പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ച് പ്രധാന ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സിപിഐ. ദേശീയ താല്പര്യമുള്ള നിർണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ആണവ ഭീഷണി സഹിക്കില്ലെന്നും ഏതുതരത്തിലുള്ള ഭീകരവാദ വെല്ലുവിളികളെയും നേരിടാന്‍ തയ്യാറാണെന്നുമുള്ള വാഗ്ദാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വാചാടോപം നിറഞ്ഞുനിന്ന പ്രസംഗമായിരുന്നു പ്രധാനമന്ത്രി നടത്തിയത്. സമാധാനം പുനഃസ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ച അന്താരാഷ്ട്ര അവകാശവാദങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും വ്യക്തത വരുത്തിയിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ സംബന്ധിച്ചുള്ള പ്രസ്താവന പ്രധാനമന്ത്രി മനഃപൂര്‍വം ഒഴിവാക്കി. ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന കശ്മീര്‍ തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സുതാര്യത ചോദ്യം ചെയ്യുന്നതാണ്. യുഎസ് അവകാശപ്പെടുന്ന തരത്തിലുള്ള ഇടപെടല്‍ വിഷയത്തില്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയ സുരക്ഷ, പരമാധികാരം, വിദേശനയം തുടങ്ങിയ വിഷയങ്ങൾ നമ്മുടെ രാജ്യത്തിന്റെ പരമോന്നത ജനാധിപത്യ വേദിയായ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം. അതുകാെണ്ടുതന്നെ അടിയന്തരമായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം സെക്രട്ടേറിയറ്റ് ആവര്‍ത്തിച്ചു.
ഏകപക്ഷീയ ടെലിവിഷൻ പ്രസംഗങ്ങളിലൂടെയല്ല മറിച്ച് പാർലമെന്റിലൂടെ പ്രധാനമന്ത്രി ജനങ്ങളോട് സംവദിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.