Web Desk

സീതാമഡി

June 15, 2020, 3:38 pm

നേപ്പാള്‍ സേനയുടെ ക്രൂരത വിവരിച്ച് ദൃക്‌സാക്ഷി

Janayugom Online

ഒന്നുറങ്ങി ഉണര്‍ന്നപ്പോഴേക്കും നേപ്പാള്‍ സൈന്യത്തിന്റെ സ്വഭാവം മാറി മറിഞ്ഞതിനെ ഞെട്ടലോടെയാണ് അതിര്‍ത്തിവാസികള്‍ ഉള്‍ക്കൊണ്ടത്. ഇതുവരെ ഇവര്‍ തങ്ങളോട് ഇത്തരത്തില്‍ ആയിരുന്നില്ല പെരുമാറിയിരുന്നത്. ഇത്തരമൊരു അനുഭവം ഇതാദ്യമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ പോലുമാകാത്ത സ്ഥിതി. ഒരു മണിക്കൂറിനിടെ ഇരുപത് തവണ അവര്‍ വെടിയുതിര്‍ത്തു. ഇതിനിടെയാണ് ഇന്ത്യാക്കാരനായ വികേഷ് യാദവ് എന്ന 22കാരനായ യുവാവ് മരിച്ചതെന്ന് ദൃക്‌സാക്ഷിയായ നികേഷ്‌കുമാര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ നേപ്പാള്‍ സ്വദേശിയായ മരുമകളോട് മകനുമൊത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന ലഗാന്‍ കിഷോറിനെയും മകനെയും നേപ്പാള്‍ സുരക്ഷാ സേന വളഞ്ഞിട്ട് ആക്രമിച്ചു. ലഗാന്‍ കിഷോറിനെ അവര്‍ വലിച്ചിഴച്ച് കൊണ്ടുപോയി.
ഈ മാസം 12ന് നേപ്പാള്‍ സേന പിടികൂടിയ ലഗാന്‍ കിഷോറിനെ പിറ്റേന്ന് തന്നെ വിട്ടയച്ചിരുന്നു. നാട്ടുകാരും സേനയുമായുണ്ടായ തര്‍ക്കത്തിനിടെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചെന്നാണ് സേനയുടെ വിശദീകരണം. എന്നാല്‍ ഇത് ലഗാന്‍ കിഷോര്‍ തള്ളി.

വെടിവയ്പുണ്ടായപ്പോള്‍ താന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഓടി. എന്നാല്‍ വഴി മധ്യേ അവര്‍ തടഞ്ഞു. ക്രൂരമായി മര്‍ദ്ദിച്ചു. എന്നിട്ട് നേപ്പാള്‍ അതിര്‍ത്തിയായ സംഗ്രംപുറിലേക്ക് കൊണ്ടുപോയി. ഈ പ്രദേശത്ത് നിന്നാണ് എന്നെ പിടികൂടിയതെന്ന് ഞാന്‍ പറയണമെന്നും അല്ലെങ്കില്‍ കൊന്നുതള്ളുമെന്ന് ഭീഷണിപ്പെടുത്തിയതായും ലഗാന്‍ കിഷോര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ താമസിക്കുന്ന മിക്കവരും നേപ്പാളില്‍ നിന്ന് വിവാഹം കഴിച്ചവരാണ്. ഇവിടെ നിന്നും നേപ്പാളില്‍ നിന്നും വയലിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറിലെ സമീപ ജില്ലകളില്‍ താമസിക്കുന്നവര്‍ക്ക് അതിര്‍ത്തിയുടെ ഇരുവശവും ബന്ധുക്കള്‍ ഉണ്ട്.

അതിത്തി സുരക്ഷാ സേനയായ സശസ്ത്ര സീമാബല്‍ (എസ്എസ്ബി) നേതൃത്വത്തില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ തങ്ങളുടെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്‌ക്കരിക്കാനുള്ള നേപ്പാളിന്റെ നീക്കമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. അതിര്‍ത്തിയിലുണ്ടായ വെടിവയ്പില്‍ വികേഷ് യാദവ്, ഉമേഷ് റാം, ഉദയ് താക്കൂര്‍ എന്നിവര്‍ക്ക് വെടിയേറ്റിരുന്നു. ഇതില്‍ വികേഷ് ‌യാദവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

 

eng­lish sum­ma­ry: cru­el­ty done by nepal mil­i­tary: explained by an eye witness

YOU MAY ALSO  LIKE THIS VIDEO: