Web Desk

March 23, 2020, 1:44 pm

കോവിഡ് 19: കരുത്തേകാൻ കമ്യൂണിസ്റ്റ് ക്യൂബയുടെ വെള്ളപ്പട്ടാളം ഇറ്റലിയിലേക്ക്

Janayugom Online

കോവിഡ് പടര്‍ന്നു പിടിച്ച് നാശം വിതച്ച ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ക്യൂബ. ക്യൂബയില്‍ നിന്നും ഇറ്റലിയിലെത്തിയത് 52 ആരോഗ്യപ്രവര്‍ത്തകരടങ്ങുന്ന സംഘമാണ്. ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസ് കേസിലും പരിചയമുള്ളവരാണ് ഡോക്ടര്‍മാരില്‍ മിക്കവരും.

മഹാമാരിയെ തടയുന്നതിനായി കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ നിന്നും പുറപ്പെടുന്ന ആറാമത്തെ ടീമാണിതെന്നും യൂറോപിലേക്കുള്ള ആദ്യത്തെ ടീമാണെന്നും ഒരു ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്‌തു.മാഹാമാരികളെയും ദുരന്തങ്ങളെയും നേരിടുന്നതില്‍ വിദഗ്ധരായ 144 പേരടങ്ങുന്നവരുടെ സംഘം കൊവിഡിനെ നേരിടുന്നതിനായി ശനിയാഴ്ച ജമൈക്കയിലേക്ക് പോയിട്ടുണ്ട്.ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന സംഘത്തില്‍ എഴുപത് ശതമാനവും സ്ത്രീകളാണ്.

1959ലെ വിപ്ലവത്തിനുശേഷം ലോകത്തെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് ‘വെളുത്ത കുപ്പായക്കാരുടെ സൈന്യത്തെ’ രക്ഷാപ്രവർത്തനങ്ങൾക്കായി ക്യൂബ അയയ്ക്കാറുണ്ട്. പ്രധാനമായും ദരിദ്ര രാജ്യങ്ങള്‍ക്കാണു ക്യൂബ സഹായം നൽകുക. 2010ൽ ഹെയ്തിയിൽ കോളറ ബാധിച്ചപ്പോഴും പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള ബാധിച്ചപ്പോഴും അതിനെതിരായ പോരാട്ടത്തിൽ മുന്‍നിരയിൽനിന്നത് ക്യൂബയിൽനിന്നെത്തിയ ‍ഡോക്ടർമാരായിരുന്നു. ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയിലേക്ക് ഇതാദ്യമായാണു ക്യൂബൻ സംഘം എത്തുന്നത്.