April 1, 2023 Saturday

Related news

February 27, 2023
February 22, 2023
February 21, 2023
February 15, 2023
February 3, 2023
January 24, 2023
December 14, 2022
October 26, 2022
October 6, 2022
September 29, 2022

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ നിർണ്ണായക മൊഴി: ദിലീപിന്റെ കുരുക്ക് മുറുക്കി മഞ്ജു

Janayugom Webdesk
കൊച്ചി
February 27, 2020 9:47 pm

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ ദിലീപിന് കുരുക്കു മുറുക്കി നടി മഞ്ജുവാര്യർ. ക്വട്ടേഷൻ സംഘത്തെ അയച്ച് നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ദിലീപിനു പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിവയ്ക്കും വിധമാണ് മഞ്ജു സിബിഐ പ്രത്യേക കോടതിയിൽ മൊഴി നൽകിയത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത വ്യക്തി വിരോധം ഉണ്ടായിരുന്നുവെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ സുരേശന്റെ ചീഫ് വിസ്താരത്തിൽ മഞ്ജു മൊഴി നൽകിയതായാണ് വിവരം. പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് മുമ്പാകെ രഹസ്യ വിചാരണയാണ് കേസിൽ നടക്കുന്നത്. മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം തുടരുന്ന കാലത്തു തന്നെ ദിലീപിന് കാവ്യ മാധവനുമായി പരിധിവിട്ടുള്ള അടുപ്പമുണ്ടായിരുന്നതായും ഇക്കാര്യം തെളിവുസഹിതം മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയായിരുന്നുവെന്നും പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. പീഡനത്തിനിരയായ നടിയോട് ദിലീപിന് വ്യക്തി വിരോധമുണ്ടാവാൻ ഇതാണ് കാരണമെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിസ്താരത്തിൽ കുറ്റപത്രത്തിലെ ആരോപണങ്ങൾ ഒന്നൊന്നായി തെളിയിക്കും വിധമുള്ള മൊഴികളാണ് മഞ്ജുവാര്യർ നൽകിയത്.
കേസിനാസ്പദമായ സംഭവം നടന്ന കാലത്ത് മജിസ്ട്രേറ്റ് മുമ്പാകെ മഞ്ജുവാര്യർ സമാന മൊഴി നൽകിയിരുന്നെങ്കിലും വിസ്താരമധ്യേ പ്രധാന സാക്ഷിയായ മഞ്ജു കൂറുമാറുമോ എന്ന ആശങ്ക പ്രോസിക്യൂഷനുണ്ടായിരുന്നു. എന്നാൽ കേസിൽ പ്രോസിക്യൂഷന് ഏറ്റവും നിർണായകവും പിൻബലവുമാകുന്ന മൊഴികളാണ് അവർ നൽകിയതെന്നാണ് വിവരം. ഉച്ചയ്ക്കു ശേഷം ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളയുടെ ക്രോസ് വിസ്താരത്തിലും മഞ്ജു പതറിയില്ല. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപും പൾസർ സുനി അടക്കമുള്ള ക്വട്ടേഷൻ പ്രതികളും പ്രതിക്കൂട്ടിൽ നിൽക്കെയാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് അനുകൂലമായി മഞ്ജു മൊഴി നൽകിയത്. രാവിലെ ഒമ്പതരയോടെയാണ് മഞ്ജു കോടതിയിൽ എത്തിയത്. പ്രോസിക്യൂട്ടറുടെ മുറിയിലെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത ശേഷമാണ് കോടതിയിൽ കയറിയത്. ഉച്ചഭക്ഷണ ഇടവേളയിൽ ദിലീപ് പുറത്തുപോയെങ്കിലും മഞ്ജു പരിസരം വിട്ട് പോയില്ല. ആഹാരം പുറത്തു നിന്ന് വരുത്തുകയായിരുന്നു. ഉച്ചയ്ക്കു ശേഷമായിരുന്നു ക്രോസ് വിസ്താരം.
നടൻ സിദ്ദിഖിന്റെയും നടി ബിന്ദുപണിക്കരുടെയും സാക്ഷി വിസ്താരവും ഇന്നലെ നിശ്ചയിച്ചിരുന്നെങ്കിലും സമയക്കുറവു മൂലം ഇരുവരുടെയും വിസ്താരം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി. രണ്ടു പേരും ഇന്നലെ കോടതിയിൽ എത്തിയിരുന്നു. 2017 ഫെബ്രുവരി 17നാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് കൊച്ചിയിലേയ്ക്ക് മടങ്ങിയ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ആക്രമിച്ച് പീഡിപ്പിച്ചത്. നടിയുടെ വാഹനത്തിൽ അതിക്രമിച്ചു കയറിയാണ് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്. കേവലം ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് സംഭവത്തിൽ ദിലീപിന്റെ പങ്ക് പുറത്തുവരുകയായിരുന്നു. ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തിയത് 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലായിരുന്നു.
അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോൾ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി. 2015 ജനുവരി 31ന് ഇവിടെ നിന്നാണ് മഞ്ജു വിവാഹമോചന നടപടി പൂർത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹാരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവർത്തിച്ച മുറി എറണാകുളം പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിലാണ് നടേക്കണ്ടിയിരുന്നത്. എന്നാൽ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന് ഇരയായ നടി ആവശ്യമുന്നയിച്ചു. ഇതോടെ കേസ് സിബിഐ ജഡ്ജി ഹണി വർഗ്ഗീസിന് മുമ്പിലെത്തി. അങ്ങനെയാണ് ദിലീപും മഞ്ജുവും വീണ്ടും ഈ കോടതി മുറിയിൽ എത്തിയത്.

Eng­lish Sum­ma­ry: Crit­i­cal state­ment by man­juwari­er in the tri­al of actress attack case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.