ആളോഹരി ആഭ്യന്തര ഉത്പാദനത്തിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). കോവിഡ് 19 പ്രതിസന്ധിയിൽ കനത്ത ആഘാതമേറ്റ ഇന്ത്യയുടെ ജിഡിപി വളർച്ച 2020ൽ നെഗറ്റീവ് 10. 3 ശതമാനമായി ചുരുങ്ങുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ജൂണിലെ വിലയിരുത്തലിൽനിന്ന് കാര്യമായ ഇടിവാണ് പുതിയ റിപ്പോർട്ടിലുള്ളത്. വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ കൂടുതൽ തിരിച്ചടി ഇന്ത്യ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്ന 2021 മാർച്ച് 31 ഓടെ ഇന്ത്യയുടെ പ്രതിശീർഷ ഉത്പാദനം 1,877 ഡോളറായി കുറയും. 4.5 ശതമാനം മാത്രം ഇടിവുണ്ടാകുമെന്നായിരുന്നു ജൂണിലെ വിലയിരുത്തൽ. ബംഗ്ലാദേശിന്റേതാകട്ടെ 1,888 ഡോളറായി വർധിക്കുകുയം ചെയ്യുമെന്നും ഐഎംഎഫിന്റെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ വ്യക്തമാക്കുന്നു.
എന്നാൽ, 2021 ൽ പോസിറ്റീവ് 8.8 ശതമാനമെന്ന മികച്ച വളർച്ചാ നിരക്കിനൊപ്പം ഇന്ത്യ വൻ തിരിച്ചുവരവ് നടത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി. 2021 ൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുടെ സ്ഥാനം ഇന്ത്യ വീണ്ടെടുക്കും. 8.2 ശതമാനം വളർച്ചയാണ് 2021ൽ ചൈന പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഇതിനെ മറികടക്കും.
ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാർഷിക യോഗങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിൽ ആഗോള വളർച്ച ഈ വർഷം 4.4 ശതമാനം ചുരുങ്ങുമെന്നും, 2021 ൽ ഇത് 5.2 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയിലും ഈ വർഷം 5.8 ശതമാനം ഇടിവുണ്ടാകുമെങ്കിലും അടുത്ത വർഷം 3.9 ശതമാനം വളർച്ച കൈവരിക്കും. 2020ൽ പോസിറ്റീവ് വളർച്ചാ നിരക്ക് കാണിക്കുന്ന ഏക രാജ്യം ചൈനയാണെന്നും (1.9 ശതമാനം വളർച്ച) റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആഗോളതാപനം ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. രാജ്യത്തിന് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതം 2100 ഓടെ ജിഡിപിയുടെ 60–80 ശതമാനം വരെ ആയിരിക്കും. എന്നാൽ തണുപ്പ് കൂടുതലുള്ള രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുള്ള നഷ്ടം കുറവായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞയാഴ്ച ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്ന് പ്രവചിച്ചിരുന്നു.