പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചങ്ങാത്ത മുതലാളിത്തത്തിനും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ഡിസംബർ പത്തിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുവാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുകയാണ്. ചങ്ങാത്ത മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാരിന്റെ പങ്ക് തുറന്നുകാട്ടുക, ബിജെപിയുടെ ദുർഭരണത്തെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രക്ഷോഭം.
ആഗോളതലത്തിൽ പരിശോധിച്ചാൽ ദശകങ്ങളുടെ പഴക്കമുള്ള സംജ്ഞയാണ് ചങ്ങാത്ത മുതലാളിത്തം. സമ്പന്ന വ്യവസായ ശക്തികളും ഭരണകൂടങ്ങളും തമ്മിൽ രൂപപ്പെടുന്ന അവിഹിത ബാന്ധവമാണ് ചങ്ങാത്ത മുതലാളിത്തമെന്ന് ലളിതമായി വ്യാഖ്യാനിക്കാം. പക്ഷപാതിത്വത്തിന്റെയും വഴിവിട്ട നേട്ടങ്ങളുടെയും സംവിധാനമാണ് ചങ്ങാത്ത മുതലാളിത്തമെന്നാണ് വിദഗ്ധർ വ്യാഖ്യാനിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഏതാനും കോർപറേറ്റുകൾക്കോ വാണിജ്യ വ്യവസായ സംരംഭങ്ങൾക്കോ ഭരണകൂടത്തിൽ നിന്നും ഉദ്യോഗസ്ഥ വൃന്ദത്തിൽ നിന്നും പ്രത്യേക പരിഗണന ലഭിക്കുന്നു. അത്തരം ആനുകൂല്യങ്ങളും ഇളവുകളും അവരുടെ കഴിവുകൾ പരിഗണിച്ചായിരിക്കില്ല ലഭിക്കുന്നത്. സർക്കാരിൽ നിന്നുള്ള മുൻഗണനകളും പരിഗണനകളും കൊണ്ടാണ്. ഇത് രാഷ്ട്രീയ അധികാര ശക്തികളും മുതലാളിമാരും തമ്മിലുള്ള അവിഹിത ബാന്ധവമായി വളരുന്നു.
നമ്മുടെ രാജ്യത്തും ഈ സംജ്ഞ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും ഉദാരവൽക്കരണ നയത്തോടെയാണ് അതിന് വ്യാപ്തിയുണ്ടായത്. സർക്കാരിന്റെ നയങ്ങൾ ജനപക്ഷത്തുനിന്ന് മാറി വ്യാപാരികളുടെയും വ്യവസായികളുടെയും താല്പര്യങ്ങൾക്ക് കൂടുതൽ പരിഗണന കിട്ടുന്നതാവുകയും അവർക്ക് നൽകപ്പെടുന്ന ആനുകൂല്യങ്ങളും സഹായങ്ങളും സാധാരണ പൗരന്മാർക്ക് നൽകുന്നതിനെക്കാൾ കൂടുതലാവുകയും ചെയ്യുന്ന സാഹചര്യമാണ് ചങ്ങാത്ത മുതലാളിത്തത്തോടെ സംജാതമായത്. 1991ൽ രാജ്യത്ത് നടപ്പിലാക്കിയ ഉദാരവൽക്കരണ നയങ്ങളാണ് ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തം ശക്തിപ്പെട്ടത്. 1991ൽ സാമ്പത്തിക ഉദാരവൽക്കരണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ രണ്ട് ദശകങ്ങളിൽ സമ്പദ്ഘടനയിൽ ഘടനാപരമായ മാറ്റങ്ങളുണ്ടായി. തുറന്നതും മത്സരാധിഷ്ഠിതവുമായ വിപണി, സ്വകാര്യവൽക്കരണത്തിന് ഊന്നൽ തുടങ്ങിയ സഹായങ്ങൾ മുതലാളിമാർക്ക് അനുകൂലമായി സൃഷ്ടിക്കപ്പെട്ടു.
