Wednesday
21 Aug 2019

ഉല്‍പന്ന സംസ്‌ക്കരണവും മൂല്യ വര്‍ധനവും കര്‍ഷകരുടെ വരുമാന വര്‍ധനവിന്

By: Web Desk | Saturday 22 December 2018 10:08 AM IST


Budgam: Farmers work in a paddy field during the harvesting season of the crop, in Budgam district of central Kashmir, Sunday, September 30, 2018. The yield of this year is better than the last year, as per reports. ( PTI Photo/S Irfan) (PTI9_30_2018_000081B)

വിഷ്ണു എസ് പി
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍
എഫ്‌ഐബി

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ആശയം എപ്രകാരം പ്രായോഗിക തലത്തില്‍ ഫലവത്താക്കാന്‍ പറ്റുമെന്ന നയരൂപീകരണ ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരും കൃഷി വകുപ്പും. പ്രധാനമായും രണ്ട് വഴികളാണ് ഇതിനുള്ളത്. ഒന്ന് ഉല്‍പാദന ചിലവ് ഗണ്യമായി കുറയ്ക്കുക. രണ്ട് ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പു വരുത്തുക. പ്രാദേശികമായ ഉല്‍പാദനോപാധികള്‍ കണ്ടെത്തി കൃഷി നടത്തുക വഴി കര്‍ഷകര്‍ക്കു സ്വന്തമായി ഉല്‍പാദന ചെലവ് കുറച്ചെടുക്കാന്‍ കഴിയും. എന്നാല്‍ പുറമെ നിന്നും ചില സഹായങ്ങള്‍ കൂടി ആവശ്യമായതാണ് രണ്ടാമത്തെ മാര്‍ഗം, എന്നാല്‍ അതിവേഗം വരുമാന വര്‍ധനവ് ഉറപ്പാക്കുകയും ചെയ്യാം. ഈ ഒരു ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷികോല്‍പന്ന സംസ്‌ക്കരണം, മൂല്യവര്‍ധനവ് എന്നിവ സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും മുഖ്യ വിഷയങ്ങളായി കണ്ടു തുടങ്ങിയത്. നാളിതുവരെ ഉല്‍പാദന വര്‍ധനവു മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ തുടങ്ങിയതും ഇതോടെയാണ്. ഉല്‍പാദന വര്‍ധനവിനൊപ്പം സംസ്‌ക്കരണം, മൂല്യ വര്‍ധനവ്, വിപണനം എന്നിവയ്ക്കും തുല്യപ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും രൂപം നല്‍കുവാന്‍ തുടങ്ങി.
മൂല്യ വര്‍ധനവ് എന്തിന് ?
കാര്‍ഷികോല്‍പന്നങ്ങളുടെ പ്രത്യേകത ഏറ്റവും കുറഞ്ഞ സംഭരണ/സൂക്ഷിപ്പു കാലാവധിയാണ്. ഇത് പലപ്പോഴും കര്‍ഷകരെ വിപണിയില്‍ ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്നു. കിട്ടിയ വിലയ്ക്കു മുഴുവന്‍ ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നതിന് കര്‍ഷകര്‍ മിക്കപ്പോഴും നിര്‍ബന്ധിതരാകുന്നു.
വിളവെടുപ്പാനന്തര പരിചരണത്തിലെ പാകപ്പിഴകൊണ്ടും സംസ്‌ക്കരണത്തിലെ കുറവുകൊണ്ടും കനത്ത സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി രാജ്യവ്യാപകമായി നടത്തിയ സര്‍വ്വേ പ്രകാരം പ്രധാന കാര്‍ഷിക ഉല്‍പന്നങ്ങളിലുള്ള വിളവെടുപ്പാനന്തര നഷ്ടം 20 ശതമാനം വരെയാണ്. അതായത് കോടികളുടെ സാമ്പത്തിക നഷ്ടം.
