കേന്ദ്രസര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതി അവതാളത്തില്‍

Web Desk
Posted on March 25, 2018, 10:44 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് ഏറെ ആഘോഷപൂര്‍വ്വം കൊണ്ടുവന്ന കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി അവതാളത്തില്‍. 2017–2018 വര്‍ഷത്തില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെട്ട കാര്‍ഷികമേഖലയുടെ തോത് 24 ശതമാനമായി കുറഞ്ഞു. 2016–2017ലേത് 30 ശതമാനമായിരുന്നു. 40 ശതമാനത്തിലധികം കാര്‍ഷികവിളകളെ ഉള്‍പ്പെടുത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.
പദ്ധതിയില്‍ ചേരുന്ന കര്‍ഷകരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ഖാരിഫ് റാബി കൃഷി ചെയ്യുന്ന കര്‍ഷകരില്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവര്‍ 14 ശതമാനമായി കുറഞ്ഞു. 2017–2018ല്‍ പ്രധാനമന്ത്രി ഫസല്‍ ഭീമായോജനയില്‍ 47.5 ദശലക്ഷം ഹെക്ടര്‍ കാര്‍ഷികവിളയാണ് ഇന്‍ഷ്വര്‍ ചെയ്തിരുന്നത്. മൊത്തം കാര്‍ഷിക വിളയുടെ ദൈര്‍ഘ്യം 198.4 ദശലക്ഷം ഹെക്ടറാണ്.
2016‑ല്‍ പദ്ധതി ആരംഭിച്ചപ്പോള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെട്ട കാര്‍ഷികവിള 30 ശതമാനമായിരുന്നു. 2017–2018ല്‍ 40 ശതമാനം വിളകള്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. അത് 24 ശതമാനമായി കുറഞ്ഞു. 2018–2019ല്‍ 98 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമി പദ്ധതിയിലുള്‍പ്പെടുത്തുക എന്നതാണ് മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി ബജറ്റില്‍ 13,000 കോടി രൂപ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇത് അപ്രായോഗികമായ ലക്ഷ്യമെന്നാണ് കാര്‍ഷികമേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
ഖാരിഫ് വിളകള്‍ക്ക് മൊത്തം പ്രീമിയത്തിന്റെ രണ്ട് ശതമാനവും റാബി വിളകള്‍ക്ക് 1.5 ശതമാനവും പച്ചക്കറികള്‍ക്ക് അഞ്ച് ശതമാനവും പ്രീമിയം തുക കര്‍ഷകര്‍ നല്‍കണം. ബാക്കിയുള്ള പ്രീമിയം തുല്യമായി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരും നല്‍കണമെന്നാണ് പദ്ധതി രൂപരേഖ പറയുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവമാണ് പദ്ധതി അവതാളത്തിലാകാനുള്ള കാരണമായി കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് യഥാസമയം നല്‍കാത്തതും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നതുമാണ് പ്രതിസന്ധിക്കുള്ള കാരണമായി സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തിസ്ഗഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം പദ്ധതി പരാജയമാണ്. എന്നാല്‍ ബിജെപി ഇതരപാര്‍ട്ടികള്‍ ഭരിക്കുന്ന തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ പ്രയോജനം കര്‍ഷകര്‍ വേണ്ടവിധം ഉപയോഗിച്ചിട്ടുമുണ്ട്.
2017–2018ല്‍ 47.9 ദശലക്ഷം കര്‍ഷകരാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നത്. 2016–2017ലേത് 55.3 ദശലക്ഷം ആയിരുന്നു. ഇക്കുറി 14 ശതമാനം കുറവുണ്ടായി. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നിരസിക്കപ്പെടുന്നതോ കാലതാമസം ഉണ്ടാകുന്നതോ മൂലമാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ വിമുഖത കാണിക്കുന്നത്. എത്രമാത്രം കൃഷി നാശം സംഭവിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന തുകയുടെ അപര്യാപ്തതയും കര്‍ഷകരെ പദ്ധതിയില്‍ നിന്നകറ്റുന്നു.
പലപ്പോഴും നാശനഷ്ടങ്ങള്‍ സംബന്ധിച്ച അപേക്ഷ നല്‍കി ആറ് മാസത്തിനുശേഷമാണ് നഷ്ടപരിഹാരം ലഭിക്കുന്നതെന്ന് മധ്യപ്രദേശിലെ കര്‍ഷകര്‍ പറയുന്നു. 2016–2017ല്‍ പദ്ധതിക്കായി 5,500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതാണ് ഇപ്പോള്‍ 13240 കോടി രൂപയായി വര്‍ധിപ്പിച്ചത്. 98 ദശലക്ഷം ഹെക്ടര്‍ കാര്‍ഷികഭൂമി പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും തുക അനുവദിച്ചത്. എന്നാല്‍ ഇതൊക്കെ അവതാളത്തിലായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കാര്‍ഷികമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പ്രഖ്യാപന പെരുമഴയുമായി മോഡി

ന്യൂഡല്‍ഹി: കര്‍ഷകരെ ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപന പെരുമഴയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെതിരെ കര്‍ഷക സമരങ്ങള്‍ ശക്തിപ്രാപിക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ വാഗ്ദാനങ്ങളുമായി മോഡി രംഗത്തെത്തിയിരിക്കുന്നത്.
കൃഷി ഇറക്കുന്നതിനു ആവശ്യമായ എല്ലാ ചെലവുകളും കണക്കാക്കി ഇതിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങളുടെ താങ്ങുവിലയായി പ്രഖ്യാപിക്കുമെന്നാണ് മോഡിയുടെ പുതിയ വാഗ്ദാനം. അടുത്ത ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനങ്ങളെക്കുറിച്ച് അംബേദ്കര്‍ കണ്ട സ്വപ്‌നങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മോഡി അവകാശപ്പെട്ടു.