Janayugom Online
Mlayalam

ഭാഷാധ്യാപനവും വിമര്‍ശകരും

Web Desk
Posted on April 05, 2018, 10:40 pm

 

n sreekumar

എന്‍ ശ്രീകുമാര്‍

മലയാള ഭാഷാധ്യാപനത്തിന് പാരമ്പര്യ രീതികളാണ് ഉത്തമമെന്നും ആധുനിക രീതി ശുദ്ധ അബദ്ധമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നു. ഭാഷാധ്യാപനം മാത്രമല്ല, പാഠ്യപദ്ധതി പരിഷ്‌ക്കരണം, ഗ്രേഡിങ് സമ്പ്രദായം, സാമൂഹിക ജ്ഞാന നിര്‍മിതി വാദം തുടങ്ങിയവയെല്ലാം നമ്മുടെ കുട്ടികളുടെ പഠന നിലവാരത്തെ തകര്‍ത്തു കളഞ്ഞെന്നാണ് ആക്ഷേപം. ഏത് പഠന സമ്പ്രദായത്തിലും ഗുണവും ദോഷവും ഉണ്ടാകുമെന്ന ആനുകൂല്യം പോലും വിമര്‍ശകര്‍ ആധുനിക ഭാഷാധ്യാപനത്തിനോ പാഠ്യപദ്ധതി നവീകരണത്തിനോ നല്‍കുന്നില്ല. പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പ്പോലെയൊരാള്‍ കൂടി ഈ വാദം ഉയര്‍ത്തിയതോടെ വിമര്‍ശകരുടെ നിര, ശക്തമായി. കവിതാസ്വാദകരിലെ പാരമ്പര്യവാദികളും ആധുനികരും യുക്തി ചിന്തകരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട കവിയാണല്ലോ അദ്ദേഹം. മലയാള ഭാഷാധ്യാപനത്തെ മുന്‍നിര്‍ത്തി സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആക്ഷേപം ഉയര്‍ത്തിയപ്പോള്‍ അത് പൊതുസമൂഹത്തെയാകെ ആശങ്കാ കുലരാക്കി. സാധാരണ വിദ്യാലയങ്ങളില്‍ കുട്ടികളെ അയച്ചു പഠിപ്പിക്കുന്നവര്‍ക്ക് അപ്പോള്‍ മാനസിക പ്രയാസം നേരിടുന്നത് സ്വാഭാവികം മാത്രം. കവിയെ കൂടാതെ മറ്റ് സാഹിത്യകാരന്മാരും സിനിമാ സംവിധായകരുമെല്ലാം രംഗത്തിറങ്ങിയതോടെ മലയാള ഭാഷാബോധനം തന്നെ സംശയത്തിന്റെ നിഴലിലായിപ്പോയ അവസ്ഥയാണ് നിലവിലുള്ളത്. മലയാള ഭാഷാധ്യാപനത്തെയും ഭാഷാധ്യാപകരുടെ നിലവാരത്തെയും പറ്റി കേരള നിയമസഭ തന്നെ ചര്‍ച്ച ചെയ്യുന്ന സ്ഥിതിയുമുണ്ടായി.
ഇതിനിടയില്‍ ആധുനിക ഭാഷാപഠന ക്ലാസ് മുറികളുടെ മികവിനെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ കൂടുതല്‍ കല്ലേറ് ക്ഷണിച്ചു വരുത്താനേ അതിടയാക്കൂ. അതുകൊണ്ടു തന്നെ നിലവിലെന്താണ് നടക്കുന്നതെന്ന് വ്യക്തതയില്ലാതെ പോകുന്നുമുണ്ട്. ഒരുപക്ഷേ, പാഠ്യപദ്ധതി പരിഷ്‌ക്കരണം ഏറ്റവുമധികം ചലനാത്മകമാക്കിയത് നമ്മുടെ ഭാഷാക്ലാസ് മുറികളെയാണെന്ന വസ്തുതയാണിവിടെ തമസ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്. പരമ്പരാഗത മലയാള ഭാഷാ ക്ലാസുകളിലെ നായകന്മാര്‍ ഭാഷാധ്യാപകര്‍ തന്നെയായിരുന്നു. അവരില്‍ ഭാവാത്മകമായ അവതരണ രീതികൊണ്ട് പഠിതാക്കളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ഒട്ടേറെപ്പേരുണ്ട്. അവരുടെ സ്വരമാധുര്യത്തോടെയുള്ള കവിതാലാപനവും ഭാവാത്മകമായ അവതരണവും വിഖ്യാതമാണ്. കവിതയെഴുതിയ വൃത്തമേതാണെന്നും അതിലുള്ള അലങ്കാര കല്പനകള്‍ ഏതെല്ലാമാണെന്നും ആ അധ്യാപകന്‍ കണ്ടെത്തി ലക്ഷണ സഹിതം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. സന്ധി, സമാസം തുടങ്ങിയ ഭാഷാ കാര്യങ്ങളും ഇതുപോലെ പഠിപ്പിച്ചു. ഇത് യഥാവിധി ഹൃദിസ്ഥമാക്കുന്ന ഉത്തരവാദിത്തമാണ് കുട്ടികളില്‍ നിക്ഷിപ്തമായിരുന്ന ജോലി. അത് ഭംഗിയായി ചെയ്തിരുന്നവരെ ഭാഷാകാര്യങ്ങളില്‍ നല്ല വൈദഗ്ദ്ധ്യമുള്ളവരായി പരിഗണിച്ചു. എന്നാല്‍, അന്നത്തെ ക്ലാസിലിരുന്ന എല്ലാവരും ഇക്കാര്യങ്ങളിലൊക്കെ മികവുറ്റവരായി തീര്‍ന്നുവെന്ന് ധരിക്കേണ്ടതില്ല. വൈദഗ്ധ്യം നേടിയത് ന്യൂനപക്ഷമായിരുന്നുവെന്നത് ചരിത്രം. അന്ന് ക്ലാസിലിരുന്നു പഠിച്ചവര്‍ക്കെല്ലാം നല്ല അക്ഷരബോധമായിരുന്നുവെന്ന് ആരും സമ്മതിക്കുമെന്നും തോന്നുന്നില്ല? പ്രായോഗിക ജീവിതത്തിലെ വിവിധ വിനിമയങ്ങള്‍ക്ക് ഭാഷ സമര്‍ത്ഥമായി കൈകാര്യം ചെയ്തവരും കുറവായിരുന്നു എന്നതാണ് ഭാഷാബോധനം മാറണമെന്ന ചിന്തതന്നെ വ്യാപകമാക്കിയത്.
ഉദ്ദേശം ഇരുപതു വര്‍ഷം മുമ്പ്, സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഔദ്യാഗിക ഭാഷാ വിദഗ്ധനെന്ന ഉദ്യോഗത്തിന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായ കാര്യം സ്മരിക്കുകയാണ്. അഭിമുഖം മാത്രമാണ് തെരഞ്ഞെടുക്കാനുള്ള യോഗ്യതയായി തീരുമാനിച്ചത്. മലയാളം ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കു ണ്ടാകേണ്ടിയിരുന്ന യോഗ്യത. അഭിമുഖത്തിനെത്തിയവരോട് പ്രമുഖ ഭാഷാപണ്ഡിതനായ പന്മന രാമചന്ദ്രന്‍നായര്‍ ഒരു തുണ്ട് കടലാസ് നല്‍കി പത്തു വാക്കുകള്‍ എഴുതാന്‍ ആവശ്യപ്പെടുകയാണ് ആദ്യം ചെയ്തത്. മലയാള ഭാഷയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞു വന്നവരുടെ ഭാഷാ ബോധത്തേയും അക്ഷര ബോധത്തേയും കുറിച്ച് അദ്ദേഹത്തിന് സംശയമുള്ളതുകൊണ്ടുതന്നെയാകണം ഇങ്ങനെയൊരു പരീക്ഷ കൂടി എഴുതിപ്പിച്ചത്. അദ്ദേഹം എഴുതാന്‍ ആവശ്യപ്പെട്ട പത്തു വാക്കുകളില്‍ മൂന്നെണ്ണം തെറ്റായി എഴുതിയ ആളാണ് ഇതെഴുതുന്നയാള്‍. എന്നിരുന്നിട്ടും നിയമനം ലഭിച്ച ഒന്നാം റാങ്കുകാരന്റെ തൊട്ടുതാഴെയുള്ള സ്ഥാനം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ചത് ഓര്‍ക്കുകയാണ്. അതിലും താഴെ ലിസ്റ്റില്‍ പേരു വന്നവര്‍ കൂടുതല്‍ വാക്കുകള്‍ തെറ്റിച്ചിട്ടുണ്ടാകാം! ഏതായാലും ഈ അനുഭവം വ്യക്തമാക്കുന്നത് സാമ്പ്രദായിക ഭാഷാ പഠനവും കുറ്റമറ്റതായിരുന്നില്ലെന്നാണ്. മുതിര്‍ന്ന ഒരു ഭാഷാ പണ്ഡിതന്‍ സന്നിഗ്ധം’എന്നാണോ സന്ദിഗ്ധം’എന്നാണോ എഴുതേണ്ടതെന്ന് അറിയാതെ വിഷമിക്കുന്ന കാഴ്ചയും അടുത്ത സമയത്ത് കണ്ടു!
പുതിയ പഠന സമ്പ്രദായത്തിന്റെ ജീവന്‍, പഠനം വിദ്യാര്‍ഥി കേന്ദ്രീകൃതമാണെന്നുള്ളതാണ്. അവിടെ അധ്യാപകന്‍ സര്‍വ്വ സൈന്യാധിപനല്ല. മറ്റു വിഷയങ്ങളിലെന്നപോലെ കുട്ടിയുടെ താല്പര്യത്തിനും മനോഭാവത്തിനും ചേരുന്ന വിധമാണ്. സ്വാഭാവികമായും ഭാഷാ ക്ലാസുകളും രൂപപ്പെടുന്നത്. പാഠഭാഗത്തിന്റെ സ്വതന്ത്രമായ വായന, ആശയം കണ്ടെത്തല്‍, അധ്യാപകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കൂടുതല്‍ ആഴത്തിലുള്ള വായന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ക്ലാസില്‍ നടക്കുന്നുണ്ട്. കവിതാ പഠനത്തിലാകട്ടെ ഇഷ്ടപ്പെട്ട വരികള്‍ കണ്ടെത്തല്‍, അതിനുള്ള കാരണം തിരിച്ചറിയല്‍ എന്നിവ നടക്കണം. സവിശേഷ പ്രയോഗങ്ങള്‍, പുതുതായി പഠിക്കുന്ന പദങ്ങള്‍, ഏറ്റവും ആകര്‍ഷിച്ച വാക്കുകളും പ്രയോഗങ്ങളും, പദച്ചേര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാനും അവസരമുണ്ട്. ലളിതമായ ഭാഷയിലൂടെ വിശദീകരിക്കാനുള്ള ശേഷി, സന്ദര്‍ഭത്തിനനുസരിച്ച് പദങ്ങള്‍ പ്രയോഗിക്കാനുള്ള കഴിവ് തുടങ്ങിയവയെല്ലാം വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഭാഷാ ക്ലാസ് നല്‍കാന്‍ പരിശ്രമിക്കുന്നുണ്ട്. കവിതാ ക്ലാസില്‍ അധ്യാപകന്റെ ആസ്വാദന ബോധത്തിനപ്പുറം, കുട്ടികള്‍ക്ക് തന്നെ സ്വതന്ത്രമായി ഈണവും താളവും നിര്‍ണയിക്കാനവസരമുണ്ട്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവര്‍ത്തിച്ചുള്ള വായനയിലൂടെ കവിതാപാഠങ്ങള്‍ കുട്ടികള്‍ക്ക് ഹൃദിസ്ഥമാക്കാനാവുന്നതേയുള്ളൂ. ഈ രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ പരമ്പരാഗത രീതിയില്‍ കവിത മനഃപാഠമാക്കുന്ന കുട്ടിയെക്കാള്‍ ഭാഷയിലേക്കും ആസ്വാദനത്തിലും മുന്നിലായിരിക്കാനാണ് സാധ്യതയുള്ളത്. ചുരുക്കത്തില്‍ കേവലം യാന്ത്രികമായ പഠനരീതിയിലല്ല, ജൈവികമായ വിധത്തില്‍ ഭാഷയെ തിരിച്ചറിയുന്ന ഒട്ടേറെ പ്രവര്‍ത്തനം ഇന്നത്തെ ക്ലാസില്‍ നടക്കുന്നുണ്ട്. ഇതിലൂടെ നല്ല ആശയ പ്രകടനശേഷിയുള്ള കുട്ടികളെ വാര്‍ത്തെടുക്കാന്‍ കഴിയുന്നുവെന്നാണ് പൊതുവേയുള്ള അനുഭവം. അവരുടെ ഭാഷാശേഷി ആക്ഷേപിക്കുന്നത്ര മോശമല്ലെന്നാണ് നാഷണല്‍ അച്ചിവ്‌മെന്റ് സര്‍വ്വേ പോലുള്ള പഠന ഫലങ്ങളും