December 2, 2022 Friday

അതിര്‍ത്തി കടന്ന് തീവ്രഹിന്ദുത്വം; അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു

Janayugom Webdesk
September 28, 2022 5:00 am

തത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം രാജ്യാതിർത്തിയും കടന്ന് ഇന്ത്യക്കാരുൾപ്പെടെ ദക്ഷിണേഷ്യൻ പ്രവാസികൾ അധിവസിക്കുന്ന വിദേശ നഗരങ്ങളിലെ സമാധാനാന്തരീക്ഷത്തെ തകർക്കുന്നതായാണ് അവിടങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്തരം അനിഷ്ഠസംഭവങ്ങളുടെ പട്ടികയിൽ ഏറ്റവും പുതുതായി സ്ഥാനം പിടിച്ചിരിക്കുന്നത് വിവിധ മതവിഭാഗങ്ങൾ തികഞ്ഞ സഹവർത്തിത്തത്തോടെ കഴിയുന്നതിന്റെ മാതൃകയായി ബ്രിട്ടീഷ് സമൂഹം ഉയർത്തിക്കാട്ടിയിരുന്ന ലെസ്റ്റർ നഗരത്തിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഉണ്ടായ ഹിന്ദു-മുസ്‌ലിം സംഘർഷമാണ്. സെപ്റ്റംബർ 17 ന് ഇരുനൂറില്പരം, തലയും മുഖവും മറച്ച ചെറുപ്പക്കാർ പടിഞ്ഞാറൻ ലെസ്റ്ററിലെ ഗ്രീൻലൈൻ റോഡിൽ യാതൊരു മുന്നറിയിപ്പുംകൂടാതെ അക്രമാസക്ത പ്രകടനം നടത്തുകയുണ്ടായി. മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങളും അവരുടെ പള്ളികളുമായിരുന്നു അവരുടെ ലക്ഷ്യം. പള്ളികളും വ്യാപാരസ്ഥാപനങ്ങളും വ്യക്തികളും ആക്രമണവിധേയമായി. അതിനെതിരെ മുസ്‌ലിങ്ങളും രംഗത്തുവന്നതോടെ ഉടലെടുത്ത സംഘർഷവും കുഴപ്പവും നിയന്ത്രിക്കാൻ പൊലീസിന് ഏറെ പാടുപെടേണ്ടിവന്നു. എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകളുടെ ഡ്യൂട്ടിക്കായി പൊലീസ് സേനയെ നിയോഗിക്കുക കാരണം അക്രമം നിയന്ത്രിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തേണ്ടിവന്നു. മതിയായ പൊലീസ് സാന്നിധ്യം ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിൽ ആസൂത്രിതമായിരുന്നു അക്രമം. ആക്രമണങ്ങളിൽ പങ്കെടുക്കാൻ പുറത്തുനിന്നും ആളുകളെ സംഘടിപ്പിച്ചതായാണ് പൊലീസ് കരുതുന്നത്.


