രമ സംഘങ്ങളെയും നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ ആര് നടത്തിയാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികളാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അടുത്ത് നടന്ന അനുഭവങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്‍ എ നെല്ലിക്കുന്നിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ അവ അന്വേഷിച്ച് കുറ്റവാളികളെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരാനും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ക്രമസമാധാന രംഗം മെച്ചപ്പെട്ട നിലയിലേക്ക് വരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്താകെ 2012ല്‍ 368, 2013 ല്‍ 355, 2014ല്‍ 342, 2015 ല്‍ 317 കൊലപാതക കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ കൊലപാതക കേസുകളുടെ എണ്ണം 302 ആയി കുറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന ഭദ്രതയുടെ പ്രധാന സൂചിക എന്നു പറയുന്നത് കൊലപാതക കേസുകളുടെ ഈ കുറവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2016 ലെ കണക്ക് പ്രകാരം ജാതീയമായ സംഘര്‍ഷങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കാവുന്ന ചെറിയ ചെറിയ സംഭവങ്ങള്‍ പോലും സമയോചിതമായ ഇടപെടല്‍ മൂലം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കാസര്‍ഗോഡ്, ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേവകിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം, ആയംപാറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 60 വയസ്സുള്ള സുബൈദ എന്ന സ്ത്രീയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവം, പുലിയന്നൂരില്‍ റിട്ടയേര്‍ഡ് അധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ സംഭവം എന്നിങ്ങനെയുള്ള മൂന്നു കേസുകളിലും പൊലീസ് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അന്വേഷണം നടത്തി വരികയാണ്. കാസര്‍ഗോഡ് ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്താകെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസര്‍ഗോഡ് ജില്ലയുടെ കാര്യം പരിശോധിച്ചാലും ഇക്കാര്യത്തില്‍ മുന്നോട്ടു പോയിട്ടുണ്ടെന്ന് കാണാം. പലപ്പോഴും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന ജില്ലയില്‍ അത്തരം സ്ഥിതിഗതികളെ കുറച്ചുകൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. 2012 ല്‍ 37, 2013 ല്‍ 53, 2014 ല്‍ 16, 2015 ല്‍ എട്ട്, 2016 ല്‍ ഒന്‍പത്, 2017 ല്‍ ആറ് എന്ന നിലയിലേക്ക് അത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനത്തുടനീളം കൊലപാതകങ്ങളും ഭവനഭേദന ശ്രമങ്ങളും കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളും വര്‍ദ്ധിച്ചുവരുന്നതായുള്ള അവതാരകന്‍റഎ വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന്മേലുള്ള അവതരണാനുമതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.