Wednesday
20 Feb 2019

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധി

By: Web Desk | Tuesday 13 November 2018 10:31 PM IST

U Suresh

യു സുരേഷ്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ബാങ്കിങ് ഇതര ഫിനാന്‍സ് കമ്പനി (എന്‍ബിഎഫ്ഇ) ആണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍എഫ്എസ്). ഈ കമ്പനിയുടെ 25.3 ശതമാനം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും 9.02 ശതമാനം എച്ച്ഡിഎഫ്‌സിയുമാണ് വഹിക്കുന്നത്. ചുരുങ്ങിയ കാലയളവുകളിലേക്ക് കടമായി വാങ്ങുന്ന കമേഴ്‌സ്യല്‍ പേപ്പര്‍ വഴി ധനം സമാഹരിച്ച് ദീര്‍ഘകാല വായ്പകള്‍ക്ക് നല്‍കുന്ന രീതിയാണ് ഇവര്‍ വിജയകരമായി നടപ്പാക്കിയിരുന്നത്. വായ്പാ തിരിച്ചടവില്‍ വന്ന വീഴ്ച ഈ സ്ഥാപനത്തെയും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പല ബാങ്കിങ് ഇതര ഫിനാന്‍സ് കമ്പനികളെയും പ്രതിസന്ധിയിലാക്കി. തങ്ങള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കുവാന്‍ ഇവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും റിസര്‍വ് ബാങ്ക് സര്‍ക്കാരിന്റെ നിലപാടിന് അനുകൂലമായി പ്രതികരിക്കാതിരിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഒക്‌ടോബര്‍ 30-ന് ഡല്‍ഹിയില്‍ വച്ച് നടന്ന ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ (എഫ്എസ്ഡിസി) യോഗത്തില്‍വച്ച് കേന്ദ്രമന്ത്രിയും റിസര്‍വ് ബാങ്ക് പ്രതിനിധികളും മറ്റ് വിഷയങ്ങള്‍ക്കൊപ്പം ഈ വിഷയം ചര്‍ച്ച ചെയ്തു എന്നും തങ്ങളുടെ വിവരം അനുസരിച്ച് പണലഭ്യത എന്ന പ്രശ്‌നം അത്ര ഗുരുതരമായി അനുഭവപ്പെടുന്നില്ല എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനാരോഗ്യം നിലനിര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് പരിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയായിരുന്നു പ്രോംപ്ട് കറക്ടീവ് ആക്ഷന്‍ (പിസിഎ) എന്നത്. മൂലധനം, ആസ്തികളുടെ നിലവാരം, ലാഭസാധ്യത എന്നിവയിലെല്ലാം ശ്രദ്ധ ചെലുത്തുവാനും ഉടനടി പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുമായി നടപ്പാക്കിയ ഈ പദ്ധതിയില്‍ നിലവില്‍ പതിനൊന്ന് പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടുന്നുണ്ട്. ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടല്ല ഇത് നടപ്പാക്കിയിട്ടുള്ളത് എന്ന് റിസര്‍വ് ബാങ്ക് പറയുമ്പോഴും ഇത് നടപ്പാക്കുകവഴി വായ്പാ ലഭ്യതയുടെ സാധ്യതയെ അത് ബാധിച്ചിട്ടുണ്ട് എന്നാണ് ധനകാര്യ വകുപ്പിനു കീഴിലുള്ള ബാങ്കിംഗ് വകുപ്പ് ഇതിനെ വിലയിരുത്തുന്നത്. നിബന്ധനകളില്‍ അല്‍പം ഇളവ് അനുവദിക്കണമെന്നാണ് സര്‍ക്കാരിന് അഭിപ്രായമെങ്കില്‍ അപ്രകാരം ചെയ്യുന്നത് സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനായി തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നടപടികളെ ബാധിക്കും എന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.
