മഹീന്ദ്രയിലും പ്രതിസന്ധി

Web Desk
Posted on September 01, 2019, 10:48 pm

മുംബൈ: കാര്‍ വിപണിയില്‍ മാരുതി സുസുക്കി കടുത്ത പ്രതിസന്ധി നേരിടുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വില്‍പനയിലും ഇടിവെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തില്‍ മാത്രം വില്‍പനയില്‍ 25 ശതമാനത്തിന്റെ ഇടിവ് ഉണ്ടായെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കമ്പനി 2018 ഓഗസ്റ്റില്‍ വിറ്റ കാറുകളുടെ എണ്ണം 48,324 ആണ്. അതേസമയം ഓഗസ്റ്റില്‍ 36,085 കാറുകള്‍ മാത്രമാണ് വിറ്റുപോയത്. ഓഗസ്റ്റില്‍ കമ്പനിയുടെ കാര്‍ വില്‍പനയിലുണ്ടായ ഇടിവിനെക്കുറിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്ര പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക വിപണിയില്‍ 26 ശതമാനത്തിന്റെ ഇടിവുണ്ടായി. 2018 ഓഗസ്റ്റില്‍ 45,373 കാറുകള്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ കഴിഞ്ഞ കമ്പനിക്ക് പക്ഷേ, ഇത്തവണ വില്‍ക്കാനായത് 33,564 കാറുകള്‍ മാത്രമാണ്.

കമ്പനിയുടെ കയറ്റുമതിയിലും 15 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2,951 കാറുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇത്തവണയത് 2,521 ആയി കുറഞ്ഞു. മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനങ്ങള്‍, കാര്‍, വാന്‍ തുടങ്ങിയവയില്‍ ഓഗസ്റ്റ് മാസം ആകെ വിറ്റുപോയത് 13,507 എണ്ണം മാത്രമാണ്. എന്നാല്‍ ഇത്തരം വാഹനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 19,758 എണ്ണം വിറ്റിരുന്നു. അതായത് ഈ വാഹനങ്ങളുടെ വില്‍പനയില്‍ മാത്രം 32 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.കമ്പനിയുടെ വാണിജ്യ ആവശ്യത്തിനായുള്ള വാഹനങ്ങളുടെ വിപണിയും രൂക്ഷമായ ഞെരുക്കത്തിലാണ്.

ഓഗസ്റ്റില്‍ 14,684 വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 20,326 വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞിടത്താണ് ഈ ഇടിവ്. 28 ശതമാനത്തിന്റെ ഇടിവാണ് ഈ ഇനത്തിലുണ്ടായത്.ഇന്‍ഡസ്ട്രി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഫെസ്റ്റിവല്‍ സീസണില്‍ മാത്രമാണ് പ്രതീക്ഷയെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ തലവന്‍ വിജയ് റാം നക്ര അഭിപ്രായപ്പെട്ടു. അതേസമയം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവെന്ന് റിപ്പോര്‍ട്ട്. മാരുതിയുടെ 1,06,413 കാറുകള്‍ മാത്രമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. 2018 ഓഗസ്റ്റില്‍ മാരുതി സുസുക്കി 1,58,189 കാറുകള്‍ വിറ്റിരുന്നതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പ്രാദേശിക വിപണിയില്‍ 34.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018 ഓഗസ്റ്റില്‍ പ്രാദേശികമായി 1,47,700 കാറുകള്‍ വിറ്റിടത്ത് ഇത്തവണ 97,061 കാറുകള്‍ മാത്രമാണ് വിറ്റുപോയത്. ആള്‍ട്ടോ, വാഗണര്‍ പോലെയുള്ള ചെറിയ കാറുകളുടെ വിപണനത്തിലും ഇടിവ് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 35,895 ചെറുകാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ അത് 10,123 ആയി കുറഞ്ഞു. അതായത്, ഈ ഇനം കാറുകളുടെ വില്‍പനയില്‍ 71.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

മാരുതിയുടെ കോംപാക്ട് വിഭാഗം കാറുകളായ സ്വിഫ്റ്റ്, സെലാറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വിപണി 23.9 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ 71,364 കോംപാക്ട് കാറുകള്‍ വിറ്റുപോയി. ഇത്തവണയത് 54,274 എണ്ണമായി കുറഞ്ഞു. ഓഗസ്റ്റിലെ മാത്രം കണക്കാണിത്. ഇടത്തരം വലിപ്പം വരുന്ന സിയാസ് കാറുകളില്‍ 1,596 എണ്ണമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. അതേസമയം, കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വില്‍ക്കപ്പെട്ട സിയാസ് കാറുകളുടെ എണ്ണം 7,002 ആയിരുന്നു.

അതേസമയം, വിതാര ബ്രസ്സ, എസ്‌ക്രോസ്, എര്‍ട്ടിഗ എന്നീ മോഡല്‍ കാറുകളുടെ വില്‍പനയില്‍ നേരിയ ഉയര്‍ച്ച ഉണ്ടായെന്നും മാരുതി പറയുന്നു. ഈ കാറുകളുടെ വിപണനത്തില്‍ 3.1 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തുന്നത്. അതായത്, കഴിഞ്ഞ ഓഗസ്റ്റില്‍ 17,9 71 കാറുകള്‍ വിറ്റുപോയിടത്ത് ഇത്തവണ 18,522 കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. പ്രാദേശിക വിപണിയില്‍ മാത്രമല്ല, വാഹനത്തിന്റെ കയറ്റുമതിയിലും ഇടിവുണ്ടായി. കയറ്റുമതിയില്‍ 10.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 10,489 കാറുകള്‍ കയറ്റുമതി ചെയ്തിരുന്നു. ഈ ഓഗസറ്റില്‍ ഇത് 9,352 ആയി കുറഞ്ഞു.

മാരുതി ഹരിയാനയിലെ ഗുരുഗ്രാം പ്ലാന്റിലെ 10 ശതമാനം കരാര്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയിരുന്നു. 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാനും തീരുമാനിച്ചിരുന്നു. ജൂലൈ മാസത്തില്‍ മാരുതിയുടെ വില്‍പ്പന 34 ശതമാനം ഇടിഞ്ഞിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇത് കമ്പനിയ്ക്ക് താങ്ങാനാവുന്നതല്ലെന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ തുറന്നുപറഞ്ഞിരുന്നു.