സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് മറച്ചുവെച്ചു; ഫഡ്നാവിസിന് സമൻസ്

Web Desk
Posted on November 29, 2019, 10:16 am

നാഗ്പൂർ: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസിൽ പ്രതിയായിരുന്നുവെന്ന കാര്യം മറച്ചുവച്ചതിന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമൻസ്. കേസുള്ള കാര്യം മറച്ചുവച്ചതിന് ഫഡ്നാവിസിനെതിരെ ക്രിമിനൽ നടപടിക്ക് അനുമതി തേടി കോടതിയെ സമീപിച്ചത് സതീഷ് ഉകെ എന്ന അഭിഭാഷകനാണ്.

സത്യപ്രതിജ്ഞ ചെയ്യുകയും ഭൂരിപക്ഷം തികയ്ക്കാനാകാതെ 80 മണിക്കൂറിനുള്ളില്‍ രാജിവച്ച് ഒഴിയേണ്ടി വന്നതിന് പിന്നാലെയാണ് ഫഡ്‌നാവിസിന് കുരുക്കായി സമന്‍സ് എത്തിയത്.

കീഴ്ക്കോടതിയും ഹൈക്കോടതിയും സതീഷ് ഉകെയുടെ ഹർജി തള്ളിയെങ്കിലും സുപ്രീംകോടതി മജിസ്ട്രേറ്റ് കോടതിയോട് അപേക്ഷയിൽ തീരുമാനമെടുക്കാൻ നിർദേശിച്ചു. ഇതിനെ തുടർന്നാണ് നവംബർ നാലിന് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയക്കാൻ ഉത്തരവായത്.

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളുടെ പേരിൽ 1996 ലും 98 ലുമാണ് ഫഡ്നാവിസിനെതിരെ കേസെടുത്തത്. എന്നാൽ കുറ്റം ചുമത്തിയില്ല. ഈ കേസുകൾ ഉള്ള കാര്യം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല എന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.