ക്യൂബ വിമാനാപകടം: ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

Web Desk
Posted on May 20, 2018, 9:24 pm

അപകടത്തില്‍പെട്ടത് ഗയാന വ്യോമപാതയില്‍ നിരോധിച്ച വിമാനം

ഹവാന: ക്യൂബയിലെ ഹവാന വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ വിമാനത്തിന്‍റെ ബ്ലാ ക്ക് ബോക്‌സുകള്‍ കണ്ടെത്തി. ഇതോടെ അപകടകാരണം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. 110 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. രക്ഷപ്പെടുത്തിയ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ക്യൂബാന്‍ സര്‍ക്കാരിന്റെ ബോയിങ് 737 വിമാനമാണ് ഹവാനയിലെ ഹൊസെ മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപത്തെ കൃഷിയിടത്തില്‍ തര്‍ന്നുവീണയുടന്‍ വിമാനത്തിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കിഴക്കന്‍ നഗരമായ ഹോള്‍ഗ്വിനിലേക്ക് യാത്ര തിരിച്ച് നിമിഷങ്ങള്‍ക്കകമാണ് വിമാനം തകര്‍ന്നുവീണത്.
അതേസമയം അപകടത്തില്‍പെട്ട വിമാനത്തിന് ഗയാന വ്യോമപാതയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്തില്‍ കയറ്റാവുന്നതിലും അധികം ലഗേജ് കമ്പനി അധികൃതര്‍ അനുവദിച്ചിരുന്നു എന്നും അപകടകരമായ ഇത്തരം യാത്ര തങ്ങളുടെ വ്യോമപാതയില്‍ അനുവദിക്കാനാകില്ലെന്നും അറിയിച്ചാണ് ഗയാന വിമാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
ഹോണ്ടുറാസ് അധിഷ്ടിത വിമാനകമ്പനിയായ ഈസി സ്‌കൈ എന്ന വിമാനകമ്പനി മെക്‌സിക്കോയിലെ ദമോജ് എയര്‍ലൈന്‍സില്‍ നിന്നും ജീവനക്കാരെ ഉള്‍പ്പടെ വാടകയ്ക്ക് എടുത്തിരുന്ന വിമാനമാണ് ഇത്. കരാര്‍ പ്രകാരം കഷ്ടിച്ച് ഒരു മാസം മുന്‍പാണ് വിമാനം മെക്‌സിക്കന്‍ കമ്പനിയില്‍ നിന്നും വാടകയ്ക്ക് എടുത്തതെന്നും ഇതിന്റെ അറ്റകുറ്റപണികളുടെ പൂര്‍ണ ചുമതല മെക്‌സിക്കന്‍ കമ്പനിക്കാണെന്നും ക്യൂബന്‍ ഗതാഗത മന്ത്രി അദേല്‍ സ്‌ക്വിര്‍ഡോ റോഡ്‌റിഗസ് അറിയിച്ചു. കരാര്‍ പ്രകാരം വിമാനം വാങ്ങിയതിന് ശേഷം ഇതുവരെ തകരാര്‍ സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ക്യൂബന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അര്‍മാന്‍ഡോ ഡാനിയല്‍ ലോപസും അറിയിച്ചു.

Pic Cour­tesy: BBC