അമ്മയുടെ കൈപ്പുണ്യം പഴയ രുചികൂട്ടില്‍ നഗരവാസികള്‍ക്ക് നല്കാന്‍ കുക്കോം

ആര്‍ ഗോപകുമാര്‍

കൊച്ചി

Posted on January 28, 2020, 6:06 pm

പ്ലാസ്റ്റിക്ക് കണ്ടെയ്‌നര്‍ ഉപയോഗിക്കാതെ സ്ത്രീകള്‍ വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം കൊച്ചി നഗരത്തിന്റെ മുക്കിലും മൂലയിലും ആപ്പിന്റെ സഹായത്തോടെ വിതരണം നടത്താന്‍ സ്വകാര്യ കമ്പനി തയ്യാറെടുക്കുന്നു. കുക്ക് ഫ്രം ഹോം അല്ലെങ്കില്‍ കുക്ക് ഫ്രം മോം എന്ന ബ്രാന്‍ഡ് കുക്കോം എന്ന ആപ്പിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. മന്‍സൂര്‍, സതീഷ്‌കുമാര്‍, ഷമീം എന്നീ മൂന്ന് ചെറുപ്പക്കാരാണ് സംരംഭത്തിന് പിന്നില്‍. കുക്കോമിന്റെ പ്രചാരണത്തിനായി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഗായകന്‍ ബിജുനാരായണന്റെ മത്സരപദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇന്ത്യ- ബ്രിട്ടന്‍ സംയുക്ത സംരംഭമായ കമ്പനി പുറത്തിറക്കുന്ന മണ്ണോട് അലിയുന്ന കണ്ടെയ്‌നറിലാണ് ഭക്ഷണം നല്‍കുന്നത്. ഈ കണ്ടെയ്‌നറുകള്‍ മൈക്രോവേവ് ഓവനിലും ഉപയോഗിക്കാന്‍ കഴിയും. തുടക്കത്തില്‍ എറണാകുളം നഗരാതിര്‍ത്തി കളമശേരി, കാക്കനാട്, പനമ്പിള്ളിനഗര്‍, അരൂര്‍ മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ ഭക്ഷണവിതരണം നടക്കും. ആദ്യഘട്ടത്തില്‍ 45 പേരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. 35 ഊണ് ഒരു വീട്ടില്‍ നിന്നും സ്വീകരിക്കും. ഭക്ഷണം കൊണ്ടുവന്ന് തരുന്നതിന് കൂലി ഈടാക്കുന്നതല്ല.

ഒരുമാസം തുടര്‍ച്ചയായി ഭക്ഷണം വാങ്ങിയാല്‍ വിലക്കിഴിവ് ഉണ്ടായിരിക്കും. 14 പേര്‍ക്ക് ഭക്ഷണം വാങ്ങിയാല്‍ 20 ശതമാനം കിഴിവ്, 30 പേര്‍ക്ക് ഭക്ഷണം വാങ്ങിയാല്‍ 25 ശതമാനം കിഴിവ് എന്നിങ്ങനെ ഇളവുകളും നല്‍കും. കമ്പോളത്തില്‍ നിന്നും വാങ്ങി പൊടിച്ചെടുത്ത കറിപ്പൊടികള്‍, സ്വന്തമായി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ എന്നിവയാണ് പാചകത്തിനായി ഉപയോഗിക്കുക.

80 കളില്‍ വീടുകളില്‍ ഉണ്ടായിരുന്ന രുചിക്കൂട്ടുകളുടെ തിരിച്ചുവരവാണ് കുക്കോം ലക്ഷ്യമിടുന്നത്. പുത്തന്‍ ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരത്തില്‍ നിന്നും പഴമയുടെ രുചിയിലേയ്ക്ക് ഒരു മടക്കയാത്രയാണ് സതീഷ്‌കുമാര്‍, മന്‍സൂര്‍, ഷമീം എന്നീ മൂന്ന് പേരുടെ നേതൃത്വത്തിലുള്ള സംരംഭം ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഉച്ച ഭക്ഷണമാണ് ലഭിക്കുക. വരുംദിവസങ്ങളില്‍ പ്രഭാതഭക്ഷണം അടക്കം വാങ്ങുന്നതിനുള്ള സൗകര്യം ആപ്പിലുണ്ടാകുമെന്നും അവര്‍ പറഞ്ഞു.