ബേബി ആലുവ

കൊച്ചി

July 23, 2020, 10:46 pm

പാലാരിവട്ടം പാലം അഴിമതി: ലീഗിൽ ഭിന്നത മുറുകി

Janayugom Online

ബേബി ആലുവ

പാലാരിവട്ടം പാലം അഴിമതിയെച്ചൊല്ലി മുസ്‌ലീംലീഗിൽ രൂപം കൊണ്ട പ്രതിസന്ധി മൂർഛിക്കുന്നു. പാണക്കാട്ടു നിന്നുള്ള ഇടപെടലുകൾക്കും പ്രശ്നം പരിഹരിക്കാനായിട്ടില്ല. പാലാരിവട്ടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെച്ചൊല്ലി കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്തുവകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ലീഗ് നേതാവും മങ്കട എംഎൽഎയുമായ ടി എ അഹമ്മദ് കബീറിനെ അനുകൂലിക്കുന്നവർ നടത്തിയ ചെളിയേറാണ് ലീഗ് നേതൃത്വത്തിനും യുഡിഎഫിനും കടുത്ത തലവേദനയായി മാറിയിരിക്കുന്നത്.

ശത്രുക്കളെപ്പോലെ പോരിനു നിൽക്കുന്ന ഇരുപക്ഷത്തെയും അനുനയിപ്പിക്കുന്നതിനായി പാർട്ടി പ്രസിഡണ്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ ദൂതൻ കൊച്ചിയിലെത്തി രണ്ടു ഭാഗത്തെയും നേതാക്കളുമായി നടത്തിയ ചർച്ചയും പിന്നാലെ സാക്ഷാൽ ഹൈദരാലി ശിഹാബ് തങ്ങൾ തന്നെ രംഗത്തിറങ്ങി ഇബ്രാഹിം കുഞ്ഞിനെയും അഹമ്മദ് കബീറിനെയും വെവ്വേറെ കണ്ട് നടത്തിയ വർത്തമാനവും വിലപ്പോയില്ല.

തദ്ദേശ സമിതികളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അന്ത: ഛിദ്രം അവസാനിപ്പിക്കണമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ മുന്നറിയിപ്പിനും പുല്ലുവില. ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചും നാട്ടിലും വിദേശത്തുമുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടും പൊലീസിലും കോടതിയിലും പരാതികൾ എത്തുന്നതിനു പിന്നിൽ അഹമ്മദ് കബീറും അനുയായികളുമാണെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ കുറ്റപ്പെടുത്തൽ. പാർട്ടി ജില്ലാ ജന. സെക്രട്ടറിയായ ഇബ്രാഹിം കുഞ്ഞിന്റെ മകനെ തത്സ്ഥാനത്തു നിന്നു നീക്കാനുള്ള ചരടുവലികളും ശക്തമാണ്.

ഇതിനിടെ, പാലാരിവട്ടം മേൽപ്പാലം അപകടത്തിലാണെന്നും പാലത്തിന്റെ സപ്പോർട്ടിങ് പില്ലർ അടക്കം പണിയണമെന്നും കാണിച്ച് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേ സർക്കാരിനു റിപ്പോർട്ട് നൽകിയത് വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. ജൂണിലാണ് ഏജൻസി സർവേ നടത്തിയത്. പാലത്തിൽ വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയ് ഒന്നിനാണ് പാലം അടച്ചത്.

Eng­lish sum­ma­ry: cri­sis in mus­lim league

You may also like this video: