November 27, 2022 Sunday

ക്യൂബൻ പാർട്ടി കോൺഗ്രസും നേതൃമാറ്റവും

അബ്ദുൾ ഗഫൂർ
April 22, 2021 3:17 am

ക്യൂബയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി പ്രസിഡന്റ് മിഖ്വേല്‍ ഡയസ് കനേൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 14 അംഗ പോളിറ്റ്ബ്യൂറോയെയും കേന്ദ്രകമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു. ഏപ്രിൽ 16ന് ആരംഭിച്ച ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എട്ടാം കോൺഗ്രസിൽ ആദ്യ ദിവസംതന്നെ നിലവിലെ ഒന്നാം സെക്രട്ടറി റൗൾ കാസ്ട്രോ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്യൂബൻ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ പിൻഗാമിയായി 2006ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായ റൗൾ 2008ൽ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹം 2018ൽ ഒഴിഞ്ഞുവെങ്കിലും പാർട്ടിയുടെചുമതലയിൽ നിന്ന് ഒഴിയുന്നതിന് അടുത്ത പാർട്ടി കോൺഗ്രസ് വരെ കാത്തിരിക്കുകയായിരുന്നു. പ്രസിഡന്റ് പദവിയിൽനിന്ന് ഒഴിഞ്ഞ് പാർട്ടി നേതൃത്വത്തിൽ പ്രവർത്തനം കേന്ദ്രീകരിച്ച റൗൾ അനാരോഗ്യം കാരണം ആ സ്ഥാനത്തുനിന്നും ഒഴിയുമെന്ന് നേരത്തേതന്നെ സൂചനകൾ ഉണ്ടായിരുന്നു. റൗൾ കാസ്ട്രോ പാർട്ടി നേതൃത്വം ഒഴിയുന്ന വാർത്തകൾ ലോക മാധ്യമങ്ങൾ ആഘോഷിച്ചത് കാസ്ട്രോ കുടുംബത്തിന്റെ യുഗം അവസാനിക്കുന്നു എന്ന് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു. ജൈവശാസ്ത്രപരമായി ഫിഡൽ കാസ്ട്രോയുടെ ഇളയസഹോദരനാണ് റൗൾ കാസ്ട്രോ. അതുകൊണ്ടുതന്നെ സാങ്കേതികമായി അതു ശരിയാകാമെങ്കിലും യഥാർത്ഥത്തിൽ ആ പ്രചരണത്തിന് പിന്നിലും ഒരല്പം കമ്മ്യൂണിസ്റ്റ് വിരുദ്ധത ഒളിഞ്ഞുകിടപ്പുണ്ട്.
കാരണം ഫിഡലിന്റെ സഹോദരൻ എന്ന നിലയിലല്ല റൗൾ ഈ സ്ഥാനങ്ങളിൽ എത്തിപ്പെട്ടത്. ഫിഡലിനെ പോലെ തന്നെ വിപ്ലവത്തിന് മുമ്പും ശേഷവുമുള്ള ക്യൂബയിൽ റൗൾ നടത്തിയ രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെ തന്നെയാണ്. കൂടാതെ ഫിഡലിന്റെ മറ്റ് സഹോദരങ്ങൾ ഇവിടെയൊന്നും എത്തിയിട്ടുമില്ല.
വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ ക്യൂബയിലെ വിപ്ലവ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ജീവിത ചരിത്രമുള്ള വ്യക്തിയാണ് റൗൾ. 1932ൽ ജനിച്ച അദ്ദേഹം വിദ്യാർത്ഥിയായിരിക്കേ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗമായ സോഷ്യലിസ്റ്റ് യൂത്തിൽ ചേരുകയും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണോത്സുകമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പോലും റൗൾ പങ്കെടുത്തു. രാജ്യത്തെ വിപ്ലവ പ്രവർത്തനങ്ങളുടെ തുടക്കത്തിൽതന്നെ അതിന്റെ ഭാഗമായിരുന്നു റൗൾ. സ്വേച്ഛാധിപതി ബാറ്റിസ്റ്റയെ പുറത്താക്കുന്നതിന്റെ ഭാഗമായി ജൂലൈ മുന്നേറ്റം എന്നറിയപ്പെടുന്ന 1953ലെ മൊൺകാഡ സൈനിക താവളത്തിന് നേരെ നടന്ന അക്രമത്തിൽ നേതൃത്വപരമായ പങ്കാണ് റൗൾ ഫിഡലിനൊപ്പം വഹിച്ചത്. പരാജയപ്പെട്ടുപോയ ഈ മുന്നേറ്റത്തെതുടർന്ന് 13 വർഷത്തേയ്ക്ക് ശിക്ഷിക്കപ്പെടുകയും 22 മാസം ജയിലിൽ കിടക്കുകയും ചെയ്തു അദ്ദേഹം. പിന്നീട് മെക്സിക്കോയിലേക്ക് നാടുവിട്ടു. 1956ൽ ഗ്രാന്മ കപ്പലിന്റെ ആദ്യ യാത്രയുടെ മുന്നൊരുക്കങ്ങൾക്ക് മെക്സിക്കോയിൽ ഇരുന്ന് നേതൃത്വം വഹിച്ചു. ആ യത്നവും പരാജയമായിരുന്നുവെങ്കിലും പിന്നീട് ഒളിപ്പോർ സംഘത്തെ നയിച്ചുകൊണ്ട് റൗൾ വിപ്ലവ പ്രവർത്തനങ്ങളുടെ മുന്നിൽ ഫിഡലിനൊപ്പം തന്നെയുണ്ടായിരുന്നു. അങ്ങനെ വിപ്ലവപ്രവർത്തനത്തിന്റെ തുടക്കം മുതൽ വിജയകരമായ പരിസമാപ്തി വരെ ഉറച്ചുനിന്ന പോരാളിയായാണ്, അല്ലാതെ ഫിഡലിന്റെ സഹോദരൻ എന്ന നിലയിൽ ആയിരുന്നില്ല റൗൾ കാസ്ട്രോ വിപ്ലവാനന്തര ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപപ്പെടുന്നതിന് മുമ്പുള്ള രാഷ്ട്രീയപാർട്ടികളുടെയും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണത്തിന്റെയും നേതൃത്വത്തിലെത്തുന്നത്. 1965ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ അംഗമായി. പിന്നീട് രണ്ടാം സെക്രട്ടറിയുമായി. ഭരണത്തിൽ വിവിധ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഈ നിലകളിൽ നേതൃപാടവം പ്രകടിപ്പിച്ചതിന് ശേഷമായിരുന്നു കാസ്ട്രോയുടെ വിരമിക്കലിന് ശേഷം അദ്ദേഹം പാർട്ടിയുടെയും ഭരണത്തിന്റെയും മുഖ്യനേതൃത്വത്തിലെത്തിയത്. കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞ അദ്ദേഹം നേരത്തേതന്നെ ഭരണനേതൃത്വം ഒഴിഞ്ഞിരുന്നുവെന്നതും ഇവിടെ പ്രസക്തമാണ്. ഫിഡൽ കാസ്ട്രോയെന്ന വിപ്ലവനായകന്റെ സഹോദരൻ അല്ലെങ്കിൽ കുടുംബത്തിൽ നിന്ന് ഒരു പ്രതിനിധി എന്ന നിലയിലല്ല റൗൾ പാർട്ടി, ഭരണ നേതൃത്വത്തിൽ എത്തിയതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. എന്നിട്ടും റൗളിന്റെ പടിയിറക്കത്തോടെ കാസ്ട്രോ കുടുംബത്തിന്റെ വാഴ്ച എന്ന ധ്വനിയിലുള്ള പ്രയോഗം കമ്മ്യൂണിസ്റ്റ് വിരുദ്ധതയെയാണ് പ്രകടമാക്കുന്നത്.