ഇതിനിടയിലാണ് 59 മിനിറ്റിനുള്ളില്‍ ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് അനുവദിക്കും എന്നൊരു പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. തന്റെ ദീപാവലി സമ്മാനമാണ് ഇതെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെങ്കിലും, ഈ പ്രഖ്യാപനത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കാണാനാണ് രാഷ്ട്രീയ നിരീക്ഷകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. 2019-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായി വായ്പാ ലഭ്യത സുഗമമാക്കുന്നതിനു വേണ്ടി കേന്ദ്ര ബാങ്കിനുമേല്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നത് തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
മേല്‍സൂചിപ്പിച്ചതിനു പുറമെ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ബാങ്കും തമ്മില്‍ മറ്റു ചില വൈരുദ്ധ്യങ്ങള്‍ കൂടി ഉള്ളതായി കാണുന്നുണ്ട്. പണം കൈമാറ്റം ചെയ്യുന്നതിനും കണക്കുകള്‍ നിര്‍ണയിക്കുന്നതിനുമായി 2007-ല്‍ നടപ്പാക്കിയ പേയ്‌മെന്റ് സെറ്റില്‍മെന്റ് നിയമം അനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയാണ് ഇതിന്റെ നിയന്ത്രാവായി നിശ്ചയിച്ചിരിക്കുന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി (ഐആര്‍ഡിഎ) എന്നിവയുടെ മാതൃകയില്‍ റിസര്‍വ് ബാങ്കിനു പുറമെയുള്ള ഒരു ഏജന്‍സിയെ വേണം ഇതിന്റെ നിയന്ത്രണം ഏല്‍പിക്കാന്‍ എന്നുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടും അനുകൂലമായിട്ടായിരുന്നില്ല കേന്ദ്ര ബാങ്കിന്റെ പ്രതികരണം. അതുപോലെ ബാസല്‍ കമ്മിറ്റിയുടെ പുതിയ ശുപാര്‍ശകള്‍ അനുസരിച്ചു മാത്രമേ മൂലധനം വേണ്ടതുള്ളൂ എന്ന് തീരുമാനിക്കുകവഴി കൂടുതല്‍ കരുതല്‍ മൂലധനത്തെ ലാഭകരമായി വിനിയോഗിക്കാനാവും എന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.
ഇത്തരം ചെറുതും വലുതുമായ പ്രശ്‌നങ്ങളിലാണ് കേന്ദ്രവും സര്‍ക്കാരും തമ്മില്‍ വൈരുദ്ധ്യം ഉണ്ടാവുന്നതും അത് വര്‍ധിക്കുന്നതും. ഏതായാലും നവംബര്‍ 19-ന് കൂടാന്‍ പോകുന്ന റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് യോഗത്തില്‍ ഈ വിഷയങ്ങള്‍ എപ്രകാരമാവും പരിഗണിക്കപ്പെടുക എന്നതും അതിന്റെ ഫലമെന്താവും എന്നതും കാത്തിരുന്നു കാണേണ്ട വസ്തുതയാണ്.
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഒരു ഞെട്ടലോടെ പലരും ഓര്‍ത്തെടുക്കുന്ന ഒരു തീയതിയായിട്ടാവും കാലം നവംബര്‍ എട്ടിനെ കാണുക എന്ന് തോന്നുന്നു. കള്ളപ്പണവും അഴിമതിയും അവസാനിപ്പിക്കുവാന്‍ വേണ്ടിയുള്ള പ്രഖ്യാപനം എന്ന് പ്രധാനമന്ത്രിയും ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ അപ്പാടെ അവസാനിപ്പിക്കുവാന്‍ പോകുന്ന ഉജ്ജ്വല തീരുമാനം എന്ന് അദ്ദേഹത്തിന്റെ സില്‍ബന്ധികളും പ്രഖ്യാപിച്ച ഒന്നായിരുന്നു നോട്ട് നിരോധന ഉത്തരവ്. അന്നോളം സര്‍ക്കുലേഷനിലുണ്ടായിരുന്ന ആയിരം രൂപയുടേയും അഞ്ഞൂറ് രൂപയുടേയും നോട്ടുകളാണ് പ്രഖ്യാപനത്തിന്റെ അന്നത്തെ രാത്രി മുതല്‍ അസാധുവാക്കപ്പെട്ടത്. ആകെയുള്ളതിന്റെ 86 ശതമാനം കറന്‍സി നോട്ടുകളും അസാധുവാക്കിക്കൊണ്ട് നടത്തിയ തീരുമാനം ലോകത്ത് എവിടെയും നടപ്പാക്കിയിട്ടില്ല എന്നും ആ തീരുമാനം കൈകൊണ്ട ദിവസം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ജനാധിപത്യത്തിനും ഒരു കറുത്ത ദിനമായിരിക്കും എന്നുമായിരുന്നു മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ മന്‍മോഹന്‍ സിങ്ങിന്റെ അഭിപ്രായം.
