29 March 2024, Friday

Related news

March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024
February 23, 2024

വിള ഇന്‍ഷുറന്‍സ് പ്രയോജനം കര്‍ഷകരിലേക്ക് എത്തുന്നില്ല

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2021 9:10 pm

രാജ്യത്ത് കാലാവസ്ഥാ ദുരന്തങ്ങളും കെടുതികളും കൃഷി നാശത്തിന് കാരണമാകുന്നത് പതിവ് കാഴ്ചയാകുമ്പോഴും വിള ഇന്‍ഷുറന്‍സ് പദ്ധതി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ട്.ഓരോ വര്‍ഷവും വരള്‍ച്ചയോ അതിവര്‍ഷമോ വെള്ളപ്പൊക്കമോ മൂലം നാല്പത് ശതമാനത്തിലേറെ കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ വലിയ പ്രചാരണങ്ങളുമുണ്ടായിട്ടും വിള ഇന്‍ഷുറന്‍സിനായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം രാജ്യത്ത് വളരെ കുറവാണ്. ക്ലെയിമുകള്‍ തീര്‍പ്പാക്കാതിരിക്കുന്നതും ദീര്‍ഘമായി വൈകുന്നതും തുക നല്‍കാതിരിക്കുന്നതുമെല്ലാം കര്‍ഷകര്‍ക്കിടയില്‍ വിള ഇന്‍ഷുറന്‍സിനോടുള്ള താല്പര്യം കുറയുവാന്‍ കാരണമായി. 

2018–19 വര്‍ഷത്തില്‍ 26 ശതമാനം പ്രദേശം മാത്രമാണ് കാര്‍ഷിക മേഖലയില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി ഫസല്‍ ബിമ യോജന(പിഎംഎഫ്ബിവൈ) ഉള്‍പ്പെടെയുള്ള പദ്ധതികളുണ്ടായിട്ടും ഇതാണ് സ്ഥിതി. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിലെ വലിയ കാലതാമസവും ചുവപ്പുനാടകളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

കഴിഞ്ഞ വര്‍ഷം വരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ എടുക്കുന്നവര്‍ക്ക് നിര്‍ബന്ധിതമായി വിള ഇന്‍ഷുറന്‍സ് നല്‍കിയിരുന്നു. ചില കര്‍ഷകര്‍ വായ്പ എടുക്കാതെ തന്നെ പ്രത്യേകമായി ഇന്‍ഷുറന്‍സില്‍ പ്രീമിയം അടച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. അങ്ങനെ രജിസ്റ്റര്‍ ചെയ്തവരില്‍ നെല്ല്, കരിമ്പ്, റാഗി, ചോളം, ഉള്‍പ്പെടെയുള്ള വിവിധ വിളകള്‍ കൃഷി ചെയ്യുന്നവരുടെ കാര്യമെടുത്താല്‍, 2018 ല്‍ ഇന്‍ഷുറന്‍സ് തുക ലഭിച്ചിരിക്കുന്നത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ്. റാഗി കൃഷിക്കാരില്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടും തുക ആര്‍ക്കും ലഭിച്ചിട്ടില്ല. കരിമ്പ് കൃഷിക്കാരില്‍ 98.6 ശതമാനത്തിനും നെല്‍കൃഷിക്കാരില്‍ 73.1 ശതമാനത്തിനും ഇന്‍ഷുറന്‍സ് തുക ലഭിച്ചില്ലെന്നാണ് ദ പ്രിന്റ് തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

എന്തുകൊണ്ടാണ് വിള ഇന്‍ഷുറന്‍സ് എടുക്കാത്തത് എന്ന ചോദ്യത്തിന് നാലിലൊന്ന് പേര്‍ നല്‍കിയ ഉത്തരം താല്പര്യമില്ലാത്തതുകൊണ്ട് എന്നായിരുന്നു. ഇന്‍ഷുറന്‍സിനെക്കുറിച്ച് അറിവില്ലെന്ന് പകുതിയോളം പേരും എവിടെ നിന്നാണ് ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് 15 ശതമാനത്തോളം പേരും വ്യക്തമാക്കി. എന്നാല്‍ ഇവര്‍ക്ക് രജിസ്റ്റര്‍ ചെയ്യിക്കാനുള്ള സംവിധാനങ്ങളൊരുക്കിയാലും കൃഷി നശിച്ചതിലൂടെ നഷ്ടമായ തുക കാലതാമസമില്ലാതെ ലഭിക്കുന്ന സ്ഥിതിയുണ്ടായാല്‍ മാത്രമെ കര്‍ഷകരില്‍ ഭൂരിഭാഗം പേരും പദ്ധതിയില്‍ ചേരാന്‍ സന്നദ്ധരാവുകയുള്ളൂ എന്നതും വ്യക്തം. 

Eng­lish Sum­ma­ry : crop insur­ance scheme does­nt reach farmers

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.