റൗൾ 2018ൽ ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മിഖ്വേല്‍ ഡയസ് കനേലിനെയാണ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിസ്ഥാനത്തേയ്ക്കും തെരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ വിപ്ലവാനന്തര തലമുറയിൽ നിന്നൊരാൾ രാജ്യത്തിന്റെയും പാർട്ടിയുടെയും മുഖ്യ ചുമതലയിലെത്തിയിരിക്കുകയാണ്. വിപ്ലവപൂർത്തീകരണം നടന്നതിന് ശേഷം 1960 ഏപ്രിലിലാണ് മിഖ്വേൽ ഡയസ് കനേൽ ജനിക്കുന്നത്. ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയായ മിഖ്വേല്‍ ഡയസ് യുവ കമ്മ്യൂണിസ്റ്റ് ലീഗിലൂടെയാണ് (വൈസിഎൽ) കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തുന്നത്. വൈസിഎൽ രണ്ടാം സെക്രട്ടറിയായ അദ്ദേഹം സ്വന്തം പ്രവിശ്യയിലെ പാർട്ടി നേതൃത്വത്തിലും പ്രവർത്തിച്ചു. തുടർന്നാണ് ദേശീയനേതൃത്വത്തിലെത്തുന്നത്. 2003 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ അംഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വൈസ് പ്രസിഡന്റ് തുടങ്ങിയ ഭരണപരമായചുമതലകൾ വഹിച്ച ശേഷമായിരുന്നു 2018ൽ മിഖ്വേല്‍ കനേൽ പ്രസിഡന്റായത്. അതോടൊപ്പം തന്നെ ഭരണത്തെ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലേക്കും മിഖ്വേല്‍ കനേൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റ് ഭരണക്രമത്തിനും മുന്നിലുള്ള വെല്ലുവിളികൾ വളരെ വലുതാണ്. യുഎസ് സാമ്രാജ്യത്വത്തിന്റെ നിരന്തരമായ അതിക്രമങ്ങളും പ്രകോപനങ്ങളും ഉപരോധങ്ങളും നേരിടുന്നതോടൊപ്പം രാജ്യത്തെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ മാറ്റിമറിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥ കോട്ടമില്ലാതെ തുടരുകയെന്നതും ആ വെല്ലുവിളികളിൽ ഉൾപ്പെടുന്നുണ്ട്. ആഗോള മാതൃകകളായിരുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങൾ തകർന്നുപോയപ്പോഴും അതിജീവിച്ച രാജ്യമായിരുന്നു ക്യൂബ. അതിനെ സംരക്ഷിച്ചു നിർത്തുവാൻ വിപ്ലവാനന്തര തലമുറയിൽപ്പെട്ട ഒരു നേതൃത്വത്തിന് സാധിക്കുമോയെന്ന ആശങ്കകൾ സ്വാഭാവികമാണ്.
പക്ഷേ, പ്രസിഡന്റ് സ്ഥാനത്ത് മൂന്ന് വർഷമായി പ്രവർത്തിക്കുന്ന മിഖ്വേല്‍ കനേൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗം പ്രസ്തുത ആശങ്ക അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എട്ടാം കോൺഗ്രസിന്റെ സമാപനം കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 300 പ്രതിനിധികളായിരുന്നു നാലുദിവസം നീണ്ട പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. മിഖ്വേല്‍ കനേല്‍ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം സംസാരിച്ച റൗൾ പുതിയനേതൃത്വത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ് പങ്കുവച്ചത്. നീതിപൂർവകമായ തെരഞ്ഞെടുപ്പാണ് നേതൃത്വത്തെ സംബന്ധിച്ച് പാർട്ടികോൺഗ്രസ് നടത്തിയതെന്ന് റൗൾ പറഞ്ഞു. രാജ്യത്തെയും പാര്‍ട്ടിയെയും നയിക്കാന്‍ പ്രാപ്തിയുള്ള യുവവിപ്ലവകാരിയാണ് പാർട്ടിയുടെ നേതൃത്വത്തിലെത്തിയ മിഖ്വേൽ. രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ മൂന്നുവര്‍ഷം പാര്‍ട്ടി, സര്‍ക്കാർ, സംസ്ഥാനങ്ങള്‍ എന്നിവയ്ക്കിടയില്‍ ദൃഢമായ ബന്ധം രൂപപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയെകുറിച്ച് ആത്മവിശ്വാസമുണ്ടെന്നു പറഞ്ഞ റൗൾ തന്റെ പ്രവർത്തനം തുടരുമെന്നും അവസാനഘട്ടം വരെ രാജ്യത്തിനുവേണ്ടിതന്നെ പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചു.
