തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി; കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

Web Desk
Posted on May 26, 2019, 10:41 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയം കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ആഭ്യന്തര പ്രതിസന്ധിയുണ്ടാക്കിയെന്ന് സൂചന. പരാജയം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയാറായ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളോടുള്ള അമര്‍ഷം തുറന്നടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം മക്കളെ മത്സരിപ്പിക്കാന്‍ തള്ളിക്കയറ്റിയ മുതിര്‍ന്ന നേതാക്കളെ ഉന്നമിട്ട് കടുത്ത ഭാഷയിലാണ് യോഗത്തില്‍ രാഹുല്‍ വിമര്‍ശിച്ചത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പി ചിദംബരം എന്നിവര്‍ക്കെതിരെയാണ് രാഹുല്‍ രംഗത്തുവന്നത്. അശോക് ഗെലോട്ടും കമല്‍നാഥും മക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ വാശി പിടിച്ചതായി രാഹുല്‍ പറഞ്ഞു. ഇവരുടെ അഭ്യര്‍ഥന സ്വീകരിക്കാന്‍ താന്‍ ഒരുക്കമല്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോഡിക്കെതിരെ താന്‍ ആരംഭിച്ച പ്രചാരണം ഏറ്റെടുക്കാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ മുന്നോട്ടുവന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടിയുടെ പ്രാദേശിക നേതൃനിര ശക്തിപ്പെടുത്തി എടുക്കേണ്ടതിന്റെ ആവശ്യകത ജ്യോതിരാദിത്യ സിന്ധ്യ എടുത്തു പറഞ്ഞതാണ് മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനരീതിക്കെതിരെ തിരിയാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. മധ്യപ്രദേശിലെ പാര്‍ട്ടി ശക്തി കേന്ദ്രമായ ഗുണ മണ്ഡലത്തില്‍ സിന്ധ്യ തോറ്റിരുന്നു.

രാജസ്ഥാനില്‍ വിജയം സാധ്യമായിരുന്നുവെങ്കിലും അശോക് ഗെലോട്ട് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് രാഹുലിന്റെ വിമര്‍ശനം. മകന്‍ വൈഭവിന് വേണ്ടി അശോക് ഗെലോട്ട് പ്രചാരണ രംഗത്ത് സജീവമായിട്ടും പരാജയമായിരുന്നു ഫലം. ജോധ്പൂര്‍ മണ്ഡലത്തില്‍ 2.7 ലക്ഷത്തിലേറെ വോട്ടിനാണ് വൈഭവ് ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നത്.
നകുല്‍ നാഥ് ചിന്ദ്വാര മണ്ഡലത്തിലും കാര്‍ത്തി ചിദംബരം ശിവഗംഗയിലും ജയിച്ചിരുന്നു. കമല്‍നാഥിന്റെ പ്രവര്‍ത്തനം മകന് വേണ്ടി ചിന്ദ്വാരയില്‍ മാത്രം ഒതുങ്ങി. മറ്റ് മണ്ഡലങ്ങളില്‍ കമല്‍നാഥ് വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിദംബരത്തെ ഡല്‍ഹിയില്‍ പോലും കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഡിസംബറില്‍ അധികാരം തിരിച്ചുപിടിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ക്കു ശേഷം പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങിയതിനു പിന്നില്‍ കോണ്‍ഗ്രസിനുള്ളിലെ പോരും അമിത ആത്മവിശ്വാസവുമാണെന്നാണ് വിലയിരുത്തല്‍. പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഉപേക്ഷിക്കുകയാണെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് യോഗം തള്ളിക്കളഞ്ഞെങ്കിലും പദവി രാജിവെക്കാനുള്ള തീരുമാനത്തിലാണ് രാഹുലെന്നാണ് സൂചന.

YOU MAY ALSO LIKE THIS: