നാടിനെ കണ്ണീരിലാഴ്‌ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമുൾപ്പടെ 241 പേരാണ് മരിച്ചത്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 യാത്രക്കാർക്ക് പുറമേ 5 മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. അന്വേഷണത്തില്‍ ഇനി ഏറ്റവും നിര്‍ണായകമാകുക വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ആണ്. വിമാനാപകടം നടന്നാൽ കേൾക്കുന്ന വാക്കുകളിൽ പ്രധാനമായ ഒന്നാണ് ബ്ലാക്ക് ബോക്സ്. എങ്ങനെ ദുരന്തമുണ്ടായി എന്ന് കണ്ടെത്താൻ പ്രധാനമായി ആശ്രയിക്കുന്ന ഉപകരണമാണ് ബ്ലാക്ക് ബോക്സ്. അഹമ്മദാബാദ് ദുരന്തം നടന്ന സ്ഥലത്ത് നിന്ന് ബ്ലോക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. എന്താണ് ബ്ലാക്ക് ബോക്സ് എന്ന് പരിശോധിക്കാം.
ബ്ലാക്ക് ബോക്സാണ് പേരെങ്കിലും ഓറഞ്ച് നിറത്തിലാണ് ബ്ലാക്ക് ബോക്സ്. അപകടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പെട്ടെന്ന് കണ്ടെത്താനുള്ള സൗകര്യത്തിനാനായാണ് ഇതിന് ഓറഞ്ച് നിറം നൽകിയത്. വിമാനത്തിന്റെ യാത്രയെ കുറിച്ച് നൂറ് കണക്കിന് വിവരങ്ങള്‍ സൂക്ഷിച്ചു വെക്കാന്‍ കഴിയുന്ന മെമ്മറി ചിപ്പുകളാണ് ബ്ലാക്ക് ബോക്‌സില്‍ ഉള്ളത്. അപകടസ്ഥലത്ത് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടി സ്റ്റീല്‍ അല്ലെങ്കില്‍ ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച, ശക്തമായ ലോഹ കവചമാണ് ഇവയ്ക്കുണ്ടാവുക. തീ, വെള്ളം എന്നിവയില്‍ നിന്നും പ്രതിരോധിക്കാനാണിത്. കാരണം അപകടസമയത്ത് പിന്‍ഭാഗത്ത് ആഘാതം കുറവായിരിക്കും എന്നതിനാല്‍ ഇവിടയാണ് ബ്ലാക്ക് ബോക്‌സുകള്‍ സൂക്ഷിക്കുക. ഉയർന്ന താപനില, വെള്ളത്തിൽ മുങ്ങൽ, ആഘാതം എന്നിവയെ അതിജീവിക്കാൻ കഴിയുന്നതായിരിക്കും നിർമ്മാണ രീതി. പ്രധാനമായി രണ്ട് ഘടകങ്ങളാണ് ബ്ലാക് ബോക്സിൽ ഉണ്ടാകുക. റെക്കോഡിങ് സംവിധാനമായ ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും കോക്പിറ്റ് വോയ്സ് റെക്കോഡറും ആണ് പ്രധാന ഭാഗങ്ങൾ. എഫ് ഡി ആറിൽ, വിമാനത്തിന്റെ വേഗത, ഉയരം, എൻജിന്റെ അവസ്ഥ, റഡാർ വിവരങ്ങൾ, കൺട്രോൾ സിസ്റ്റങ്ങളുടെ പ്രവർത്തനം തുടങ്ങിയ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തും. പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ, എഞ്ചിൻ ശബ്ദങ്ങൾ തുടങ്ങിയ കോക്ക്പിറ്റിലെ റേഡിയോ ട്രാൻസ്മിഷനുകളും മറ്റ് ശബ്ദങ്ങളും സിവിആർ രേഖപ്പെടുത്തും. കൂടാതെ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൽ ഉയരം, കാറ്റിന്റെ വേഗത, ഫ്ലൈറ്റ് ഹെഡിംഗ്, ലംബ ത്വരണം, പിച്ച്, റോൾ, ഓട്ടോപൈലറ്റ് സ്റ്റാറ്റസ് തുടങ്ങിയ 80ലധികം വ്യത്യസ്ത തരം വിവരങ്ങളും രേഖപ്പെടുത്തുന്നു. 25 മണിക്കൂറിലേറെയുള്ള വിവരങ്ങൾ റെക്കോർഡ് ചെയ്യും.
വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍, ഉയരം, വേഗത, ദിശ, എഞ്ചിന്‍ പ്രവര്‍ത്തനം, നിയന്ത്രണ ഉപകരണങ്ങളുടെ സ്ഥാനം തുടങ്ങിയ 80ലധികം ഡാറ്റ പോയിന്റുകള്‍ റെക്കോഡ് ചെയ്യുന്നതാണ് ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍. പൈലറ്റുമാരുടെ സംഭാഷണങ്ങള്‍, റേഡിയോ ആശയവിനിമയങ്ങള്‍, മുന്നറിയിപ്പ് ശബ്ദങ്ങള്‍, എന്‍ജിന്‍ ശബ്ദങ്ങള്‍ തുടങ്ങിയ കോക്പിറ്റിലെ ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യുന്ന ഉപകരമാണ് കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍.
ഏകദേശം നാലര കിലോഗ്രാമാണ് ബ്ലാക്ക് ബോക്‌സിന്റെ ഭാരം. നാല് പ്രധാന ഭാഗങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അപകടത്തിൽ കേടുപാട് സംഭവിച്ചാൽ അത് പരിഹരിക്കാനും റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദങ്ങളുടെ പ്ലേബാക്ക് സുഗമമാക്കാനും രൂപകൽപന ചെയ്ത ചേസ്സിസ്, ഒരു അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമിച്ച ‘ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റ്’ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ, ഒരു നാണയത്തേക്കാള്‍ വലിപ്പം കുറഞ്ഞ റെക്കോഡിങ് ചിപ്പുകൾ ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റിന് ഉള്ളിലായി സ്ഥിതിചെയ്യുന്നു.
1930 ല്‍ ഫ്രഞ്ച് എഞ്ചിനിയറായ ഫ്രാങ്കോയിസ് ഹസിനോട്ട് ആണ് ബ്ലാക്ക് ബോക്സ് വികസിപ്പിച്ചെടുത്തതെങ്കിലും 1950 കളുടെ തുടക്കത്തിലാണ് ഇവ ഉത്ഭവിച്ചത്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ആദ്യത്തെ വാണിജ്യ ജെറ്റ് വിമാനമായ ഡി ഹാവിലാൻഡ് കോമറ്റ് നേരിട്ട ആകാശമധ്യേയുള്ള അപകടങ്ങൾ വിശകലനം ചെയ്യുന്നതിനായി 1953 ൽ ഓസ്ട്രേലിയൻ ജെറ്റ് ഇന്ധന വിദഗ്ദ്ധനായ ഡോ. ഡേവിഡ് റൊണാൾഡ് ഡി മേയ് വാറനെ പ്രത്യേക സംഘത്തിന്റെ തലവനായി നിയമിച്ചു. തുടരെത്തുടരെ വിമാന അപകടം നടക്കുന്ന സമയമായിരുന്നു അത്. 1953ൽ കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം തകർന്ന് വീണ് 41 പേർ മരിച്ചു. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഡോ. ഡേവിഡ് റൊണാൾഡ് ഡി മേയ് വാറനെ നിയമിച്ചത്.
1956 ആയപ്പോഴേക്കും, വാറൻ എആർഎൽ ഫ്ലൈറ്റ് മെമ്മറി യൂണിറ്റ് എന്ന പേരിൽ ഒരു പ്രോട്ടോടൈപ്പ് സൃഷ്ടിച്ചു. ഇത് നാല് മണിക്കൂർ വരെ വോയ്‌സ്, ഫ്ലൈറ്റ്-ഇൻസ്ട്രുമെന്റ് ഡാറ്റ റെക്കോർഡ് ചെയ്യാൻ സഹായിച്ചു.1963‑ൽ, രണ്ട് മാരകമായ വ്യോമയാന ദുരന്തങ്ങൾക്ക് ശേഷം, ഫ്ലൈറ്റ് റെക്കോർഡറുകൾ നിർബന്ധമാക്കി. ഓസ്‌ട്രേലിയയായിരുന്നു ആദ്യമായി നടപ്പാക്കിയത്. ബ്ലാക്ക് ബോക്‌സിന്റെ ആദ്യകാലത്ത് വിവരങ്ങൾ ഒരു ലോഹ സ്ട്രിപ്പിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അത് മാഗ്നറ്റിക് ഡ്രൈവുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തു. ഇപ്പോൾ സോളിഡ്-സ്റ്റേറ്റ് മെമ്മറി ചിപ്പുകൾ ഉപയോഗിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.