Site iconSite icon Janayugom Online

ശിരസ് വത്മീകത്തില്‍ അര്‍പ്പിക്കുന്നവര്‍ അഥവാ സ്വയം ഹത്യ ചെയ്യുന്നവര്‍

‘ഇതാ നിന്റെ ശിരസ് കൈലാസത്തോളം ഉയരുന്നു… ആരാച്ചാരുടെ കയര്‍ നിന്റെ കഴുത്തില്‍ പത്തിവിടര്‍ത്തുന്നു… വിമോചന സ്വപ്നം നിന്റെ തലയില്‍ തിങ്കള്‍ ചൂടിക്കുന്നു നിന്റെ ജടയില്‍ നിന്നൊഴുകുന്ന രക്തഗംഗ ഞങ്ങളുടെ വരണ്ട ഭൂമിയെ ഫല സമൃദ്ധമാക്കുന്നു’ ഭഗത്‌സിങ് എന്ന ധീരവിപ്ലവകാരിയായ രക്തസാക്ഷിയെ അനുസ്മരിച്ച് കവി കെ സച്ചിദാനന്ദന്‍ ഇങ്ങനെ കുറിച്ചു. ഇന്‍ക്വിലാബിന്റെ ശബ്ദം ഇന്ത്യന്‍ മണ്ണില്‍ മുഴക്കി, വിപ്ലവകാഹളമുയര്‍ത്തി ബ്രിട്ടീഷ് മേധാവിത്വത്തെ വെല്ലുവിളിക്കുകയും ഞെട്ടിക്കുകയും ചെയ്ത ഭഗത്‌സിങ് ഇന്ത്യക്കാവശ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് തൂക്കുമരത്തിലേറുന്നതിന് മുമ്പ് കാരാഗൃഹത്തില്‍ കിടന്ന് എഴുതുകയുമുണ്ടായി. ഭഗത്‌സിങ്ങും രാജ്ഗുരുവും സുഖ്ദേവും ഭട്കേശ്വര്‍ ദത്തും ചന്ദ്രശേഖര്‍ ആസാദും ഉത്തം സിങ്ങും ഹെമുകലാനിയും കയ്യൂര്‍-പുന്നപ്ര‑വയലാര്‍ സമരസേനാനികളും വ്യത്യസ്ത ധാരകളിലൂടെയാണ് സ്വാതന്ത്ര്യ സമ്പാദന പോരാട്ടം നയിച്ചതെങ്കിലും അതില്‍നിന്ന് വ്യത്യസ്ത വഴികളിലൂടെ പ്രക്ഷോഭം നയിച്ച കോണ്‍ഗ്രസിലും നിരവധി രക്തസാക്ഷിത്വങ്ങളുണ്ടായി. ഗോപാലകൃഷ്ണ ഗോഖലെയെയും ബാലഗംഗാധര തിലകനെയും ലാലാ ലജ്പത്റായിയെയും ദാദാഭായി നവറോജിയെയും സുരേന്ദ്രനാഥ ബാനര്‍ജിയെയും മഹാത്മാഗാന്ധിയെയും മോത്തിലാല്‍ നെഹ്രുവിനെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും അറിയുന്ന എത്ര പേരുണ്ട് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍.

അഖിലേന്ത്യാ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അനാഥത്വം കാലങ്ങളായി തുടരുന്ന വേളയില്‍ പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പിന് വൈകിയാണെങ്കിലും കളമൊരുങ്ങിയിട്ടുണ്ട്. അതു പക്ഷേ വിചിത്രമായ ഫലിതനാടകമായി പരിണമിക്കുന്നുവെന്നത് കോണ്‍ഗ്രസിന്റെ ദയനീയ പതനത്തെ വിളിച്ചറിയിക്കുന്നു. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷപദം വിട്ടൊഴിഞ്ഞ് ഒളിച്ചോടി. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം രാഹുലിനെ പരിഭ്രാന്തനാക്കി. പ്രിയങ്കയും തിരശീലയ്ക്ക് പിന്നില്‍‍ ഒളിച്ചു. ഒടുവില്‍ സോണിയാ ഗാന്ധി തന്നെ താല്ക്കാലിക അധ്യക്ഷയാകേണ്ടി വന്നു. അധ്യക്ഷനെ കിട്ടാതെ അലയുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടേത് ജനാധിപത്യ പാര്‍ട്ടിയാണെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചുകൂവും. പക്ഷേ എത്രയോ പതിറ്റാണ്ടുകളായി ജനാധിപത്യവും തെരഞ്ഞെടുപ്പും കണികയ്ക്കുപോലുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സീതാറാം കേസരിയെ പുറത്താക്കി സോണിയാ ഗാന്ധി അധ്യക്ഷയായ ശേഷം, ജിതേന്ദ്ര പ്രസാദും ശരത് പവാറും മത്സരിച്ചശേഷം ജനാധിപത്യവും തെരഞ്ഞെടുപ്പും അപ്രത്യക്ഷമായ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. നോമിനേറ്റഡ് പ്രവര്‍ത്തക സമിതിയും കെപിസിസിയും ഡിസിസിയും ബ്ലോക്ക്-മണ്ഡലം സമിതികളും ബൂത്ത് കമ്മിറ്റികളുമുള്ള ഭക്തവത്സലന്മാരുടെയും ആശ്രിതരുടെയും വിനീതവിധേയരുടെയും കൂടാരമാണ് ഇന്നത്തെ കോണ്‍ഗ്രസ്.