ഇതുകൂടി വായിക്കൂ:  പ്രതിമകളിൽ പ്രചരിക്കുന്ന വിദ്വേഷ രാഷ്ട്രീയം


ലെസ്റ്റർ സംഭവം ഒറ്റപ്പെട്ട ഒന്നായി കാണാനാവില്ല. വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായ ഇത്തരം ആക്രമണങ്ങളും പ്രകടനങ്ങളും ഇന്ത്യക്കാർ ഉൾപ്പെടെ ദക്ഷിണേഷ്യൻ പ്രവാസികൾ അധിവസിക്കുന്ന യുഎസ്, ഓസ്ട്രേലിയൻ നഗരങ്ങളിലും അടുത്തകാലത്ത് അരങ്ങേറുകയുണ്ടായി. ഡൽഹി ഉപരോധിച്ചുകൊണ്ടുള്ള കർഷക പ്രക്ഷോഭത്തിന്റെ കാലത്ത് ഓസ്ട്രേലിയൻ നഗരമായ മെൽബണിൽ വിദ്വേഷ രാഷ്ട്രീയത്തിന് ഇരകളാകേണ്ടിവന്നത് അവിടത്തെ പ്രവാസി സിഖ് മതക്കാരാണ്. 1984 ൽ ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപത്തോ ടാണ് സംഭവത്തെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ താരതമ്യപ്പെടുത്തിയത്. തുടർന്ന് കലാപങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളെ അവിടത്തെ സർക്കാർ ഇന്ത്യയിലേക്ക് നാടുകടത്തുകയുണ്ടായി. വിശാൽ ജൂഡ് എന്നയാൾക്ക് ഇന്ത്യ യിൽ ലഭിച്ചത് വീരപരിവേഷവും സ്വീകരണവുമായിരുന്നു. യുഎസിലെ ന്യൂജഴ്സിയിൽ ആദി ത്യനാഥിന്റെ ബുൾഡോസർ നീതിയെ പ്രകീർത്തിച്ചു നടത്തിയ ബുൾഡോസർ പ്രകടനം ലക്ഷ്യംവച്ചത് അവിടത്തെ മുസ്‌ലിം പ്രവാസി സമൂഹത്തെയാണ്. ആഗോള തീവ്രഹിന്ദുത്വത്തിന് എതിരെ ബോസ്റ്റണിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതന്മാര്‍ക്കും സാമൂഹിക ഗവേഷകർക്കും തീവ്രഹിന്ദുത്വ പ്രചാരകരുടെ ഭീഷണിയും ഹീനമായ അധിക്ഷേപങ്ങളും നേരിടേണ്ടിവന്നിരുന്നു. ഈ സംഭവങ്ങളെപ്പറ്റിയുള്ള പൊലീസ് അന്വേഷണങ്ങൾ എല്ലാംതന്നെ അവയുടെ ആവർത്തനത്തിനുള്ള സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. കുടിയേറ്റത്തിൽ രണ്ടുകോടിയിലധികം ആളുകളുമായി ലോകത്ത് ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടുതന്നെ എല്ലാത്തരം തീവ്രവാദത്തെയും വിദ്വേഷ രാഷ്ട്രീയത്തെയും അപലപിക്കാനും തിരസ്കരിക്കാനും നമുക്ക് ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഉണ്ട്. ഇന്ത്യൻ പ്രവാസികൾ അവർ പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന സമൂഹങ്ങൾക്കും അവരുടെ സമാധാന ജീവിതത്തിനും ഭീഷണിയായിക്കൂടാ.


ഇതുകൂടി വായിക്കൂ: തിരിച്ചടിയായി മാറുന്ന വിദ്വേഷ രാഷ്ട്രീയം


വിദേശ രാജ്യങ്ങളിൽ വിദ്വേഷ രാഷ്ട്രീയവും മത തീവ്രവാദവും വ്യാപിപ്പിക്കുന്നതിൽ നരേന്ദ്രമോഡി ഭരണകൂടത്തിനുള്ള പങ്കും ഉത്തരവാദിത്തവും നിഷേധിക്കാനാവില്ല. തന്റെ വിദേശയാത്രകളിലുടനീളം തീവ്രഹിന്ദുത്വ ആശയങ്ങളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പ്രത്യേക പ്രാധാന്യം നൽകുന്നു. താൻ ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്റെ സർക്കാരിനെയാണ് നയിക്കുന്നതെന്ന വസ്തുത അദ്ദേഹം ബോധപൂർവം അവഗണിക്കുന്നു. ഇന്ത്യയുടെ വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളെ തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുന്നു. സാധ്വി ഋതംബര പോലുള്ള മത വിദ്വേഷ വിഷം വമിപ്പിക്കുന്ന സന്യാസിനികൾക്കുപോലും ആതിഥ്യം അരുളുകയും അവരുടെ പരിപാടികളുടെ സംഘാടകരായി എംബസികൾ മാറുകയും ചെയ്യുന്നു. യുഎസ് സെനറ്റർമാരടക്കം ആ രാജ്യത്തെ രാഷ്ട്രീയനേതാക്കളുടെ എതിർപ്പിനെ തുടർന്ന് ഋതംബരയുടെ പ്രസംഗപരിപാടി റദ്ദാക്കാൻ യുഎസിലെ ഇന്ത്യൻ എംബസി നിർബന്ധിതമായി എന്നും റിപ്പോർട്ടുണ്ട്. ആഗോള തീവ്രഹിന്ദുത്വം രാജ്യത്തിന്റെ യശസിന് കളങ്കം ഏല്പിക്കുന്നു. അത് പ്രവാസി ഇന്ത്യക്കാരുടെ നിലനില്പിനുതന്നെ പ്രതിബന്ധമായി വളരാൻ അനുവദിച്ചുകൂടാ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.