സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി

June 03, 2021, 9:57 pm

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല: സുപ്രീംകോടതി

വിനോദ് ദുവക്കെതിരായ കേസ് റദ്ദാക്കി വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി
Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ പരാമർശത്തിന്റെ പേരിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി. രാജ്യത്തിനെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കാത്ത സര്‍ക്കാര്‍ വിരുദ്ധ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന് കേസ് തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേദാർനാഥ് സിങ് വിധി(1962) അനുസരിച്ചുള്ള സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദുവയുടെ ഹര്‍ജി പരിഗണിച്ചത്. ദേശദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധിയും നിയന്ത്രണങ്ങളും നിശ്ചയിക്കണമെന്ന് കഴിഞ്ഞ ദിവസം പരമോന്നത കോടതിയിൽ നിന്നുണ്ടായ നിരീക്ഷണത്തിന്റെ തുടർച്ചയായാണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്. 

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നടത്തിയ വിമർശനത്തിന്റെ പേരിൽ ബിജെപി നേതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹിമാചൽപ്രദേശിൽ രജിസ്റ്റർചെയ്ത കേസാണ് പരമോന്നത കോടതി തള്ളിയിരിക്കുന്നത്. ഇതേ വിഷയത്തിൽ ഡൽഹി പൊലീസ് ദുവക്കെതിരെ ചുമത്തിയ കേസ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത് മണിക്കൂറുകൾക്കകമായിരുന്നു ഹിമാചലിൽ കേസുണ്ടായത്. ഇതിനെതിരെ ദുവ നല്കിയ ഹർജിയിലാണ് ഇപ്പോഴത്തെ നടപടി. സമൂഹത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന പരാമർശങ്ങളിൽ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂവെന്നാണ് കേദാര്‍നാഥ് കേസിൽ സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുള്ളത്.
മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഈ വിധി ബാധകമാണെന്ന് കോടതി വിധിച്ചു. തോന്നിയ പോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി വോട്ട് നേടുന്നതിനായി ‘മരണങ്ങളും ഭീകരാക്രമണങ്ങളും’ ഉപയോഗിച്ചെന്ന് ദുവ യുട്യൂബ് ചാനല്‍ ഷോയില്‍ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് പരാതി നല്‍കിയത്. ഹിമാചല്‍ പൊലീസ് ദുവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. എന്നാല്‍ കോടതിയിലെത്തിയ ദുവ അറസ്റ്റില്‍ നിന്നും സംരക്ഷണം നേടി. പക്ഷേ ദുവക്കെതിരായ അന്വേഷണം അന്ന് റദ്ദാക്കിയില്ല. ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കേസില്‍ ഏതെങ്കിലും തരത്തില്‍ ദുവയ്ക്കെതിരേ നടപടിയെടുക്കുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോടതി വിലക്കിയിരുന്നു. 

ENGLISH SUMMARY:Criticism of PM is not trea­son: Supreme Court
You may also like this video