കാര്‍ഷികോല്‍പന്ന സംസ്‌കരണത്തിനും മൂല്യവര്‍ധനവിനും ധാരാളം സാധ്യതകളാണ് നമ്മുടെ നാട്ടിലുളളത്. വിളവെടുപ്പാനന്തര പരിചരണത്തിലും മൂല്യവര്‍ധനവിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു മാത്രമേ വിപണി ഇടപെടലുകള്‍ ഫലവത്തായി നടത്തുവാന്‍ കഴിയുകയുളളൂ. ഈ ഒരു യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തിലാണ് കാര്‍ഷികോല്‍പന്ന സംസ്‌കരണത്തിനും മൂല്യവര്‍ധനവിനും പ്രാധാന്യം കൊടുത്തുകൊണ്ടുളള ഒരു അന്താരാഷ്ട്ര ശില്‍പ്പശാല തന്നെ സംഘടിപ്പിക്കുവാന്‍ 2016-ല്‍ സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും തീരുമാനിച്ചത്.
മൂല്യവര്‍ധനവിന് ഊന്നല്‍ നല്‍കുന്നതുകൊണ്ടുളള ഗുണങ്ങള്‍ പലതാണ്.
1. പിന്നീടുളള ആവശ്യങ്ങള്‍ക്കായി ഭക്ഷ്യസാധനങ്ങള്‍ കരുതിവയ്ക്കാം.
2. മെച്ചപ്പെട്ട വില കര്‍ഷകനു ഉറപ്പുവരുത്താം.
3. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണമുളള ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കാം.
4. ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ പുറന്തളളാം.
പ്രാദേശികമായി ലഭ്യമാകുന്ന ചക്ക ഉള്‍പ്പെടെയുളള ഫലവര്‍ഗങ്ങള്‍, പഴം-പച്ചക്കറികള്‍, നാളികേരം, തേന്‍, ചെറുധാന്യങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ മൂല്യവര്‍ധനവിലൂടെ അഗ്രി ബിസിനസ് മേഖലയില്‍ ഇടം നേടിയെടുക്കാവുന്നവയാണ്. ഒരു ചക്കയില്‍ നിന്നും 1500 രൂപയുടെ ഉല്‍പന്നങ്ങളും ഒരു നാളികേരത്തില്‍ നിന്നും 150 രൂപയുടെ ഉല്‍പന്നങ്ങളും മൂല്യവര്‍ദ്ധനവിലൂടെ നിര്‍മ്മിച്ചെടുക്കാമെന്ന് കര്‍ഷകസംരംഭകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ടെട്രാപാക്ക് ജൂസുകള്‍, കോണ്‍സണ്‍ട്രേറ്റ്‌സ്, കുക്കീസ്, പഴം-പച്ചക്കറികളുടെ കാനിങ്ങ്, പഴങ്ങളുടെ ഓസ്‌മോ ഡ്രൈയിങ്, റിട്ടോര്‍ട്ടിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ഉല്‍പന്നങ്ങള്‍, റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഇനങ്ങള്‍, വാക്വം ഫ്രൈഡ് ഉല്‍പന്നങ്ങള്‍, എക്‌സ്ട്രൂടഡ് ഉല്‍പന്നങ്ങള്‍, സ്‌പ്രേ ഡ്രയിംഗ് ഉല്‍പന്നങ്ങള്‍, ഫ്രീസ് ഡ്രൈഡ് ഉല്‍പന്നങ്ങള്‍ എന്നിവ നാട്ടിനകത്തും പുറത്തും ഒരു പോലെ പ്രിയമേറിവരുന്ന ഭക്ഷ്യവസ്തുക്കളാണ്.
