നോട്ടുകളുടെ വലിപ്പം കുറച്ചത് പഴ്‌സില്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിന്; ആര്‍ബിഐയ്ക്ക് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

Web Desk
Posted on September 06, 2019, 3:55 pm

മുംബൈ: പഴ്‌സുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിനാണ് കറന്‍സി നോട്ടുകളുടെ വലിപ്പം കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന്‍ നേരിടുന്ന ബുദ്ധിമുട്ട് വിശദമാക്കി നാക്ഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ്(എന്‍എബി) സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ആര്‍ബിഐ ഇക്കാര്യം മുംബൈ ഹൈക്കോടതിയെ അറിയിച്ചത്.

നോട്ടുകളുടെ വലിപ്പക്കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ ആര്‍ബിഐയ്ക്ക് ഇത്രയും കാലം വേണ്ടി വന്നോയെന്നും ഇപ്പോള്‍ പഴ്‌സില്‍ വെയ്ക്കാവുന്ന തരത്തിലുള്ള നോട്ടുകളായി ഇനി പഴ്‌സ് വെയ്ക്കാവുന്ന തരത്തില്‍ പോക്കറ്റുകള്‍ ഉണ്ടാക്കും. അങ്ങനെ വസ്ത്രത്തിന്റെ ഡിസൈനര്‍ തീരുമാനിക്കും പോലെയാകും നോട്ടുകളുടെ ആകൃതിയെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നവരാണ് വാദം കേട്ടത്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് പുതിയ നോട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ഡോളര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കറന്‍സികള്‍ക്ക് ഇന്ത്യയിലെ നോട്ടുകളേക്കാള്‍ വലിപ്പം കുറവാണെന്നും റിസര്‍വ് ബാങ്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ വിആര്‍ ധോങ് കോടതിയില്‍ അറിയിച്ചു.