Web Desk

ന്യൂഡല്‍ഹി:

October 26, 2020, 9:48 pm

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; 50 ശതമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റങ്ങള്‍

Janayugom Online

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ പകുതിയിലധികം സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ 28 സ്ഥാനാര്‍ത്ഥികളില്‍ 14 (50ശതമാനം) പേര്‍ക്കുമെതിരെ കേസുകള്‍ നിലനില്‍ക്കുമ്പോള്‍ 12 ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് കേസുള്ളത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയിലെ എട്ട് (29 ശതമാനം) പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. 14 സ്ഥാനാര്‍ത്ഥികളുള്ള സമാജ്‌വാദി പാര്‍ട്ടിയില്‍ നാല് പേരും സ്വതന്ത്രരായി മത്സരിക്കുന്ന 178 സ്ഥാനാര്‍ത്ഥികളും തങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നതായി തെര‍ഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.

ഒരാള്‍ക്കെതിരെ കൊലപാതകത്തിനും ഏഴുപേര്‍ക്കെതിരെ കൊലപാതക ശ്രമത്തിനും കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് എഡിആര്‍ പറയുന്നു. 28ല്‍ പത്തെണ്ണം (36 ശതമാനം) റെഡ് അലര്‍ട്ട് നിയോജക മണ്ഡലങ്ങളാണ് (സ്ഥാനാര്‍ത്ഥികളില്‍ മൂന്നോ അതിലധികമോ പേര്‍ ക്രിമിനല്‍ കേസ് നേരിടുന്ന മണ്ഡലങ്ങള്‍). മത്സരരംഗത്തുള്ള 355 സ്ഥാനാര്‍ത്ഥികളില്‍ 63 (18 ശതമാനം) പേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങളുള്ളതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 39 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം വരെ തടവു കിട്ടാവുന്ന ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതായും എഡിആര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ സ്ഥാനാര്‍ത്ഥികളില്‍ 11 ശതമാനം പേർ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നുണ്ട്.

എന്തുകൊണ്ടാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന ഉന്നത കോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ബിജെപിയും കോണ്‍ഗ്രസും പഴയ സമ്പ്രദായം തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മധ്യപ്രദേശ് ഉപതെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ 25 മുതല്‍ 50 ശതമാനം വരെ ക്രിമിനല്‍ കേസ് നേരിടുന്നുവെന്ന് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY: crim­i­nal case against 50% of con­gress candidates

YOU MAY ALSO LIKE THIS VIDEO