അന്താരാഷ്ട്ര ശില്‍പ്പശാലയും
പ്രദര്‍ശനവും
കാര്‍ഷികോല്‍പന്നങ്ങളുടെ സംസ്‌ക്കരണവും മൂല്യവര്‍ധനവും ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന കൃഷി വകുപ്പ് നടത്തി വരുന്ന അന്താരാഷ്ട്ര ശില്‍പശാലയും പ്രദര്‍ശനവുമാണ് എന്ന പേരില്‍ അറിയപ്പെടുന്നത്. 2016-ല്‍ ആണ് ഇത്തരം ഒരു ആശയം ആദ്യമായി കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഓരോ വര്‍ഷവും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് ശില്‍പശാല സംഘടിപ്പിച്ചു വരുന്നത്. നാളികേരം, നെല്ല്, മൈനര്‍ ഫ്രൂട്ട്‌സ് എന്നിവയുടെ മൂല്യ വര്‍ദ്ധിത സാധ്യതകളായിരുന്നു 2016-ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ആദ്യ ശില്‍പശാലയുടെ മുഖ്യവിഷയങ്ങള്‍. 2017-ല്‍ തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ വച്ചു നടന്ന വൈഗയുടെ പ്രധാന വിഷയങ്ങള്‍ തേന്‍, ചെറുധാന്യങ്ങള്‍, വാഴപ്പഴം എന്നിവയും ആയിരുന്നു. മൂന്നാമത് വൈഗ – അന്താരാഷ്ട്ര ശില്‍പശാലയും പ്രദര്‍ശനവും 2018 ഡിസംബര്‍ 27 മുതല്‍ 30 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. പഴം-പച്ചക്കറികള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, പുഷ്പക്കൃഷി എന്നിവയാണ് ഇത്തവണത്തെ വൈഗയുടെ മുഖ്യ വിഷയങ്ങള്‍. ശില്‍പശാലയില്‍ കാര്‍ഷികോല്‍പന്ന സംസ്‌ക്കരണ – മൂല്യവര്‍ദ്ധന മേഖലയിലെ വിദഗ്ധര്‍, സാങ്കേതിക വിദ്യാദാതാക്കള്‍, സംരംഭകര്‍, ഗവേഷകര്‍ എന്നിവര്‍ പങ്കെടുക്കുകയും വിളവെടുപ്പു മുതല്‍ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പരിചയപ്പെടുത്തുകയും ചെയ്തുവരുന്നുണ്ട്. കയറ്റുമതി സാധ്യതകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, ലൈസന്‍സിംഗ്, പാക്കേജിങ് തുടങ്ങി വിപണന ശൃംഖലയില്‍ സംരംഭകര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പല ഘട്ടങ്ങളും ശില്‍പശാലയില്‍ വിശദമായിത്തന്നെ ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ട്. ശില്‍പശാലയുടെ മറ്റൊരു പ്രത്യേകത യുവ കര്‍ഷക സംഗമവും സംരംഭകത്വ മീറ്റുമാണ്. നവ സംരംഭകര്‍ ഈ മേഖലയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അവരെ അതിന് പ്രാപ്തരാക്കുകയും ചെയ്യുന്നു.
കര്‍ഷകര്‍ക്കൊരു വഴികാട്ടി
കാര്‍ഷിക ഉല്‍പ്പന്ന സംസ്‌കരണത്തിന്റെയും മൂല്യ വര്‍ദ്ധനവിന്റെയും സാധ്യതകളെക്കുറിച്ച് തികച്ചും കര്‍ഷകര്‍ക്ക് ഒരു വഴികാട്ടി തന്നെയാണ് വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത 66 തരം സാങ്കേതിക വിദ്യകളാണ് 2017-ല്‍ തൃശൂര്‍ വച്ച് നടന്ന വൈഗയില്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി കൈമാറപ്പെട്ടത്. വിവിധ ഉല്‍പന്നങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക കാര്‍ഷിക