അഭയക്കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി

Web Desk
Posted on September 17, 2019, 10:35 pm

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ ഫാ. തോമസ് എം കോട്ടൂരിനും ഫാ. ജോസ് പുതൃക്കയിലിനുമെതിരെ കേസിലെ സാക്ഷിയുടെ നിര്‍ണായക മൊഴി. ഇരുവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സിസ്റ്റര്‍ അഭയയുടെ അധ്യാപികയായിരുന്ന ത്രേസ്യാമ്മ കോടതിയില്‍ മൊഴി നല്‍കി. വിചാരണ നടക്കുന്ന തിരുവനന്തപുരം സിബിഐ കോടതിയിലെത്തിയാണ് സാക്ഷിയായ പ്രൊഫ. ത്രേസ്യാമ്മ മൊഴി നല്‍കിയത്.
അതിനുശേഷം ത്രേസ്യാമ്മ മാധ്യമങ്ങളോടും പ്രതികരിച്ചു. പ്രതികളായ ഫാ. തോമസ് എം കോട്ടൂരിനും ഫാ. ജോസ് പുതൃക്കയിലിനുമെതിരെ വിദ്യാര്‍ഥിനികള്‍ നേരത്തെയും പരാതി പറഞ്ഞിരുന്നു. പ്രതികള്‍ സ്വഭാവ ദൂഷ്യമുള്ളവരായിരുന്നു. ക്ലാസ് മുറിയില്‍ പ്രതികള്‍ മോശമായി പെരുമാറിയിരുന്നെന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടതായി ത്രേസ്യാമ്മ പറഞ്ഞു. മൊഴിമാറ്റാന്‍ പലഘട്ടത്തിലും പ്രതികളുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായെന്നും അവര്‍ വ്യക്തമാക്കി.

ആദ്യം കാണുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മുഖത്താണ് മുറിവുണ്ടായിരുന്നത് എന്നും ത്രേസ്യാമ്മ ഇന്നലെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. താനും സഹഅധ്യാപികയും കൂടിയാണ് അഭയയുടെ മൃതദേഹം കാണാന്‍ പയസ് ടെന്‍ത് കോണ്‍വെന്റിലേക്ക് ചെന്നത്. കിണറിനു സമീപത്തായിരുന്നു അപ്പോള്‍ മൃതദേഹം. ബെഡ്ഷീറ്റുകൊണ്ട് മൂടിയ നിലയിലായിരുന്നു. കേസില്‍ പ്രതിയായ ജോസ് പുതൃക്കയിലാണ് ബെഡ്ഷീറ്റ് മാറ്റി മൃതദേഹം തങ്ങളെ കാണിച്ചത്. മുഖവും കഴുത്തിന്റെ ഭാഗവുമാണ് കണ്ടത്. മുഖത്ത് മുറിവുണ്ടായിരുന്നു. അത് താന്‍ അന്വേഷണസംഘത്തോടും കോടതിയിലും പറഞ്ഞതായി ത്രേസ്യാമ്മ പറഞ്ഞു.

വൈദികര്‍ക്കെതിരെ മൊഴി നല്‍കിയതിന് തനിക്കെതിരെ പല ആരോപണങ്ങളും പറഞ്ഞിട്ടുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല. താന്‍ അവിവാഹിതയായതുകൊണ്ട് തന്നെ പ്രതിഭാഗത്തിന്റെ ഭീഷണികളെ ഭയമില്ലെന്നും ത്രേ്യസ്യാമ്മ പറഞ്ഞു. കേസിലെ രണ്ട് പ്രതികളെയും കോടതിയില്‍ ത്രേസ്യാമ്മ തിരിച്ചറിഞ്ഞു. കേസിലെ 12-ാം സാക്ഷിയാണ് ഇവര്‍. അതേസമയം കേസില്‍ ത്രേസ്യാമ്മയടക്കം ഇതുവരെ ആറുപേര്‍ അനുകൂല മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ എട്ടാം സാക്ഷിയും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മുന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായിരുന്ന എം എം തോമസ്, ഇരുപതാം സാക്ഷി വര്‍ഗീസ് ചാക്കോ, ഏഴാം സാക്ഷിയായ വേണുഗോപാലന്‍ നായര്‍, അഞ്ചാം സാക്ഷിയായ ഷമീര്‍, രാജു എന്നിവരാണ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയ കേസിലെ മറ്റ് സാക്ഷികള്‍.
കേസിന്റെ വിചാരണ ഇനി ഒക്ടോബര്‍ ഒന്നിന് നടക്കും. വിചാരണ പുരോഗമിക്കുന്ന കേസില്‍ ഇതിനോടകം ആറു സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. തിങ്കളാഴ്ച വിസ്തരിച്ച 53 -ാം സാക്ഷി സിസ്റ്റര്‍ ആനി ജോണും 40 -ാം സാക്ഷി സിസ്റ്റര്‍ സുധീപയുമാണ് അവസാനമായി കൂറുമാറിയ സാക്ഷികള്‍. ഇവരെ കൂടാതെ നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണക്കിടെ കൂറുമാറിയ മറ്റ് സാക്ഷികള്‍.

കേസിന്റെ വിചാരണക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സഞ്ജു പി മാത്യു, സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കെതിരെയാണ് സിബിഐ നിയമനടപടി സ്വീകരിക്കുക.