നവ ഉദാരവൽക്കരണത്തോടെ കോർപറേറ്റ് സമ്പത്ത് വർധിച്ചു തുടങ്ങി. ഇത് ഇന്ത്യൻ സമ്പദ്ഘടനയെ ബാധിക്കുകയും വ്യവസ്ഥാപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വം രൂക്ഷമാക്കി. മൂലധനവും നൈപുണ്യവും ചെറിയ ഭാഗം സമ്പന്നരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ളതായി. പ്രത്യേക സാമ്പത്തിക മേഖല തുടങ്ങിയ ഇളവുകളിലൂടെ കോർപറേറ്റ് വ്യവസായ, വാണിജ്യ മേ ഖല പുഷ്ടിപ്പെട്ടപ്പോൾ മറ്റ് മേഖലകൾ അപര്യാപ്തതയും ദുർബലമായ ഉല്പാദനക്ഷമതയും മൂലം കഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കി. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയും അതിലൂടെ ലാഭം വർധിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു നവ ഉദാരവൽക്കരണാനന്തരമുള്ള ഇന്ത്യയുടെ സാമ്പത്തിക നയം. ഒരർത്ഥത്തിൽ ഇത് കോർപറേറ്റുകളുടെ എണ്ണത്തിലും സ്ഥിതിയിലും വർധനയുണ്ടാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. സമ്പത്ത് ഏതാനും ചില സംഘങ്ങളുടെ കൈകളില്‍ കേന്ദ്രീകരിക്കുന്നതിലൂടെ അവരുടെ ലാഭ താല്പര്യത്തിനപ്പുറമുള്ള മേഖലകളിൽ കുറഞ്ഞ നിക്ഷേപത്തിനും ഉയർന്ന തൊഴിലില്ലായ്മയ്ക്കും കാരണമാകുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വന്‍കിടയായ 20 സ്ഥാപനങ്ങൾ 1990ൽ മൊത്തം കോർപറേറ്റ് ലാഭത്തിന്റെ 14, 2010ൽ 30ശതമാനം എന്നിങ്ങനെ കൈക്കലാക്കി യെന്നാണ് കണക്കാക്കിയത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ആദ്യവേരുകൾ അവിടെ നിന്നാണ് ആരംഭിക്കുന്നതെങ്കിലും 2014ൽ മോഡി
അധികാരത്തിലെത്തിയതോടെയാണ് അത് കൂടുതൽ ശക്തമായത്. ചങ്ങാത്ത മുതലാളിത്തമെന്നത് എല്ലാ ദിവസവും ചർച്ച ചെയ്യപ്പെടുന്ന വിഷയമായി. ചങ്ങാത്ത മുതലാളിത്ത ശ്രേണിയിൽ ഉൾപ്പെടുന്ന പേരുകൾ ചുരുങ്ങുകയും അത് ഗൗതം അഡാനി തുടങ്ങിയവയിൽ ഒതുങ്ങുകയും ചെയ്തുവെന്ന പ്രത്യേകതയുമുണ്ടായി. പ്രസ്തുത ബാന്ധവം അഡാനി ഉൾപ്പെടെ മുതലാളിമാരിൽ നിന്നുള്ള കൊടുക്കൽ വാങ്ങലുകളുടെ വേഗതയും തോതും വർധിപ്പിച്ചു. നേരിട്ടല്ലാതെ വാങ്ങൽ നടത്തുന്നതിന് സർക്കാർ ഇലക്ടറൽ ബോണ്ട് പോലുള്ള സംവിധാനങ്ങൾ ആവിഷ്കരിച്ച് നിയമപ്രാബല്യമുണ്ടാക്കി നടപ്പിലാക്കി. അതിസമ്പന്നരുടെ വായ്പകൾ എഴുതിത്തള്ളുന്നതിന്റെ തോത് വർധിച്ചു. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ 20 സ്ഥാപനങ്ങൾ മൊത്തം കോർപറേറ്റ് ലാഭത്തിന്റെ വിഹിതം കയ്യടക്കിയത് 2010ൽ 30 ശതമാനമായിരുന്നത് 2019ൽ 70 ശതമാനമായെന്ന കണക്ക് ഈ വൈപുല്യത്തെയാണ് വെളിപ്പെടുത്തുന്നത്.
അഡാനി ഗ്രൂപ്പിനെതിരെ നിരന്തരം ആരോപണങ്ങളും പരാതികളും ഉയർന്നിട്ടും സ്വാഭാവിക നടപടികൾ പോലും ഇത്രകാലമായിട്ടും മോഡിസർക്കാരിൽ നിന്നുണ്ടായില്ലെന്നത് ചങ്ങാത്തത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നു. യുഎസിൽ അഴിമതിക്കുറ്റം ചുമത്തിയിട്ടും കമ്പനിയെ സംരക്ഷിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇന്ത്യയിലെ രാഷ്ട്രീയ അധികാരവും കോർപറേറ്റ് താല്പര്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളുയർന്നിട്ടും അവഗണിക്കപ്പെടുന്നു. അഡാനിയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളും തെറ്റായ പ്രവർത്തനങ്ങളും പാർലമെന്ററി സംയുക്ത സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെയും ജനങ്ങളുടെയും ആവശ്യം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യത്തോടുപോലും മുഖംതിരിച്ചുനിൽക്കുകയാണ് കേന്ദ്ര സർക്കാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.