സോന്‍ഭദ്രയില്‍ ഭൂമി ഉടമാവകാശരേഖകള്‍ കാണാനില്ല

Web Desk
Posted on July 23, 2019, 5:01 pm

സോന്‍ഭദ്ര: ഭൂമി തര്‍ക്കത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്രയില്‍ ഭൂമി ഉടമാവകാശരേഖകള്‍ കാണാനില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. . ഭൂമിയുമായി ബന്ധപ്പെട്ട 1955 ലെ പ്രധാന റവന്യൂരേഖകളാണ് നഷ്ടപ്പെട്ടത്. ഉഫ ‚സപായ്, മുര്‍തിയഎന്നീ ഗ്രാമങ്ങളിലെ ഗ്രാമസഭാ ഭൂമി രേഖകളാണ് ജില്ലാ ഓഫീസില്‍ നിന്നും കാണാതായത്.

1955 ല്‍ കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ച കാലത്താണ് ഭൂമി തര്‍ക്കം ഉണ്ടായതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. 1989വരെ മിര്‍സാപുര്‍ ജില്ലയുടെ ഭാഗമായിരുന്നു സോന്‍ഭദ്രയുടെ ഈ കാലയളവിലെ റവന്യു രേഖകളാണ് കാണാതെ പോയത്. പല രേഖകളും നിശ്ചിത കാലത്തിനുശേഷം നശിപ്പിക്കുമെന്നും അതാകാം സംഭവിച്ചതെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് യോഗേന്ദ്ര ബഹാദൂര്‍ സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേസമയം കേസ് അന്വേഷിക്കാന്‍ നിയോഗിച്ച റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടരി നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യോഗി ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തിന് ഇടയാക്കിയത് മുമ്പ് സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന്റെ നടപടികളാണെന്നാണ് യോഗി ആദിത്യനാഥിന്റെ ആരോപണം. മൂന്നു ഗ്രാമങ്ങളിലെ ഗ്രാമസഭാ ഭൂമി ഒരു സംഘത്തിന് കൈമാറുകയും അതുപിന്നീട് ഗ്രാമത്തലവന്റെ പേരിലാവുകയും ചെയ്തതാണ് അന്വേഷിക്കുന്നത്.