29 March 2024, Friday

കേന്ദ്ര സര്‍വകലാശാലകളുടെ പ്രതിസന്ധി

സി ആദികേശവന്‍
December 19, 2022 4:30 am

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 45 കേന്ദ്ര സർവകലാശാലകളിലായി 6,549 ഉന്നത അധ്യാപന തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. താല്ക്കാലിക — വിസിറ്റിങ് അധ്യാപകരെ നിയമിച്ച് ഈ പ്രശ്നം പരിഹരിക്കാമെന്നാണ് പലരും കരുതുന്നത്. 1980-കൾ മുതൽ സര്‍വകലാശാലകളെ ക്ഷാമം ബാധിച്ചിരുന്നുവെങ്കിലും ഒഴിവുള്ള തസ്തികകളുടെ എണ്ണം വർഷം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. 6,549 ഉന്നത അധ്യാപന തസ്തികകള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ മാത്രം ഒഴിഞ്ഞുകിടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം ജൂലൈ മുതലുള്ള പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ അറിയിച്ചുകൊണ്ടിരിക്കുന്നതാണ്. 900 ഒഴിവുകളുള്ള ഡൽഹി സർവകലാശാലയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. അലഹബാദ് സർവകലാശാലയിൽ 622 ഒഴിവുകള്‍ നിലനില്ക്കുകയാണ്. സാമ്പത്തിക പരാധീനതകള്‍, അനുയോജ്യരായ അപേക്ഷകരുടെ അഭാവം, സർവകലാശാലാ കേന്ദ്രങ്ങള്‍ വിദൂര സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നത് എന്നിവ ഉൾപ്പെടെ, ക്ഷാമം നേരിടുന്നതിനുള്ള നിരവധി കാരണങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍വകലാശാലകളിലെ അധികൃതര്‍ക്ക് നിരത്താനുണ്ട്. എന്തുകൊണ്ടാണ് ക്ഷാമം നിലനില്ക്കുന്നതെന്നതിനെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെ ഫാക്കൽറ്റി അംഗങ്ങൾക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്.
ഫാക്കല്‍റ്റി അംഗങ്ങളുടെ കുറവ് നിലവില്‍ പഠിപ്പിക്കുന്ന പ്രൊഫസർമാർക്ക് അമിതഭാരം സൃഷ്ടിക്കുന്നുവെന്ന പരാതി വ്യാപകമാണ്. അധ്യാപകരുടെ ക്ഷാമമുണ്ടെങ്കിലും സർവകലാശാലകളിൽ ക്ലാസുകളുടെ എണ്ണം വര്‍ധിക്കുകയും ശരാശരി വിദ്യാര്‍ത്ഥികള്‍ 100 മുതല്‍ 150 വരെ ആകുകയും ചെയ്തു. ജോലി സമയം പ്രതിദിനം 18 മണിക്കൂര്‍വരെ ആയി വർധിച്ചുവെന്നും അവര്‍ പരാതിപ്പെടുന്നുണ്ട്. താല്ക്കാലിക- വിസിറ്റിങ് അധ്യാപകരാണ് കുറച്ചുകാലമായി ഡൽഹി സർവകലാശാലയെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ സ്ഥിരം ഫാക്കൽറ്റിയെ തിരഞ്ഞെടുത്തതിനെത്തുടർന്ന് സർവകലാശാലയില്‍ ഒക്ടോബറിലുണ്ടായ സമരത്തെ തുടര്‍ന്ന് 70 ശതമാനത്തോളം പേരെ സ്ഥലം മാറ്റേണ്ടി വരികയും ചെയ്തു. താല്ക്കാലിക അധ്യാപകരായി ഏഴുവര്‍ഷത്തിലധികം ജോലി ചെയ്ത ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകര്‍ പുറത്തുപോകേണ്ട സ്ഥിതിയുമുണ്ട്. ഏതുസമയത്തും ജോലി നഷ്ടപ്പെടാമെന്ന സാഹചര്യത്തില്‍ സമ്മര്‍ദത്തോടെയാണ് പല താല്ക്കാലിക അധ്യാപകരും ജോലിയെടുക്കുന്നത്. 