വ്യക്തമാക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ പഠന പുരോഗതിക്കായി ‘ശ്രദ്ധ’’ എന്ന പേരില്‍ ഒരു പ്രവര്‍ത്തനം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടത്തിയതിന്റെ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ വകുപ്പിലുണ്ട്. കുട്ടികളുടെ ഭാഷാ വായന, എഴുത്ത് എന്നീ ശേഷികളുടെ പൊതു നിലവാരം മോശമല്ലെന്നത് വ്യക്തമാക്കിത്തരും. പിന്നോക്കം നില്‍ക്കുന്ന ചെറിയ ശതമാനം കുട്ടികളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സംസ്ഥാന വ്യാപകമായി ഈ പ്രവര്‍ത്തനം നടത്താനാണ് പദ്ധതി. ഭാഷയില്‍ പിന്നോക്കക്കാരെ സൃഷ്ടിക്കുന്നതില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ വലിയൊരു പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ പൊതുവിദ്യാലയങ്ങളില്‍ ഒന്നര ലക്ഷത്തോളം കുട്ടികള്‍ വര്‍ധിച്ചതില്‍ കേവലം പതിനൊന്നായിരം കുട്ടികള്‍ മാത്രമാണ് ഒന്നാം ക്ലാസില്‍ പുതുതായി എത്തിയത്. ശേഷിക്കുന്നവര്‍ രണ്ടു മുതല്‍ പത്തു വരെ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് എത്തിച്ചേര്‍ന്നവരാണ്. അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിസന്ധിയിലേക്കായിരിക്കും ഭാഷാ പഠനം പോവുക.
കുട്ടികളുടെ ഭാഷാ പുരോഗതിക്കായി പാഠ്യപദ്ധതിയെയോ, അധ്യാപന രീതിയെയോ പഴിചാരുകയല്ല, നിശ്ചയിക്കപ്പെട്ട പഠന രീതികള്‍ ക്ലാസുകളില്‍ വേണ്ടവിധം പ്രായോഗികമാവുന്നുണ്ടോ എന്ന അന്വേഷണമാണ് ജാഗ്രതയോടെ നടക്കേണ്ടത്. നമ്മുടെ അധ്യാപകരില്‍ ഒരു വിഭാഗമെങ്കിലും ഭാഷാസ്‌നേഹമില്ലാത്തവരും, പുതിയ പഠന രീതിക്കനുസരിച്ച് മാറ്റം ഉള്‍ക്കൊള്ളാന്‍ വിമുഖരായവരുമാണ്. അവരുടെ മനോഭാവം മാറ്റാന്‍ ശ്രദ്ധിച്ചാലേ കാര്യങ്ങള്‍ നന്നായി നടക്കൂ. മൂന്നാം വയസില്‍ നിലത്തെഴുത്ത് ആശാട്ടിമാര്‍ക്കു മുന്നില്‍ പോയി അക്ഷരബോധം വരുത്തി സ്‌കൂളിലെത്തുന്നവരല്ല ഇന്നുള്ള കുട്ടികള്‍. അവര്‍ എല്‍.കെ.ജി തലത്തില്‍ മുതല്‍ ഇംഗ്ലീഷ് ഭാഷയെ ശരണം തേടിയവരാണ്. ഏറെക്കുറെ സങ്കീര്‍ണമായ നമ്മുടെ മാതൃഭാഷ അവരില്‍ നന്നായി പകര്‍ന്നു നല്‍കാന്‍ സമൂഹം ഒന്നാകെ പരിശ്രമം നടത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
(സംസ്ഥാന സ്‌കൂള്‍ കരിക്കുലം കമ്മിറ്റി അംഗം)