മേഖലകളില്‍ അഗ്രോപാര്‍ക്കുകള്‍ രൂപീകരിക്കുന്നതിന് ആദ്യത്തെ വൈഗയില്‍ തീരുമാനിക്കുകയുണ്ടായി. ഇതു പ്രകാരം തേന്‍-വാഴപ്പഴം അടിസ്ഥാനമാക്കി ആദ്യ അഗ്രോപാര്‍ക്ക് തൃശൂര്‍ ജില്ലയിലെ കണ്ണാറയില്‍ സ്ഥാപിതമാകാന്‍ പോവുകയാണ്. സംരംഭക യൂണിറ്റുകള്‍ സ്വന്തമായി തുടങ്ങുവാന്‍ ബുദ്ധിമുട്ടുള്ള കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സൗകര്യവും, ഇന്‍കുബേഷന്‍ സെന്റര്‍ ഫെസിലിറ്റിയും ഇത്തരം പാര്‍ക്കുകളില്‍ ലഭ്യമായിരിക്കും. കാര്‍ഷിക വ്യവസായ സംരംഭകരാകുവാന്‍ താല്‍പര്യമുളളവര്‍ക്ക് സഹായവുമായി ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ പലയിടങ്ങളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐഐഎസ്ആര്‍-കോഴിക്കോട്, കേരള കാര്‍ഷിക സര്‍വകലാശാല-തൃശൂര്‍, കെസിഎഇടി – തവനൂര്‍, സിഐഎഫ്ടി കൊച്ചി തുടങ്ങിയ സ്ഥാപനങ്ങളില്‍ അതാതു മേഖലയ്ക്കു പ്രാധാന്യം നല്‍കിക്കൊണ്ടുളള ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും എല്ലാവിധ സഹായ സൗകര്യങ്ങളും ഏര്‍പ്പെടുത്തുവാന്‍ സംസ്ഥാന കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ക്ക് വളരെ എളുപ്പം സാധ്യമാകുന്നതാണ്. ആവശ്യത്തിനനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ വിപണിയില്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതാണ് പലപ്പോഴും ഈ മേഖല നേരിടുന്ന ഒരു പ്രതിസന്ധി. അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും നിരന്തരം ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും കര്‍ഷക കൂട്ടായ്മകള്‍ക്ക് പ്രയാസം നേരിടേണ്ടി വരില്ല.
കൃഷി വകുപ്പിന്റെ സാമ്പത്തിക
സഹായം എങ്ങനെ?
മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് കൃഷി വകുപ്പ് സാമ്പത്തിക സഹായം ഉള്‍പ്പെടെ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. കൃഷി വകുപ്പിന്റെ തിരുവനന്തപുരത്ത് ആനയറയില്‍ സ്ഥിതി ചെയ്യുന്ന എസ്എഫ്എസി (സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ്സ് കണ്‍സോര്‍ഷ്യം) എന്ന സ്ഥാപനം മുഖാന്തിരമാണ് സഹായ സഹകരണങ്ങള്‍ ലഭിക്കുക. വ്യക്തിഗത സംരംഭകര്‍, പങ്കാളിത്ത സംരംഭകര്‍, കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പദ്ധതി സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയില്‍ സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തിരിക്കണമെന്നതാണ് വ്യവസ്ഥ. കാരണം ധനസഹായം വായ്പാബന്ധിത സബ്‌സിഡി ആയാണ് ലഭിക്കുക. വായ്പാ കാലാവധിയുടെ അടിസ്ഥാനത്തില്‍, സബ്‌സിഡി വായ്പ അക്കൗണ്ടില്‍ വരവ് വയ്ക്കുന്ന തരത്തില്‍ ബാക്ക് എന്‍ഡസ് സബ്‌സിഡി ആയിരിക്കും. നൂതനമായ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ക്കാണ് പദ്ധതി പരിഗണന ലഭിക്കുക.
