ക്രിമിനൽ കേസിൽ പ്രതികളായ സ്ഥാനാർഥികൾ കേസുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് രാഷ്ട്രീയ പാർട്ടികളോട് പ്രതികളായ സ്ഥാനാർഥികളുടെ കേസിന്റെ വിശദാംശങ്ങൾ ഒരു പ്രാദേശിക ഭാഷാ പത്രത്തിലും ഒരു ദേശീയ പത്രത്തിലും ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിധി നടപ്പാക്കാത്ത രാഷ്ട്രപാർട്ടികളെ കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രിംകോടതിയെ അറിയിക്കണം. വിവരം നൽകാത്ത പാർട്ടികൾക്കെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലാകണം. അല്ലാതെ വിജയസാധ്യതയുടെ അടിസ്ഥാനത്തിലാവരുത്. വിജയസാധ്യത ഒരിക്കലും നീതികരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം വർധിക്കുകയാണെന്ന് കാട്ടി അഭിഭാഷകനായ അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ അവസാന നാല് പൊതുതെരഞ്ഞെടുപ്പുകളിലും ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ഥാനാർഥികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ.
വിധി വരാത്ത ക്രിമിനൽ കേസുകളിൽ പ്രതികളായവരെ സ്ഥാനാർഥികളാക്കാൻ തീരുമാനിച്ചതിന്റെ കാരണം എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യക്തമാക്കണമെന്നും സുപ്രിംകോടതി അറിയിച്ചു. സ്ഥാനാർഥികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട 2018 സെപ്റ്റംബറിലെ വിധിന്യായത്തിലെ സുപ്രിംകോടതിയുടെ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റവാളികളെ സ്ഥാനാർഥികളാക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ തടയണമെന്ന് സുപ്രിംകോടതി അഭിഭാഷകനും ഹരജിക്കാരനുമായ അശ്വിനി ഉപാധ്യായ ആവശ്യപ്പെട്ടു.
English Summary: Candidates should publish the details of the Criminal Case on the website.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.