നോട്ട് നിരോധനത്തെയും തുടര്‍ന്നുണ്ടായ വിഷയങ്ങളെയും പറ്റി പഠിക്കുന്നതിന് മുതിര്‍ന്ന പാര്‍ലമെന്റ് അംഗമായ വീരപ്പ മൊയ്‌ലിയുടെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു എങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ 2017-18 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടു പ്രകാരം പിന്‍വലിക്കപ്പെട്ട നോട്ടിന്റെ 99.3 ശതമാനം ബാങ്കിംഗ് സംവിധാനത്തിലേക്ക് മടങ്ങിയെത്തി എന്ന് വ്യക്തമാക്കി. 154 ലക്ഷം കോടി രൂപയായിരുന്നു (154 ട്രില്യന്‍) പിന്‍വലിക്കപ്പെട്ട കറന്‍സികളുടെ ആകെ മൂല്യമെന്നും, ഇനി ലഭിക്കാനുള്ളത് കേവലം 10,720 കോടി രൂപ മാത്രമാണുള്ളത് എന്നുമുള്ള കണക്ക് സര്‍ക്കാരിന്റെ എല്ലാവിധ അനുമാനങ്ങളെയും നിഷേധിക്കുന്ന ഒന്നായിരുന്നു. മൂന്ന് ട്രില്യന്‍ (മൂന്ന് ലക്ഷം കോടി) രൂപയെങ്കിലും കള്ളപ്പണവും മറ്റുമായി മടങ്ങിവരാതിരിക്കും എന്നായിരുന്നുവത്രെ അവരുടെ അനുമാനം. നോട്ട് നിരോധനം വഴി കള്ളപ്പണം മുഴുവനും പുറത്ത് കൊണ്ടുവരാനാവും എന്ന് പറഞ്ഞവരാവട്ടെ ഇപ്പോള്‍ പറയുന്നത് കള്ളപ്പണം, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയെ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നത് എന്നാണ്. കറന്‍സി രഹിത സമൂഹം എന്ന വലിയ പ്രഖ്യാപനവും അമ്പേ പരാജയമായി എന്ന് കണക്കുകള്‍ പറയുന്നു.
2018 ഓഗസ്റ്റ് മൂന്നാം തീയതിയിലെ കണക്കനുസരിച്ച് 18.13 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള കറന്‍സികളാണ് സര്‍ക്കുലേഷനിലുള്ളത്. നോട്ട് നിരോധനത്തിന് തൊട്ടുമുമ്പ് ലഭ്യമായ കണക്കനുസരിച്ച് 2016 നവംബര്‍ നാലിന് അത് 17.97 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍നിന്നും വ്യക്തമാവുന്നത് കറന്‍സി രഹിത ഭാരതം എന്ന മോഡിയുടെ പ്രഖ്യാപനവും പരാജയമായി എന്നാണ്. അപ്പോള്‍ ആ ചോദ്യം വീണ്ടും ഉയരുന്നു. എന്തിനു വേണ്ടിയായിരുന്നു നോട്ട് നിരോധനം നടപ്പിലാക്കിയത്? ഇതുകൊണ്ട് ആരൊക്കെയാണ് പ്രയോജനം ഉണ്ടാക്കിയത്?
2019 തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ ജനം പൊതുശ്രദ്ധയില്‍ കൊണ്ടുവരും എന്നതിന് തടയിടാനാണ് ബിജെപി ശബരിമലയും അയോദ്ധ്യയുമൊക്കെ ആയുധമാക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.