വിദേശ ട്രോളറുകളുടെ കടന്നുവരവ് മത്സ്യ ബന്ധന മേഖല നേരിടുന്നപ്രതിസന്ധി പരിഹരിക്കണം: എഐടിയുസി

Web Desk
Posted on July 12, 2019, 9:05 pm

ആലപ്പുഴ: വിദേശ ട്രോളറുകളുടെ കടന്നുവരവ് മൂലം മത്സ്യ ബന്ധന മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിന് മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) സംസ്ഥാന ക്യാമ്പ് രൂപം നല്‍കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജനറല്‍ സെക്രട്ടറി ടി രഘുവരനും പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ മത്സ്യബന്ധനം നിരോധിക്കുന്ന നാളുകളില്‍ മത്സ്യതൊഴിലാളികള്‍ക്ക് വരുമാനമുറപ്പ് പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മണ്ണെണ്ണ ക്വാട്ടാ വെട്ടികുറച്ചത് മൂലം പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. മലിനീകരണവും കായല്‍ കയ്യേറ്റവും മൂലം ഉള്‍നാടന്‍ മത്സ്യ മേഖലയും തകര്‍ച്ചയിലാണെന്ന് അവര്‍ പറഞ്ഞു.

ജൂലൈ 14, 15 തീയതികളില്‍ നെഹ്രുട്രോഫി പവലിയന്‍ വെച്ച് നടക്കുന്ന ക്യാമ്പ് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരിക്കും. ഡോ. കെ ജി പത്മകുമാര്‍, ഡോ എന്‍ കെ ശശിധരന്‍ പിള്ള, പി പ്രസാദ്, വിജയന്‍ കുനിശ്ശേരി, എന്നിവര്‍ ക്ലാസ്സുകളെടുക്കും. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി രഘുവരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി രാജു, ദേശീയ സെക്രട്ടറി കുമ്പളം രാജപ്പന്‍, ദേശീയ ട്രഷറര്‍ എ കെ ജബ്ബാര്‍, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിമാരായ ആര്‍.പ്രസാദ്,എല്‍സബത്ത് അസീസി, ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഒ കെ മോഹനന്‍, ജനറല്‍ സെക്രട്ടറി വി സി മധു എന്നിവര്‍ സംസാരിക്കും.