രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി: മോഡിക്കും ആശങ്ക

Web Desk
Posted on August 16, 2019, 10:16 pm

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുപോലും ആശങ്ക. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തന്റെ ആശങ്ക ധനമന്ത്രി നിര്‍മ്മല സീതാരാമനെ അറിയിച്ചത്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്നലെ ധനമന്ത്രി മുന്നോട്ടുവച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ അടിസ്ഥാന രഹിതമാണെന്ന് അന്താരാഷ്ട്ര നാണയ നിധിയും വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വിദേശ വായ്പകള്‍ ലഭ്യമാക്കുന്നതിനും വിദേശ നിക്ഷേപങ്ങള്‍ എത്തിക്കുന്നതിനുമാണ് മോഡി സര്‍ക്കാര്‍ വളര്‍ച്ചാ നിരക്ക് ഊതിപെരുപ്പിച്ച് കാണിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. സോവറിന്‍ ബോണ്ടുകള്‍ വിദേശ മൂലധന കമ്പോളത്തില്‍ വിറ്റഴിച്ച് വായ്പകള്‍ നേടാനുള്ള മോഡി സര്‍ക്കാരിന്റെ തന്ത്രങ്ങളും ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലാണ്. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവും സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇക്കാര്യങ്ങളും ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ചര്‍ച്ച ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ധനമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. തൊഴിലില്ലായ്മ പരിഹരിക്കാതെ ഇപ്പോഴുള്ള അവസ്ഥ മറികടക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചത്. വാഹന നിര്‍മ്മാണ മേഖല തകര്‍ന്നു. കാറുകളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ മുന്നൂറിലധികം വാഹന ഡീലര്‍ഷിപ്പ് സ്ഥാപനങ്ങള്‍ ഇതിനകം പൂട്ടി തുടങ്ങിയ കാര്യങ്ങളാണ് ധനമന്ത്രി ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയത്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത ഗണ്യമായി കുറഞ്ഞതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍, ബ്രിട്ടാനിയ ബിസ്‌ക്കറ്റ് തുടങ്ങിയ കമ്പനികളുടെ കണക്കുകളെ ഉദ്ധരിച്ച് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. തൊഴിലില്ലായ്മ പരിഹരിക്കുന്നതാണ് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രധാന പോംവഴിയെന്ന് യോഗത്തില്‍ വ്യക്തമാക്കിയെങ്കിലും ഇക്കാര്യം ഗൗരവത്തിലെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. അടുത്ത രണ്ടാഴ്ചയ്ക്കിടെ നികുതിയില്‍ ചെറിയ ഇളവുകള്‍ വരുത്തിയുള്ള ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാകും സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് മോഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഡിയുടെ വാക്കുകളെ സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളും രൂക്ഷമായാണ് വിമര്‍ശിച്ചത്. അഞ്ച് ട്രില്യണ്‍ ഡോളറായി സമ്പദ് വ്യവസ്ഥ ഉയരണമെങ്കില്‍ വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമായി വര്‍ധിക്കണമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതികരണം. ഇപ്പോഴത്തെ സ്ഥിതിയില്‍ അടുത്ത സാമ്പത്തിക വര്‍ഷവും വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനം കടക്കില്ല. അതുകൊണ്ടുതന്നെ അഞ്ച് ട്രില്യണ്‍ ഡോളറായി സമ്പദ് വ്യവസ്ഥ മാറുമെന്ന മോഡി സര്‍ക്കാരിന്റെ വാക്കുകള്‍ കേവലം പകല്‍ക്കിനാവായി തുടരുമെന്നും വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.
2019–20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി തുടരുമെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം വിബേക് ദെബ്രോയി പറഞ്ഞത്. 2018–19 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായി കുറഞ്ഞിരുന്നു. ഇതില്‍ നിന്നുള്ള ഒരു നേരിയ വളര്‍ച്ച പോലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് വിലയിരുത്തല്‍. ഉല്‍പ്പാദനം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സ്ഥിതിയില്‍ വളര്‍ച്ചാ നിരക്ക് വര്‍ധിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.