ഷിബു ടി ജോസഫ്

കോഴിക്കോട്

March 30, 2020, 8:55 pm

അതിര്‍ത്തി അടയ്ക്കല്‍: കേരളത്തോടുള്ള ബിജെപിയുടെ പകപോക്കല്‍

Janayugom Online

അതിർത്തിയടയ്ക്കലിനും കേരള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനും പിന്നിൽ കർണാടക ബിജെപി അധ്യക്ഷന്റെ പിടിവാശി. കേരള- കർണാടക അതിർത്തിയായ തലപ്പാടി ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ലോക്‌സഭാ അംഗവും ബിജെപി കർണാടക പ്രസിഡന്റുമായ നളിൻകുമാർ കട്ടീലിന്റെ നിദ്ദേശപ്രകാരമാണ് കേരള അതിർത്തി പൂർണമായും അടച്ചതെന്ന് കർണാടകത്തിലെ ബിജെപി ഇതര രാഷ്ട്രീയനേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സർവ്വീസുകൾ അതിർത്തിയിൽ തടയുന്നതിനെതിരെ കർണാടകത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അതിർത്തിയിലെ ഗതാഗത തടസ്സത്തെക്കുറിച്ചുള്ള വാർത്തകൾ ദേശീയ തലത്തിൽ ശ്രദ്ധനേടിയതോടെ അതിർത്തി ജില്ലാ ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് കർണാടകയിലെ ബിജെപി സർക്കാർ നിലപാടെടുത്തത്. കേരള-കർണാടക അതിർത്തി ജില്ലയായ ദക്ഷിണ കന്നഡ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ സ്ഥലം എം പിയായ നളിൻ കുമാർ കട്ടീൽ അടക്കമുള്ള ബിജെപി നേതാക്കൾ യാതൊരു കാരണവശാലും കേരള വാഹനങ്ങളെ അതിർത്തി കടത്തേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അതുമൂലമാണ് തലപ്പാടിയിൽ ആംബുലൻസുകൾക്ക് പോലും വിലക്കേർപ്പെടുത്തിയത്.

അതിർത്തി റോഡുകൾ എല്ലാം തന്നെ പൂർണമായും അടച്ചുപൂട്ടാനാണ് കർണാടകയിലെ ബിജെപി സർക്കാർ നിർദ്ദേശംനല്കിയത്. അത് അവിടുത്തെ പ്രാദേശിക ബിജെപി നേതാക്കളുടെ സമ്മർദ്ദഫലമായാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ലോകം മുഴുവൻ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളത്തെ ഒറ്റപ്പെടുത്താനും ഉപദ്രവിക്കാനുമാണ് കർണാടകത്തിലെ ബിജെപിയുടെ ശ്രമം. രാജ്യമൊന്നാകെ കൊറോണ ബാധയ്ക്കെതിരെ ശക്തമായ കരുതലുകൾ സ്വീകരിക്കുമ്പോഴും അവശ്യസർവ്വീസുകളെ തടഞ്ഞുകൊണ്ട് അതിർത്തികൾ പൂർണമായും അടയ്ക്കുന്ന നടപടി ഒരിടത്തും സ്വീകരിച്ചിട്ടില്ല. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം കേരളത്തിനെതിരെയുള്ള നടപടിയെ വിമർശനമുയരുന്നത്. ഏറെ ഭവിഷ്യത്തുകളുണ്ടാക്കുന്ന ഈ നടപടി കേരള മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുപോലും കർണാടക ഭരണകൂടം അനുകൂലമായ നിലപാടുകൾ സ്വീകരിച്ചിട്ടില്ല. കടുത്ത സമ്മർദ്ദങ്ങളെ തുടർന്ന് നിലവിൽ കർണാടക രജിസ്ട്രേഷനുള്ള വാഹനങ്ങളെ മാത്രമാണ് തലപ്പാടിയിലും ബന്ദിപ്പൂരിലും അതിർത്തി കടത്തിവിടാൻ കർണാടക അധികൃതർ തയ്യാറായിട്ടുള്ളത്. കേരള രജിസ്ട്രേഷനുള്ള ഒരു വാഹനത്തെപ്പോലും അതിർത്തിക്കപ്പുറത്തേയ്ക്ക് കടത്തുന്നില്ല.

കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടാത്ത പക്ഷം വരും ദിവസങ്ങലിൽ കർണാടകത്തിന്റെ പിടിവാശി കേരളത്തെ സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. കേന്ദ്രസർക്കാരിന്റെ പരിപൂർണ നിയന്ത്രണത്തിലുള്ള ദേശീയ പാതകൾ അടയ്ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് കർണാടകത്തിലെ ബിജെപി സർക്കാർ കേരളത്തിലേക്കുള്ള ദേശീയ പാതകൾ അടച്ചത്. ചരക്ക് നീക്കവും ചികിത്സാസേവനവും അവശ്യസർവ്വീസുകളുടെ ഗണത്തിൽപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ കേരളത്തോട് രാഷ്ട്രീയമായി പകപോക്കാനുള്ള നീക്കമാണ് കർണാടകത്തിലെ ബിജെപി സർക്കാരും ബിജെപി നേതാക്കളും ശ്രമിക്കുന്നത്. കർണാടകത്തിലെ ബിജെപി സർക്കാരിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളുടെയും കേരളവിരുദ്ധ നീക്കങ്ങൾക്കെതിരെ ചെറുവിരൽ പോലുമനക്കാൻ കേരളത്തിലെ ബിജെപി നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയും ഇതുവരെ ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്റെ പുതിയ സ്ഥാനലബ്ദിപോലും സംസ്ഥാനത്തിന്റെ താൽപര്യത്തിനും ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചില്ലെന്ന വിമർശനം ശക്തമാണ്. കേന്ദ്രമന്ത്രി വി മുരളീധരനും ഇതുവരെ ഇക്കാര്യത്തിൽ കേരളത്തിന് വേണ്ടി ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടില്ല.

Eng­lish Sum­ma­ry: Cross­ing the Bor­ders: BJP’s Revenge on Kerala

You may also like this video