ഒരുവശത്തു കൃഷി ചെയ്തെടുത്ത ഉല്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയാത്ത കർഷകർ .മറുഭാഗത്തു ഉല്പന്നങ്ങൾ എത്താത്തത് മൂലം വിലവർധിപ്പിക്കേണ്ടി വന്ന കച്ചവടക്കാർ കേരളത്തിലും തമിഴ്നാട്ടിലും മാങ്ങയും പൈനാപ്പിളും മുന്തിരിയും തക്കാളിയുമെല്ലാം സമൃദ്ധമായി വിളയുന്ന കാലമാണ്. എന്നാൽ വിളവെടുത്ത ഉൽപ്പന്നങ്ങൾ എങ്ങുമെത്തിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് കർഷകർ. തമിഴ്നാട്, കർണാടക സർക്കാരുകൾ ലോറികൾ അടക്കമുള്ള വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ പച്ചക്കറി വരവ് കുറഞ്ഞു തുടങ്ങി. ഇവിടെനിന്ന് വാഹനങ്ങളിൽ പോയാൽ സംരക്ഷണം നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഡ്രൈവർമാർ തയ്യാറാവുന്നില്ല. ചേർത്തലയടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് നാടൻ പച്ചക്കറികൾ വൈറ്റില അടക്കമുള്ള സ്ഥലങ്ങളിൽ വില്പനയ്ക്കെത്തുന്ന കാലമായിരുന്നു ഇത്.
ഞായറാഴ്ച രാവിലെ സ്കൂട്ടറിൽ കയറ്റി ആയിരത്തിലധികം രൂപയുടെ ചീരയടക്കമുള്ള പച്ചക്കറി വിറ്റതാണ്, ഇപ്പോൾ പാവയ്ക്ക അടക്കം കിടന്നു നശിക്കും. പറിച്ചു വെച്ചാൽ എന്ത് ചെയ്യാനാണെന്ന് കടക്കരപ്പള്ളി സ്വദേശി ഗിരിജ ചോദിക്കുന്നു. പൈനാപ്പിള്‍ കൃഷിക്ക് പേരുകേട്ട വാഴക്കുളത്തെ കര്‍ഷകരും പ്രതിസന്ധിയുടെ നടുവിലാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ കയറ്റി അയക്കാനും സാധിക്കുന്നില്ല. ആഭ്യന്തര വിപണിയിലേക്കുള്ള ചരക്ക് നീക്കവും സ്തംഭിച്ചിരിക്കുന്നു. ആരും പുറത്തിറങ്ങാത്തതിനാല്‍ പൈനാപ്പിള്‍ കേരളത്തില്‍ തന്നെ വിറ്റഴിക്കാന്‍ പോലും പറ്റുന്നില്ല. വാഴക്കുളത്തു നിന്ന് പ്രതിദിനം 1200 ടണ്‍ പൈനാപ്പിളാണ് കയറ്റി അയക്കുന്നത്.
കോടികളുടെ നഷ്ടമാണ് പ്രതിദിനം ഇവിടെ ഉണ്ടാകുന്നത്. സംസ്ഥാനത്തെ വിവിധ പൈനാപ്പിള്‍ തോട്ടങ്ങളില്‍ ഏകദേശം 5000 ടണ്‍ പൈനാപ്പിള്‍ വിളവെടുക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. പൈനാപ്പിള്‍ തോട്ടങ്ങളിലെ ജോലികളും സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൈനാപ്പിള്‍ കയറ്റി മുംബൈ അടക്കമുള്ള സ്ഥലങ്ങളിൽ പോയ ഡ്രൈവർമാർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയതോടെ പ്രശ്നം ഗുരുതരമായി. നാട്ടിൻപുറത്ത് മൂവാണ്ടൻ അടക്കമുള്ള നാടൻ മാങ്ങകൾ നാടും നഗരവും കീഴടക്കുന്ന സമയമാണിത്. മാങ്ങ പറിക്കുന്നതിനുള്ള തൊഴിലാളികൾ ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവർ പലരും നാട്ടിലേയ്ക്ക് മടങ്ങി കഴിഞ്ഞു. സംസ്ഥാനത്തിന്റെ മാങ്ങ കലവറയായ പാലക്കാട്ടെ മുതലമടയിലും സ്ഥിതി വ്യത്യസ്തമല്ല.
മുതലമടയിലെ മാംഗോ നഗരത്തിന് 200 കോടിയിലേറെ നഷ്ടമാണ് കണക്കാക്കുന്നത്. മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ മൂന്നാം വാരം വരെയുള്ള 40 ദിവസങ്ങളിലാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയിലേക്ക് ഇവിടെനിന്ന് മാങ്ങ കയറ്റി അയക്കുന്നത്. പ്രതിദിനം ഉത്തരേന്ത്യന്‍ വിപണികളിലേക്ക് ഇവിടെ നിന്ന് 50 മുതല്‍ 75 വരെ ടണ്‍ മാങ്ങ കയറ്റി അയക്കുമായിരുന്നുവെന്ന് മുതലമടയിലെ തോട്ടം ഉടമ ഇഖ്ബാൽ പറയുന്നു . സംസ്ഥാനത്തു നിന്നുള്ള കാപ്പി, തേയില കയറ്റുമതിയിലും ഇടിവുണ്ടായിട്ടുണ്ട്. ഇറ്റലി, ഇറാന് എന്നീ രാജ്യങ്ങളില്‍ കോവിഡ് വലിയദുരന്തം വിതയ്ക്കുന്നതിനാല് ഈ രാജ്യങ്ങളില്‍ നിന്ന് പുതിയ ഓര്‍ഡറുകളൊന്നും ലഭിക്കുന്നില്ല.
ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍കാപ്പി കയറ്റുമതി ചെയ്യുന്നത് ഇറ്റലിയിലേക്കാണ്. ലഭിച്ച ഓര്‍ഡറുകള്‍ തന്നെ കണ്ടെയ്നര്‍ ലഭിക്കാത്തതിനാല്‍ കയറ്റുമതി ചെയ്യാനും പ്രയാസം നേരിടുന്നുണ്ട്. കൊച്ചി തുറമുഖത്ത് വന്‍തേയില ശേഖരം കയറ്റുമതി ചെയ്യാതെ കെട്ടികിടക്കുകയാണ്. കയറ്റുമതിയിലെ തടസ്സവും വിലയിടിവും കാരണം തോട്ടം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്. അതേസമയം ഈ മേഖലകളിലുള്ള പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയുമാണ്.
English Summary: Crisis in agriculture field
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.