Friday
19 Jul 2019

കലുഷിതമായി കര്‍ണാടക

By: Web Desk | Wednesday 10 July 2019 11:07 PM IST


മുംബൈ/ബംഗളുരു: കര്‍ണാടക നിയമസഭയില്‍ നിന്ന് രാജിവച്ച് മുംബൈയിലേക്ക് കൊണ്ടുപോയ വിമത എംഎല്‍എമാരെ കാണാന്‍ കോണ്‍ഗ്രസ്, ജനതാദള്‍(സെക്കുലര്‍) നേതാക്കളെ ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍, ജനതാദള്‍ എംഎല്‍എ ശിവലിംഗ ഗൗഡ എന്നിവരെ സംഘര്‍ഷാവസ്ഥയുടെ പേരില്‍ പൊലീസും തടഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ശിവകുമാറിനെ പിന്തിരിപ്പിക്കാന്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടത്തോടെ ഹോട്ടല്‍ പരിസരത്തെത്തി. ഇരുകൂട്ടരും പരിധിവിടുമെന്നായതോടെ ഹോട്ടല്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എംഎല്‍എമാരെ കാണാതെ മടങ്ങില്ലെന്ന് പറഞ്ഞ ഡി കെ ശിവകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് വിട്ടയച്ച ശിവകുമാറും ശിവലിംഗവും ബംഗളുരുവിലേക്ക് രാത്രിതന്നെ തിരിച്ചുപോന്നു.

കഴിഞ്ഞ ദിവസം പിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവച്ച മിലിന്ദ് ദേവ്‌റയ്‌ക്കൊപ്പം ഏഴ് മണിക്കൂറോളം ശിവകുമാറും ശിവലിംഗയും അടക്കമുള്ള നേതാക്കള്‍ ഹോട്ടലിന് പുറത്ത് വിമത എംഎല്‍എമാരെ കാണാനായി കാത്തുനിന്നത്. എന്നാല്‍ ഇവരെ ആരെയും ഹോട്ടലിനകത്തേക്ക് പൊലീസ് കടത്തിവിട്ടില്ല. ഈസമയത്താണ് ശിവകുമാറിനെതിരെ മുദ്രാവാക്യം വിളിച്ച് ബിജെപി അനുയായികള്‍ എത്തിയതും സംഘര്‍ഷത്തിന് തുടക്കമിട്ടതും.

അതിനിടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി രാജി സമര്‍പ്പിച്ചു. എം ബി ടി നാഗരാജ്, ഡോ. കെ സുധാകര്‍ എന്നിവരാണ് ഇന്നലെ രാജി നല്‍കിയത്. സംസ്ഥാനത്തെ മലിനീകരണ ബോര്‍ഡ് അധ്യക്ഷനാണ് രാജിവച്ച കെ സുധാകര്‍. ഇരുവരും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തരുമാണ്. ഇതോടെ രാജിവച്ച ഭരണകക്ഷി എംഎല്‍എമാരുടെ എണ്ണം 16 ആയി. കഴിഞ്ഞ ദിവസം 14 പേരാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഇതില്‍ ഒന്‍പത് പേരുടെ രാജി ചട്ടപ്രകാരമല്ലെന്ന് കാണിച്ച് സ്പീക്കര്‍ രമേശ് കുമാര്‍ തള്ളിയിരുന്നു. ഇവരില്‍ എട്ട് പേര്‍ ഇന്ന് സ്പീഡ് പോസ്റ്റ് വഴി സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചിരിക്കുകയാണ്. മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നവരില്‍ എട്ടുപേരാണ് വീണ്ടും രാജിക്കത്ത് അയച്ചത്.

അതിനിടെ സ്പീക്കര്‍ രമേഷ് കുമാറിനെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രാജി അംഗീകരിക്കാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചാണിത്. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടെന്നാണ് ഇവരുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹര്‍ജി ഇന്ന് പരിഗണിക്കും.

കര്‍ണാടകത്തിലെ പ്രതിസന്ധികള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും പങ്കുണ്ടെന്ന് കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു ആരോപിച്ചു. എംഎല്‍എമാര്‍ക്ക് വിമാനടിക്കറ്റ് ഏര്‍പ്പെടുത്തിയതും ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതുമെല്ലാം ബിജെപിയാണ്. രാജ്യസഭയിലെ ബിജെപി അംഗം രാജീവ് ചന്ദ്രശേഖരന്റെ വിമാനത്തിലാണ് എംഎല്‍എമാരെ കടത്തിയതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയതാണെന്നും അവരെ ഹോട്ടലില്‍ തോക്ക് ചൂണ്ടി നിര്‍ത്തിയിരിക്കുകയാണെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹ്മദും ആരോപിച്ചിരുന്നു. എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകളും ബിജെപിക്കാര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സമീര്‍ പറഞ്ഞിരുന്നു. അതിനിടെയാണ് എംഎല്‍എമാര്‍ വീണ്ടും രാജിക്കത്ത് സ്പീഡ് പോസ്റ്റുവഴി അയച്ചതും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നതും.

YOU MAY LIKE THIS VIDEO

Related News