Web Desk

ഹവാന

March 28, 2020, 10:10 pm

ക്യൂബയുടെ ‘അത്ഭുതമരുന്നിൽ’ പ്രതീക്ഷവച്ച് ലോകം

Janayugom Online

ക്യൂബയിലെ ശാസ്ത്ര വിശാരദർ കണ്ടെത്തിയ ഇന്റർഫെറോൺ (inter­fer­on) ഇന്ന് കോറോണയുടെ പിടിയിലായ ലോകജനതയ്ക്ക് അനുഗ്രഹമാകുന്നു. അതൊടൊപ്പം സോഷ്യലിസ്റ്റ് വീക്ഷണത്തോടെയുള്ള ആരോഗ്യ പരിപാലനത്തിന്റെ പ്രസക്തി ഇറ്റലി ഉൾപ്പടെയുള്ള മുതലാളിത്ത രാജ്യങ്ങൾ ഇന്ന് അനുഭവിച്ചറിയുന്നു. ഇതിനുള്ള തെളിവാണ് കോറോണ വ്യാപനം വർധിച്ച 42 രാജ്യങ്ങൾ ചികിത്സക്കായി ക്യൂബയുടെ സഹായം തേടുന്നത്. ക്യൂബൻ ഭരണാധികാരി ആയിരുന്ന ഫിഡൽ കാസ്ട്രോയും അമേരിക്കൻ വൈറോളജി ഗവേഷകനായ ഡോ. ലീ ക്ലാർക്കും തമ്മിൽ 1981ലെ കൂടിക്കാഴ്ച്ചയാണ് ഇന്റർഫെറോൺ ആൽഫ 2 എന്ന മരുന്നിന്റെ കണ്ടുപിടിത്തം യാഥാർഥ്യമാകാനുള്ള കാരണം. ക്യൂബ വികസിപ്പിച്ചെടുത്ത വാക്സിന് മനുഷ്യ കോശങ്ങളെ ബാധിക്കുന്ന വൈറസുകളെ അത്ഭുകരമായ വിധത്തിൽ പ്രതിരോധിക്കാൻ കഴിയും.

ഹവാനയിലെ സെന്റർ ഫോർ ജെനിറ്റിക് എൻജിനിയറിങ് ആന്റ് ബയോ ടെക്നോളജിയിലാണ് ഇന്റർഫെറോൺ ആൽഫ 2 വികസിപ്പിച്ചത്. പിന്നീട് ചൈനയിലെ ഹെബർ ബയോളജിക്കൽ ടെക്നോളജി എന്ന സ്ഥാപനവുമായി ചേർന്നാണ് ആൽഫ 2 വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ചത്. അമേരിക്കൻ ഉപരോധത്തിനിടെ ഇത്തരം ഗവേഷണങ്ങൾക്ക് ആദ്യഘട്ടത്തിൽ ആളും അർത്ഥവും നൽകി ക്യൂബയെ സഹായിച്ചത് റഷ്യ ആയിരുന്നു. 2007ൽ മരുന്ന് വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് സാനിറ്ററി ലൈസൻസും ലഭിച്ചു. പിന്നീട് ഹെപ്പറ്റൈറ്റിസ് ബി സി എന്നീ രോഗങ്ങളുടെ ചികിത്സക്കായി ഇന്റർഫെറോൺ ആൽഫ ടു ഉപയോഗിച്ചു. ചൈനീസ് മെഡിക്കൽ ഇൻഷുറൻസ് കമ്പനികൾ മരുന്നിന്റെ ഉപയോഗത്തിന് അംഗീകാരം നൽകി. മറ്റ് രാജ്യങ്ങൾ ഇന്റർഫെറോൺ ഉപയോഗിച്ചെങ്കിലും ചൈന ക്യൂബൻ സാങ്കേതിക വിദ്യയെ മാത്രം അവലംബിച്ചു. 2019 ലെ കണക്കുകൾ പ്രകാരം ആൽഫ ടു ചൈനയിൽ മാത്രം ഒരു ലക്ഷത്തിലധികം രോഗികളിൽ ഉപയോഗിച്ചു. ഇപ്പോൾ ചൈനയിൽ കൊറോണ ബാധ വർധിച്ചപ്പോഴും ആൽഫ ടു മരുന്ന് വൻതോതിൽ നിർമ്മിക്കാൻ അനുമതി നൽകി. കൊറോണ വ്യാപനം ഉയർത്തിയ പ്രതിസന്ധി ചൈന ഇപ്പോൾ മറികടന്നതും ദ്രവ രൂപത്തിലുള്ള ആൽഫ ടു ഉപയോഗിച്ചാണ്.

