കര്‍ണാടകത്തിലെ പ്രതിസന്ധിയും മുന്നണി രാഷ്ട്രീയ പാഠവും

Web Desk
Posted on July 08, 2019, 11:01 pm

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡി(എസ്) മുന്നണി ഭരണത്തെ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധിക്ക് ഒരുപക്ഷെ തല്‍ക്കാലം പരിഹാരമായേക്കാം. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഒഴികെ മുഴുവന്‍ മന്ത്രിസഭാംഗങ്ങളും രാജിവയ്ക്കുകയും കലാപക്കൊടി ഉയര്‍ത്തിയ വിമതരെ മുഴുവന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും വഴി മുന്നണി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ആവുമെന്നാണ് പ്രതീക്ഷ. ബിജെപിയുടെ ‘ഓപ്പറേഷന്‍ ലോട്ടസ്’ പദ്ധതിയെ തല്‍ക്കാലത്തേക്ക് പ്രതിരോധിക്കാന്‍ ആയേക്കുമെങ്കിലും അത് സ്ഥായിയായ പരിഹാരം ആകുന്നില്ല. രാഷ്ട്രീയ ധാര്‍മികതയേയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തി അട്ടിമറികളിലൂടെയും കുതിരക്കച്ചവടങ്ങളിലൂടേയും സംസ്ഥാന ഭരണങ്ങളെ അസ്ഥിരപ്പെടുത്തി അധികാരം പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അത്തരം അട്ടിമറികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം സാക്ഷ്യം വഹിക്കുകയുണ്ടായി. കര്‍ണാടകത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്ന കുതിരക്കച്ചവടം തന്നെയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, അതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കി നല്‍കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രസിനും ജെഡി(എസ്) നും തന്നെയാണ്. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് തികഞ്ഞ രാഷ്ട്ര തന്ത്രജ്ഞതയോടെ കോണ്‍ഗ്രസ്, പ്രത്യേകിച്ചും സോണിയാഗാന്ധി, ഇടപെടുകയുണ്ടായി. എന്നാല്‍ ആ രാഷ്ട്രീയ നീക്കത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്നതിനോ ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനോ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം, പ്രത്യേകിച്ചും അതിന്റെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, തയാറായില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ച മുഖ്യകാരണം. സ്വന്തം അധികാരസ്ഥാനം ഉറപ്പിക്കുന്നതിനും കുടുംബങ്ങള്‍ക്കും അനുചരന്മാര്‍ക്കും അതിന്റെ പങ്ക് വീതം വയ്ക്കുന്നതിലുമായിരുന്നു ജെഡി(എസ്)ന്റെയും വ്യഗ്രത.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കര്‍ണാടകയിലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. 28 ല്‍ 21 സീറ്റുകളിലും മത്സരിച്ച കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ഏഴു സീറ്റുകളില്‍ മത്സരിച്ച ജെഡി(എസ്)ന് ഒരു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളു. കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെ നയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്റെ ആദ്യപരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ വീരപ്പ മൊയ്‌ലി, കെ എച്ച് മുനിയപ്പ തുടങ്ങിയവരെല്ലാം കനത്ത പരാജയത്തെ നേരിട്ടവരാണ്. ജെഡി(എസ്) പക്ഷത്താവട്ടെ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയടക്കം ദയനീയമായി പരാജയമടഞ്ഞു. ബിജെപിയാകട്ടെ ജാതിസമവാക്യങ്ങളെയും തീവ്ര ഹിന്ദുത്വരാഷ്ട്രീയത്തെയും പണക്കൊഴുപ്പിനെയും ഏറ്റവും ഫലപ്രദമായി പ്രയോഗിച്ചാണ് വന്‍വിജയം ഉറപ്പാക്കിയത്. അത് സംസ്ഥാന ഭരണകൂടത്തെ അട്ടിമറിക്കാനുള്ള അവസരമാക്കി മാറ്റാന്‍ അവര്‍ ഒട്ടും അമാന്തിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസും ജെഡി(എസ്)ഉം പരസ്പര വിട്ടുവീഴ്ചയോടെയും വിശ്വാസത്തോടെയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയ പക്വത പ്രകടിപ്പിക്കാന്‍ സന്നദ്ധമായിരുന്നെങ്കില്‍ ഫലം ഇത്രത്തോളം ദയനീയമാകുമായിരുന്നില്ല. കോണ്‍ഗ്രസ്-ജെഡി(എസ്) മുന്നണി രൂപീകരണം കര്‍ണാടകയില്‍ ഒരു രാഷ്ട്രീയ അനിവാര്യതയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടിയ ആ കക്ഷികള്‍ മുന്നണി രൂപീകരണത്തില്‍ അന്തര്‍ലീനമായ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ ഒരിക്കലും സന്നദ്ധമായിരുന്നില്ലെന്ന് തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ഓരോന്നും സാക്ഷ്യപ്പെടുത്തുന്നു. മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനും അതിന്റെ നേതാവ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും എച്ച് ഡി കുമാരസ്വാമിക്കുവേണ്ടി വഴിമാറിക്കൊടുക്കേണ്ടിവന്ന രാഷ്ട്രീയ യാഥാര്‍ഥ്യത്തോട് ഒരിക്കലും പൊരുത്തപ്പെടാനായില്ല. അധികാര രാഷ്ട്രീയത്തിന്റെ അത്തരം കുടിപ്പകകളാണ് ബിജെപി അട്ടിമറി രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായി മാറിയത്.

കോണ്‍ഗ്രസ് അതിന്റെ 134 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കനത്ത വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നത്. ബിജെപി പൂര്‍വാധികം കരുത്തോടെ അധികാരം ഉറപ്പിച്ചത് രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ശക്തമായ വെല്ലുവിളി തന്നെയാണ്. പക്ഷെ ഇപ്പോഴത്തെ പരാജയം മറ്റൊരു പാര്‍ട്ടിയേയും രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും ഇത്രയേറെ പിടിച്ചുലയ്ക്കുകയോ ആഴത്തില്‍ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. മതിയായ ആത്മപരിശോധനയ്ക്കും അവശ്യം ആവശ്യമായ തിരുത്തലുകള്‍ക്കും നേതൃത്വപരമായ പുനഃസംഘടനയ്ക്കും സന്നദ്ധമാകാതെ കോണ്‍ഗ്രസിന് നിലനില്‍ക്കാനാവുമോ എന്നത് സംശയമാണ്. അതുകൊണ്ട് മാത്രം അവസാനിക്കുന്നില്ല. പുനഃസംഘടിതമായ കോണ്‍ഗ്രസിന്, അവര്‍ക്ക് അതിനു കഴിയുമെങ്കില്‍, മുന്നണി രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങള്‍ തിരിച്ചറിയാനും അത് സ്വായത്തമാക്കാനും തയാറാവുന്നില്ലെങ്കില്‍ മുന്നോട്ടുള്ള അതിന്റെ പ്രയാണം ദുഷ്‌കരവും അനിശ്ചിതത്വം നിറഞ്ഞതുമായിരിക്കും. കര്‍ണാടകത്തിലെ പ്രതിസന്ധിക്ക് സ്ഥായിയായ പരിഹാരം ഇന്നത്തെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മുന്നണി രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ തിരിച്ചറിവായിരിക്കും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള വിക്ഷേപണത്തറ.