അവയോട് നീതിപുലർത്തുന്നതും പ്രതീക്ഷ നല്കുന്നതുമായിരുന്നു മിഖ്വേല്‍ കനേലിന്റെ വാക്കുകൾ. യുഎസിൽ നിന്ന് 90 മൈൽ (144.84 കിലോമീറ്റർ ) ദൂരത്തു സ്ഥിതി ചെയ്യുന്ന ക്യൂബയിലെ സോഷ്യലിസ്റ്റ് വിപ്ലവം ഉറച്ചതും സജീവവുമായി തുടരുമെന്ന് വ്യക്തമാക്കിയായിരുന്നു പാർട്ടി കോൺഗ്രസിലെ തന്റെ പ്രസംഗം അദ്ദേഹം തുടങ്ങിയത്. രാജ്യത്തിന്റെ വിപ്ലവപ്രക്രിയയുടെ തുടർച്ചയിൽ നാഴികക്കല്ലായിരിക്കും എട്ടാം പാർട്ടികോൺഗ്രസ്. സ്ഥാനമൊഴിയുന്ന ഒന്നാം സെക്രട്ടറി റൗൾ കാസ്ട്രോയുടെ ചരിത്രവും പ്രവർത്തനങ്ങളും പ്രശംസനീയമാണ്. തന്ത്രപരമായ ഏത് തീരുമാനമെടുക്കുമ്പോഴും അദ്ദേഹം ഉൾപ്പെടെയുള്ള പൂർവസൂരികളുടെ അഭിപ്രായം തേടും. താൻ ഏറ്റെടുക്കുന്നത് കുറച്ച് ഉത്തരവാദിത്തങ്ങളും ചുമതലകളുമല്ല ധീരത ആവശ്യമുള്ളതും ഭീമവുമായ ജോലിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക ക്യൂബയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, വാണിജ്യ ഉപരോധങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തിപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ ഈ ഉപരോധം വലിയ തടസമാകുന്നുണ്ടെന്ന കാര്യത്തോട് ആരും വിയോജിക്കില്ല. ആഗോള ഭീകരതയെ പിന്തുണയ്ക്കുന്ന ദ്വീപ് എന്ന പേരിൽ കരിമ്പട്ടികയിൽപ്പെടുത്തി ക്യൂബയ്ക്കെതിരെ ട്രംപ് ഭരണകൂടം നടപ്പിലാക്കിയ 240 ഓളം നടപടികൾ ഇപ്പോഴും പ്രാബല്യത്തിലാണ്. ക്യൂബയെ തകര്‍ക്കുവാനും ആശയക്കുഴപ്പമുണ്ടാക്കുന്നതിനും യുഎസ് ആസ്ഥാനമായുളള വിവിധ ഏജൻസികൾ നിരന്തരം നടത്തുന്ന ശ്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിപ്ലവത്തെ പ്രതിഫലിപ്പിക്കുന്ന ശക്തിയാണ് പാർട്ടി. വ്യാപാരമേഖലയിലെ പ്രശ്നങ്ങൾ, അമിത ചെലവുകൾ, വിഭവങ്ങൾക്കുമേലുള്ള നിയന്ത്രണത്തിലെ ദുർബ്ബലത എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും സാമൂഹ്യനേട്ടങ്ങൾ നിരവധി കൈവരിക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ക്യൂബൻ വിപ്ലവത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും മാനവികതയും കോവിഡ് 19 മഹാമാരി പോലുള്ള പ്രതിസന്ധികളെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന പാഠം ലോകത്തിന് നല്കിയെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഫിഡലിന്റെ തലമുറ പുതിയ തലമുറയെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ വിപ്ലവപ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാക്കുവാൻ സാധിക്കും. അമേരിക്കയിലെ വിവിധ സർക്കാരുകളുടെ അതിക്രമങ്ങൾക്കും ഉപദ്രവങ്ങൾക്കും ഇടയിൽ വിപ്ലവപ്രക്രിയയിലൂടെ സാമൂഹ്യനീതി, സ്വാതന്ത്ര്യം, പരമാധികാരം എന്നിവയിലേക്ക് രാജ്യത്തെ മാറ്റുന്നതിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തീർച്ചയായും വിപ്ലവാനന്തര തലമുറയിലെ പ്രതിനിധിയായിട്ടാണ് പ്രസിഡന്റായ മിഖ്വേല്‍ കനേൽ പാർട്ടിയുടെ മുഖ്യ ചുമതലയിലേക്ക് എത്തുന്നത്. കാസ്ട്രോയ്ക്കും റൗളിനും ഒപ്പമുള്ള പ്രവർത്തനപരിചയവും വിപ്ലവപാരമ്പര്യങ്ങളും ഉൾക്കൊണ്ടും രാജ്യത്തെയും ലോകത്തെയും നിലവിലെ സാഹചര്യങ്ങൾ മനസിലാക്കിയും ക്യൂബയെ നയിക്കുകയെന്ന ദൗത്യമാണ് മിഖ്വേല്‍ കനേൽ ഏറ്റെടുത്തിരിക്കുന്നത്. ക്യ‌ൂബയിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രസിഡന്റ് പദവി വഹിച്ചുകൊണ്ട് വിപ്ലവപാതയിൽ നിന്ന് വ്യതിചലിക്കില്ലെന്ന സൂചന നല്കിയാണ് അദ്ദേഹം രാജ്യത്തെ നയിച്ചത്. തീർച്ചയായും ക്യൂബയെ സംരക്ഷിച്ചുനിർത്തുക എന്നതിനൊപ്പം ഇപ്പോഴത്തെ കാലത്ത് ആഗോള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ നയിക്കുകയെന്ന വലിയ ചുമതലകൂടിയാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയെന്ന പദവിയിലെത്തുക വഴി മിഖ്വേല്‍ കനേൽ ഏറ്റെടുത്തിരിക്കുന്നത്. അത് അത്രമേൽ നിറവേറ്റാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.