ചരിത്രം

ഫിഡൽ കാസ്ട്രോയുടെ ദീർഘവീക്ഷണത്തോടെയുള്ള സമീപനമാണ് ഇന്റർഫെറോൺ ആൽഫാ ടുബിയുടെ കണ്ടുപിടിത്തത്തിൽ എത്തിയത്. ബയോടെക്നോളജിയിലാണ് മാനവരാശിയുടെ ഭാവിയെന്ന അദ്ദേഹത്തിന്റെ വീക്ഷണം ഇന്ന് ലോകത്തിന് അഥവാ മാനരാശിക്ക് വഴിവിളക്കാകുന്നു. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബയോടെക്നോളജിയിൽ ക്യൂബ ഏറെ ഗവേഷണങ്ങൾ നടത്തിയത്. 1981ലാണ് ഹവാനയിൽ ഇതുമായി ബന്ധപ്പെട്ട ഒരു സെന്റർ സ്ഥാപിച്ച് ഇന്റർഫെറോൺ സംബന്ധിച്ച പഠനങ്ങൾ ആരംഭിച്ചത്. അതിനിടെയാണ് ലോകത്തിന് തന്നെ വഴിത്തിരിവായ ഫിഡൽ- ലീക്ലാർക്ക് കൂടിക്കാഴ്ച്ച നടന്നത്.

കാൻസർ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ ഫിഡൽ ക്ലാർക്കിനോട് ചോദിച്ചു. ഇന്റർഫെറോൺ എന്നായിരുന്നു ക്ലാർക്കിന്റെ മറുപടി. പിന്നീട് രണ്ട് ക്യൂബൻ ശാസ്ത്രജ്ഞർ ഇതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾക്കായി ടെക്സസിലെ ക്ലാർക്കിന്റെ പരീക്ഷണ ശാലയിലെത്തി. പിന്നീട് ഇവർക്കൊപ്പം രണ്ട് ഗവേഷകർ കൂടി ചേർന്നു. നാലും പേരും 1972ൽ ആദ്യമായി ഇന്റർഫെറോൺ വേർതിരിച്ച ഹെൽസിങ്കിയിലെ പ്രൊഫസർ കാരി കാന്റെലിന്റെ ലബോറട്ടി സന്ദർശിച്ചു. പിന്നീട് ഇവർ ക്യൂബയിലേയ്ക്ക് മടങ്ങി. ക്യൂബയിലെത്തി ഇവർ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഹവാനയിലെ പരീക്ഷണ ശാലയിൽ രക്തത്തിലെ ശ്വേത രക്ത കോശങ്ങളിൽ നിന്നും ( white blood cel­lls) നിന്നും ഇന്റർഫെറോൺ വേർതിരിച്ചു. 1981 മെയ് 28നായിരുന്നു അത്. പിന്നീട് സാങ്കേതിക വിദ്യയിൽ ഏറെ മുന്നിലുള്ള അമേരിക്കയെക്കാൾ കാര്യക്ഷതയോടെ ഇന്റർഫെറോൺ ക്യൂബയിൽ വേർതിരിച്ചു. പിന്നീട് ബയോസെൻ എന്ന സ്ഥാപനവുമായി ചേർന്നാണ് വൈറസ് രോഗങ്ങൾക്കുള്ള പ്രതിവിധിയായി ഇന്റർഫെറോൺ ആൽഫ ടു ബി കണ്ടെത്തിയത്. 1981ൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ഇന്റർഫെറോൺ ആൽഫ ടു ബി ഫലപ്രദമായി ഉപയോഗിച്ചു. പിന്നീട് 1990ൽ ചെങ്കണ്ണ്( കൺജെക്ടിവൈറ്റിസ്) ചികിത്സക്കും ഉപയോഗിച്ചു. ഇപ്പോൾ അതേ മരുന്ന് കൊറോണ ചികിത്സക്കും ഉപയോഗിക്കുന്നു. ഈ നിമിഷങ്ങളിൽ ദീർഘവീക്ഷണവും വീശ്വമാനവ വീക്ഷണവും വച്ചുപുലർത്തിയ ഫിഡൽ കാസ്ട്രോ എന്ന മനുഷ്യനേയും അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങളേയും മാനവരാശി ഓർക്കുമെന്നുറപ്പ്.