ഇതുകൂടി വായിക്കൂ: പതിവുകാഴ്ചയാകുന്ന ഭാരത് ജോഡോ യാത്ര  


എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഗാന്ധിജിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയായിരുന്നു പില്‍ക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ പട്ടാഭി സീതാരാമയ്യ. പക്ഷേ തെരഞ്ഞെടുപ്പില്‍ പട്ടാഭി സീതാരാമയ്യ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മുന്നില്‍ പരാജയപ്പെട്ടു. നെഹ്രു നിര്‍ദ്ദേശിച്ച പുരുഷോത്തം ദാസ് ടണ്ടന്റെ എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള വിജയവും ചരിത്രത്തിന്റെ ഭാഗം. ഇപ്പോള്‍ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിര്‍ദ്ദേശിച്ച അശോക് ഗെലോട്ട് ഓടി മറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കാള്‍‍ തനിക്ക് വലുത് രാജസ്ഥാന്‍ മുഖ്യമന്ത്രി പദമാണെന്ന് അശോക് ഗെലോട്ട് പറയാതെ പറയുകയും എംഎല്‍എമാരുടെ രാജി ഭീഷണിയിലൂടെ ഹൈക്കമാന്‍ഡ് എന്ന ലോ കമാന്‍ഡിനെ തന്റെ വരുതിയിലാക്കുകയും ചെയ്തു. എട്ടുവര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തന പരിചയം മാത്രമുള്ള ശശിതരൂരും 80 വയസ് പിന്നിട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നത്. ഇവരില്‍ ആരു ജയിച്ചാലും കോണ്‍ഗ്രസ് വീണ്ടും ശരശയ്യയിലായിരിക്കും എന്നത് ഉറപ്പാണ്.

സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും സ്വിച്ചിടുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവകളാവാനേ അവര്‍ക്ക് കഴിയു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവയ്ക്കാന്‍ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്നത് എണ്‍പത് വയസു കഴിഞ്ഞ എ കെ ആന്റണിയാണ്. യുവനേതാവായിരിക്കുമ്പോള്‍ എഐസിസിയിലും കെപിസിസിയിലും യുവത്വം വരണമെന്ന് വീറോടെ വാദിക്കുകയും ഏറ്റവും ചെറിയ പ്രായത്തില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും പ്രവര്‍ത്തക സമിതിയംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ എ കെ ആന്റണി ഇപ്പോള്‍ എണ്‍പത് വയസ് പിന്നിട്ട വ്യക്തിയെ കോണ്‍ഗ്രസിന്റെ അമരത്തേക്ക് ആനയിക്കുവാന്‍ യത്നിക്കുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു ഫലിതം. കോണ്‍ഗ്രസ് ശിരസ് ചിതല്‍പുറ്റില്‍ പൂഴ്ത്തി സ്വയം ഹത്യ വരിക്കുന്ന തിരക്കിലാണ്. “മുന്നിലേക്കൊന്നിറങ്ങുക, സോദരാ സുന്ദരമാമൊരേ ലോകത്തിനായ്” എന്ന ഗാന്ധിവചനങ്ങള്‍ കോണ്‍ഗ്രസുകാര്‍ എന്നേ മറന്നുപോയ്. വയലാര്‍ പക്ഷേ ഈ വരികള്‍ ഉച്ചത്തില്‍ പാടി.

Exit mobile version