29 March 2024, Friday

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ക്യൂബന്‍ അംബാസഡര്‍

Janayugom Webdesk
തിരുവനന്തപുരം
July 26, 2022 7:41 pm

കേരളത്തിന്റെ ആരോഗ്യ മേഖലയെ ക്യൂബന്‍ അംബാസഡര്‍ അലഹാന്ദ്രോ സിമന്‍കാസ് മാരിന്‍ അഭിനന്ദിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോവിഡ് മഹാമാരിയെ ക്യൂബ നേരിട്ട വിധം അംബാസഡര്‍ വിവരിച്ചു. പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സഹായിച്ചത്. കേരളത്തിലും പ്രാഥമികാരോഗ്യ തലം ശക്തമാണ്.

കോവിഡ്, നിപ തുടങ്ങിയ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായത് ഇത്തരം ആരോഗ്യ അടിത്തറയാണ്. ആരോഗ്യ രംഗത്ത് സഹകരിക്കാന്‍ പറ്റുന്ന മേഖലയില്‍ സഹകരിക്കും. കുടുംബ ഡോക്ടര്‍ പദ്ധതി, റഫറല്‍ സംവിധാനങ്ങള്‍, വാക്‌സിന്‍, മരുന്ന് ഉല്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹകരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

കോവിഡ്, നിപ, വാനരവസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികളെ കേരളം പ്രതിരോധിക്കുന്ന വിധം മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചു. സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ത്രിതല സംവിധാനത്തിലൂടെയാണ് ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നത്.

ഫീല്‍ഡ്തല പ്രവര്‍ത്തകര്‍ മുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എപ്പോഴും കര്‍മ്മനിരതരായി ആരോഗ്യ മേഖലയ്ക്ക് ഒപ്പം തന്നെയുണ്ട്. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. വേണു രാജാമണി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എസ്എച്ച്എസ്ആര്‍സി എക്‌സിക്യൂട്ടീവ്ഡയറക്ടര്‍ ഡോ. ജിതേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Eng­lish summary;Cuban Ambas­sador appre­ci­ates Ker­ala’s health sector

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.