പ്രധാനമായും രണ്ട് തരത്തിലുള്ള സംരംഭകയൂണിറ്റുകള്‍ക്കാണ് ധനസഹായം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 25 ലക്ഷം രൂപ വരെ ചെലവു വരുന്ന സൂക്ഷ്മതല കാര്‍ഷികോല്‍പന്ന മൂല്യവര്‍ധന സംരംഭങ്ങളുടെയും 25 ലക്ഷം മുതല്‍ 10 കോടി രൂപ വരെ ചെലവു വരുന്ന ചെറുകിട ഇടത്തരം കാര്‍ഷികോല്‍പന്ന മൂല്യവര്‍ദ്ധന സംരംഭങ്ങളുമാണിവ. സൂക്ഷ്മതല യൂണിറ്റുകള്‍ക്ക് വര്‍ഷാവര്‍ഷങ്ങളില്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി സബ്‌സിഡി ലഭ്യമാകും. ചെറുകിട-ഇടത്തരം യൂണിറ്റുകള്‍ക്ക് കെട്ടിടത്തിനും, സാധന സാമഗ്രികള്‍ക്കും, സാങ്കേതിക വിദ്യയ്ക്കും ചെലവാകുന്ന തുകയുടെ നിശ്ചിത ശതമാനം, മാനദണ്ഡങ്ങള്‍ക്കനുസരിച്ചുളള ധനസഹായമാണ് ലഭിക്കുക.
ധനസഹായം എങ്ങനെ ലഭ്യമാക്കാം?
സംരംഭങ്ങള്‍ തുടങ്ങുവാനാഗ്രഹിക്കുന്നവര്‍ വ്യക്തമായ പദ്ധതിരൂപരേഖ അപേക്ഷാ ഫോറത്തിലും ബാങ്കിന്റെ വായ്പാ അനുമതി പത്രത്തോടുമൊപ്പം കൃഷി വകുപ്പിന്റെ സ്ഥാപനമായ എസ്എഫ്എസി യില്‍ സമര്‍പ്പിക്കേണ്ടതാണ്. വ്യക്തമായ പദ്ധതി രൂപരേഖ സമര്‍പ്പിക്കുന്നതിനുമുമ്പ് സംരംഭകര്‍ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വിപണന സാധ്യത എന്നിവ ഉറപ്പു വരുത്തിയിരിക്കണം. എസ്എഫ്എസി-യുടെ യൂണിറ്റ് പരിശോധന, ഗവേണിംഗ് ബോഡിയുടെ അംഗീകാരം എന്നിവയ്ക്ക് ശേഷം ധനസഹായം മാര്‍ഗ്ഗ രേഖ അനുസരിച്ച് വായ്പ എടുത്ത ബാങ്കിലേക്ക് നല്‍കുന്നതായിരിക്കും. സംരംഭകര്‍ക്ക് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എസ്എഫ്എസിയുടെ വെബ്‌സൈറ്റിലും (ംംം. ളെമരസലൃമഹമ.ീൃഴ) ലഭ്യമാണ്.
കര്‍ഷകരെ കാര്‍ഷിക
സംരംഭകരാക്കുക ലക്ഷ്യം
കൃഷിവകുപ്പിന്റെ നിലവിലുളള പദ്ധതികള്‍ മൂല്യവര്‍ധനവിന് സഹായകരമാകുംവിധം പുനരാവിഷ്‌കരിക്കുവാനും ചെറുകിട-നാമമാത്ര കര്‍ഷകരടങ്ങുന്ന കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ക്ക് ഈ മേഖലയില്‍ പ്രോത്സാഹനവും സഹായവും നല്‍കുവാന്‍ കൃഷിവകുപ്പും സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി സ്ഥിരവരുമാനം കര്‍ഷകര്‍ക്കു ഉറപ്പുവരുത്തുവാനും ധാരാളം ചെറുകിടസംരംഭങ്ങള്‍ തുടങ്ങുവാനും വൈഗ-ശില്‍പശാലയുടെ ഭാവിപദ്ധതികള്‍ ലക്ഷ്യമിടുന്നു. ഇത്തരത്തില്‍ കൃഷിയിടങ്ങളില്‍ത്തന്നെ മൂല്യവര്‍ധനവ് സാധ്യമാക്കുവാനും കര്‍ഷകരെ കാര്‍ഷിക സംരംഭകരാക്കി മാറ്റുവാനും ഇത്തരം മുന്നേറ്റങ്ങള്‍ക്ക് കഴിയുക തന്നെ ചെയ്യും.

Related News