ഈ വര്‍ഷമാദ്യം കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സര്‍കാര്‍ നല്കിയ മറുപടിയില്‍, എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഒഴിവുകള്‍ നിശ്ചിത കാലപരിധിക്കകം നികത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നിയമനടപടി സ്വീകരിച്ചു വരികയാണെന്നും പറഞ്ഞിരുന്നു. 2021 സെപ്റ്റംബര്‍ 21 മുതല്‍ ഒരുവര്‍ഷത്തിനകമെന്നാണ് കാലപരിധി നിശ്ചയിച്ചത്. എന്നാല്‍ ഇതുവരെയായി 4,807 തസ്തികകളിലെ നിയമനത്തിന് മാത്രമേ അപേക്ഷ ക്ഷണിക്കുകയെന്ന പ്രാഥമിക നടപടി പോലും ആയിട്ടുള്ളൂ. പ്രസ്തുത കാലപരിധി അവസാനിച്ചുവെങ്കിലും സ്ഥിതി മെച്ചപ്പെടുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. മതിയായ യോഗ്യതയുള്ളവരുടെ അഭാവമുണ്ടെന്ന് ചിലര്‍ കരുതുമ്പോള്‍ താല്ക്കാലിക — വിസിറ്റിങ് പ്രൊഫസര്‍മാരെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് മറ്റുള്ളവരുടെ നിര്‍ദേശം.
വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകില്ലെന്നാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ രോഹിത് പറയുന്നത്. സര്‍വകലാശാലയിലെ ബിരുദാനന്തര വിഭാഗത്തില്‍ ഒരു പ്രൊഫസര്‍ 25 വിദ്യാര്‍ത്ഥികളെയാണ് പഠിപ്പിക്കേണ്ടത്. ചോദ്യക്കടലാസ് തയ്യാറാക്കല്‍, ഐച്ഛിക വിഷയങ്ങള്‍ പഠിപ്പിക്കല്‍, പ്രവേശന പരീക്ഷാ ക്രമീകരണം എന്നിവയുണ്ടാകുമ്പോള്‍ ഇവരുടെ ജോലിഭാരം വല്ലാതെ വര്‍ധിക്കുന്നുവെന്നും രോഹിത് പറയുന്നു. ഇത്തരത്തിലുള്ള അമിതഭാരം കാരണം ഒരു പ്രൊഫസര്‍ക്കും തങ്ങളുടെ കീഴില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളെ ഫലപ്രദമായി നയിക്കാന്‍ സാധിക്കുന്നില്ലെന്നത് വലിയ പ്രശ്നമാണ്. ഇതുകാരണം ഗവേഷക വിദ്യാര്‍ത്ഥികളുടെ സാമര്‍ത്ഥ്യത്തെ പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കാതെ വരും. പൊതു വിദ്യാഭ്യാസച്ചെലവുകള്‍ താങ്ങാവുന്നതാക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പേര്‍ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അലഹബാദ് സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലറായ രാജേന്ദ്ര ഹാര്‍ഷെ, ഉദ്യോഗാര്‍ത്ഥികളുടെ ഗുണനിലവാരമില്ലായ്മ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണെന്ന അഭിപ്രായക്കാരനാണ്. ഗുണനിലവാരമില്ലാത്തവരെ നിയമിക്കുന്നത് സര്‍വകലാശാലകളെ ബുദ്ധിമുട്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
“തിരഞ്ഞെടുക്കുന്നതിനെക്കാൾ കൂടുതൽ വേദനിപ്പിക്കുന്നത് നിരാകരിക്കലാണ്. ആരെയും തിരഞ്ഞെടുക്കാന്‍ സാധിക്കാതെ പോയ നിരവധി സമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠന വിഷയങ്ങളില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രൊഫസർമാർ ഉണ്ടാകേണ്ടത് പ്രധാനമാണ്. വിഷയ വൈദഗ്ധ്യത്തിനാവണം മുന്‍ഗണന. അല്ലാതെ ജാതിയോ മതമോ രാഷ്ട്രീയമോ പോലുള്ള മറ്റ് പരിഗണനകള്‍ പാടില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്ര വിശാരദരെയല്ല, മറിച്ച് സാമൂഹ്യമായും സ്വാഭാവികവുമായ യാഥാർത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുകയും വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്ന പണ്ഡിതരെയും ശാസ്ത്രജ്ഞരെയുമാണ് സര്‍വകലാശാലകള്‍ക്ക് ആവശ്യം.” എന്നും ഹാര്‍ഷെ പറയുന്നുണ്ട്.
ഹാര്‍ഷെ പറയുന്ന രാഷ്ട്രീയ താല്പര്യങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ മോശം നിലവാരവും വ്യത്യസ്ത വിഷയമാണെങ്കിലും പ്രൊഫസര്‍മാരുടെ പ്രവര്‍ത്തനത്തില്‍ പ്രധാനപ്പെട്ട ഘടകങ്ങളാണ്. അതാത് സര്‍വകലാശാലകളിലെ ഗവേഷക വിദ്യാര്‍ത്ഥികളെ പ്രൊഫസര്‍മാരായി നിയമിക്കുകയെന്ന ആശയത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009ലെ നിയമമനുസരിച്ച് സ്ഥാപിതമായ 16 കേന്ദ്ര സര്‍വകലാശാലകളും ഉള്‍പ്രദേശങ്ങളിലാണുള്ളത്. ഏറ്റവും പിന്നാമ്പുറത്താണെന്നര്‍ത്ഥം. കുട്ടികളുടെ എണ്ണക്കുറവും ഭൂമിശാസ്ത്രപരമായ ഘടനയും കാരണം അവിടെ ജോലി ചെയ്യുന്നതിന് പ്രൊഫസര്‍മാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അത് മനസിലാക്കുവാന്‍ സാധിക്കണം. ഒരു സര്‍വകലാശാലയുടെ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സുപ്രധാനമാണ്. അടിസ്ഥാന സൗകര്യങ്ങളെന്നാല്‍ കേവലം കെട്ടിടങ്ങള്‍ മാത്രമല്ല. ഭക്ഷണ ലഭ്യത, ഇന്റര്‍നെറ്റ് സൗകര്യം, മെച്ചപ്പെട്ട കലാലയ ജീവിതം, ആശയവിനിമയത്തിനും യാത്ര ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെട്ടതാണ്.
പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഗുണനിലവാരത്തെക്കാള്‍ നിക്ഷിപ്ത താല്പര്യങ്ങളാണ് പരിഗണിക്കപ്പെടുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ പുതിയതായി പ്രഖ്യാപിച്ച നാലുവര്‍ഷ കോഴ്സ് അതിന്റെ പ്രായോഗികത പരിശോധിക്കാതെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോഴുള്ള കോഴ്സുകള്‍ പഠിപ്പിക്കുന്നതിനുപോലും മതിയായ അധ്യാപകരില്ലെന്നിരിക്കെയാണ് ഇത്തരം പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നത്. ഇതെല്ലാം കോഴ്സുകളുടെ ഗുണനിലവാരത്തെയും ബാധിക്കുന്നുവെന്നാണ് വിദ്യാഭ്യാസ വിചക്ഷണര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പരമപ്രാധാന്യമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.