എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചാലും അത് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിലവിലുള്ള കേസുകളുടെ മുന്‍ഗണനാ ക്രമം മറികടക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. കേസന്വേഷണത്തിലെ കാലതാമസം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ കോടതി, കോടതികളെപോലെ തന്നെ അന്വേഷണ ഏജന്‍സിയായ സിബിഐയും മനുഷ്യശേഷിയിലും അടിസ്ഥാന സൗകര്യങ്ങളിലും പിന്നിലാണെന്നും ചൂണ്ടിക്കാട്ടി. വിചാരണ കോടതികള്‍ ആയിരം കേസുകള്‍ കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും സി ജെ ചൂണ്ടിക്കാട്ടി.
പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് പരോക്ഷമായി വിമര്‍ശിച്ചു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസുകളില്‍ ചിലതിന്റെ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ദശാബ്ദങ്ങളായി തുടരുകയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇതില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു.
2021 ഓഗസ്റ്റ് ഒമ്പത് വരെയുള്ള കാലപരിധിയില്‍ 51 എം പിമാര്‍ക്കും 71 എംഎല്‍എ‑എംഎല്‍സി കള്‍ക്കുമെതിരെ കള്ളപ്പണ കേസ് നിലനില്‍ക്കുന്നു. എംപിമാര്‍ക്ക് എതിരെയുള്ള 19 കേസുകളിലും എംഎല്‍എമാര്‍ക്ക് എതിരെയുള്ള 24 കേസുകളിലും അനിശ്ചിതമായ കാലതാമസം നേരിടുന്നു.
വിചാരണ കോടതികളിലും പ്രത്യേക, സിബിഐ കോടതികളിലും ഇത്തരത്തിലുള്ള 121 കേസുകള്‍ കെട്ടിക്കിടക്കുന്നു. ഇതില്‍ 58 കേസുകളില്‍ ശിക്ഷ ജീവപര്യന്തം വരെ ലഭിക്കാവുന്നവയാണ്. 45 കേസുകളില്‍ ഇനിയും കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സുര്യകാന്ത് എന്നിവരുള്‍പ്പെട്ട പ്രത്യേക ബഞ്ചാണ് കേസ് പരിഗണിച്ചത്.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.